മുസ്ലിം ആവാൻ തീരുമാനിച്ചത് ഇന്നലെയല്ല; കമൽസി നജ്മലിന്‍റെ ആദ്യ അഭിമുഖം-Exclusive

By on

ഇന്നലെയാണല്ലോ (3-10-18) ഇസ്ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്നലെ എടുത്ത ഒരു തീരുമാനമല്ല ഇത് എന്ന് മുൻപുള്ള അഭിപ്രായങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എപ്പോഴാണ് മുസ്ലിം ആകുന്നതിനെക്കുറിച്ച് ചിന്തിച്ചത്?

സ്വാഭാവികമായും ഇന്ത്യൻ മുസ്ലീങ്ങൾ അനുഭവിക്കുന്ന ഒരു പ്രശ്നമുണ്ടല്ലോ. ബാബ്റി മസ്ജിദ് തകർക്കലിന് ശേഷം അനുഭവിച്ചിട്ടുള്ള നമുക്കൊക്കെ അറിയാവുന്ന, ഹെെന്ദവ ഫാഷിസ്റ്റുകളിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി, അതേ സമയം തന്നെ സെക്കുലറിസ്റ്റുകൾ എന്ന് വിളിക്കുന്ന ആളുകൾക്ക് അവരോടുള്ള മനോഭാവം അങ്ങനെ ഇത് നിരന്തരം പല പല സന്ദർഭങ്ങളിൽ സംഭവിക്കുന്നത് ഞാൻ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു വർഷമായി എനിക്ക് ഇസ്ലാമിലേക്ക് എെക്യപ്പെടണം അല്ലെങ്കിൽ ഇസ്ലാമിലേക്ക് പോകണം എന്നൊരു ആ​ഗ്രഹമുണ്ടായിരുന്നു. പിന്നെയും അത് വേറൊരു തരത്തിൽ കേരളത്തിലെ ഒരു പശ്ചാത്തലത്തിൽ പല പല കാര്യങ്ങൾ കൊണ്ട് മനസ്സ് ഉറയ്ക്കാതെ നീണ്ട് നീണ്ട് പോകുകയായിരുന്നു. ഹാദിയയുടെ വിഷയത്തിലാണ് ഞാൻ ഇസ്ലാമിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നു എന്ന തരത്തിൽ ഇസ്ലാമിക സുഹൃത്തുക്കളോട് പറയുന്നത്. ആ സമയത്ത് അവർ അത് കുറച്ചുകൂടെയൊക്കെ ആലോചിക്കണം നമുക്ക് സമയമെടുക്കാം കാത്തിരിക്കൂ എന്ന തരത്തിൽ സംസാരിച്ചിരുന്നു.

അങ്ങനെ ഞാൻ കുറച്ചുകൂടി കാത്തിരിക്കുന്നതിനിടയിലാണ് നജ്മൽ ബാബുവിന്റെ സംഭവമുണ്ടാകുന്നത്. നജ്മൽ ബാബുവിനോട് മുസ്ലിമായി മരിക്കാൻ കഴിയില്ല എന്ന് പറയുന്ന ഒരു വലിയ അവസ്ഥ അത് നേരത്തെ ഉണ്ടായിട്ടുണ്ട്. പക്ഷേ നജ്മൽ ബാബുവിനെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഉടനീളം വിപ്ലവകാരികളായിട്ടുള്ളവരും യാഥാസ്ഥിതികരായിട്ടുള്ളവരും അങ്ങനെ ആരൊക്കെയുണ്ടോ അവരുടെയൊക്കെ സൗഹൃദവലയം ഉള്ളൊരു മനുഷ്യനായിരുന്നു. അത്രയും ആർദ്രതയോടുകൂടി മനുഷ്യരോട് ഇടപെടുകയും ഒക്കെ ചെയ്യുന്ന സമയത്ത്, വിപ്ലവകാരി ഒക്കെ ആയിരുന്ന… നമ്മുടെയൊരു പ്രശ്നമെന്ന് പറയുന്നത്, ഒരു കാരണവശാലും ഒരു മുസ്ലിം വിപ്ലവകാരി ആകില്ല. അല്ലെങ്കിൽ ​ആ ഒരു ബോധം ചുറ്റുമുള്ള സുഹൃത്തുക്കൾക്ക് പോലും ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് സത്യത്തിൽ നജ്മൽ ബാബുവിന് മുസ്ലീം ആയി മരിക്കാനുള്ള ആ​ഗ്രഹം നിറവേറ്റപ്പെടാതെ പോയത്. അദ്ദേഹം ആ​ഗ്രഹിച്ചത് നടത്തിക്കൊടുക്കുവാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഉണ്ടായിരുന്നു അപ്പോൾ മുൻകൂട്ടി തന്നെ അത്തരം കാര്യങ്ങൾ ആലോചിക്കണമായിരുന്നു. ഇത് വളരെ വെെകി ശരീരം എന്ത് ചെയ്യണം എന്ന് ആലോചിക്കുന്ന സമയത്താണ് തർക്കം രൂപപ്പെടുന്നത്. അതിന് മുമ്പ് തന്നെ പൊതു ദർശനത്തിന് വയ്ക്കുന്ന സമയത്തൊക്കെ വേണമെങ്കിൽ ഇതിന്റെ നിയമപരമായ കാര്യങ്ങൾ അന്വേഷിച്ച് ഓർഡർ വാങ്ങിക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ കിടന്ന് വർക്ക് ചെയ്തത് ബന്ധുക്കൾക്ക് ആണല്ലോ അതിനൊക്കെയുള്ള അവകാശം എന്നാണ്. അത് സത്യത്തിൽ ബന്ധുക്കൾക്ക് ആണ് എന്നതുകൊണ്ടല്ല അവർ മരണത്തിന് ശേഷം നജ്മൽ ബാബുവിനെ ഒരു മുസ്ലീമായി കാണാൻ ആ​ഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ്. ഒരു വിപ്ലവകാരിയായി കാണാനോ ഒരു നല്ല സുഹൃത്തായി കാണാനോ ആണ് അവർ ആ​ഗ്രഹിക്കുന്നത്. ആ ഒരു അബോധം മനസ്സിൽ കിടക്കുന്നത് കൊണ്ട് കാര്യമായി അവിടെ ഇടപെടാൻ പറ്റിയില്ല. അവിടെ ആകെ ശബ്ദമുണ്ടാക്കിയത് മുസ്ലിം സംഘടനകൾ മാത്രമാണ്. ഒരു മുസ്ലിം സംഘടന പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയൊക്കെ ചെയ്തു. അല്ലാതെ ആരുടെയും വലിയ ഇടപെടൽ ഉണ്ടായിട്ടില്ല ഒന്നോ രണ്ടോ ആളുകൾ ശ്രമങ്ങൾ നടത്തിനോക്കി. ഞാനവിടെ പോയിരുന്നില്ല. എനിക്ക് വലിയ അടുപ്പം നജ്മൽ ബാബുവുമായി ഉണ്ടായിരുന്നില്ല ചെറിയ അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇത് സംഭവിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അറിയാവുന്ന പരമാവധി ആളുകളെ വിളിച്ച് ഈ കാര്യത്തിൽ ഇടപെടണം എന്ന് സംസാരിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ ഭയങ്കര ദയനീയമായി പിന്മാറുക, അതെന്താണവരെ പ്രേരിപ്പിച്ചത് എന്ന് അറിയില്ല. എന്തുകൊണ്ടാണ് യുക്തിവാദിയായ ചേട്ടൻമാർക്ക് പള്ളിയിൽപോയി അതിൽ പങ്കെടുത്ത് നജ്മൽ ബാബുവിന്റെ ആ​ഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കാതിരുന്നത്? യുക്തിവാദം എന്ന് പറയുന്നത് തന്നെ യാതൊരു യുക്തിയുമില്ലാത്ത വാദമാണ്. മനുഷ്യരുടെ സംസ്കാരങ്ങളെ അളക്കുമ്പോഴോ ജീവിതത്തെ അളക്കുമ്പോഴോ ഒന്നും യാതൊരു വിധത്തിലുള്ള യുക്തിയുമില്ല ആകെയുള്ളത് ശാസ്ത്രത്തിന്റെ ചില യുക്തികൾ മാത്രമാണ്. അതേ സമയത്ത് തന്നെ എന്താ സംഭവിക്കുന്നത്, നമ്മുടെ നാട്ടിലെ യുക്തിവാദികൾ പോലും മികച്ച മതം ഹിന്ദുമതം ആണെന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ട്. ഇസ്ലാമിനേക്കാൾ മികച്ച മതം ഹിന്ദുമതം തന്നെയാണ്, ഇസ്ലാം കുറേക്കൂടെ പ്രശ്നം പിടിച്ച മതം ആണെന്ന ചിന്ത. അങ്ങനെ ആ തരത്തിൽ ഹെെന്ദവ ഫാസിസ്റ്റുകൾക്ക് അനുകൂലമായിക്കൊണ്ട് ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കാനാണ് മാർക്സിസ്റ്റുകളാണെങ്കിലും മാവോയിസ്റ്റുകളാണെങ്കിലും ഈ പറയുന്ന മനുഷ്യാവകാശ പ്രവർത്തകരാണെങ്കിലും ഒക്കെയും ബോധപൂർവ്വമോ അബോധപൂർവ്വമോ മുസ്ലിം വിഷയം വരുമ്പോൾ, അത് എടുത്ത് പറയണം, മുസ്ലിം വിഷയം വരുമ്പോൾ, ഇവർക്ക് മറ്റുവിഷയങ്ങളിലൊന്നും ഈ അബദ്ധം പറ്റാറില്ല അതിലെല്ലാം കൃത്യമായ നിലപാടുണ്ട്. നമ്മൾ ചോദിച്ചുകഴിഞ്ഞാൽ അവർ പറയും അത് ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റിയില്ല എന്ന് പറയും പക്ഷേ അവരുടെ വേറെയേതെങ്കിലും സമരത്തിൽ അവർക്ക് സോറി പറയേണ്ടി വന്നിട്ടില്ല നമ്മളോട്.

പിടിച്ചുകൊണ്ടുപോയി കത്തിച്ചുകളയുക എന്ന് പറയുന്നത് അനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിച്ചില്ലെങ്കിലും ഹെെന്ദവ രീതി തന്നെയാണല്ലോ. അവരത് തന്നെ ചെയ്യുന്നു. അവർക്ക് അതേ ചെയ്യാനുള്ളൂ. അവർ ഹിന്ദുക്കളാണ് എന്നുള്ളത് കൊണ്ടാണ് അത് സംഭവിക്കുന്നത്.

ഹാദിയ ഇസ്ലാം മതം സ്വീകരിച്ചത് 2013ലാണ്. വിവാഹം ചെയ്തത് 2016ലും. അത്രയും ഒരിടവേളയുണ്ട്. ആ ഇടവേള പോലും കണക്കിലെടുക്കാതെയാണ് സെക്കുലർ ക്രൗഡ് ഹാദിയയെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറ്റിയതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്.  ഒട്ടും വ്യക്തതയില്ലാത്ത നോട്ടത്തിലാണ്, കമലിന്‍റെ കാര്യത്തിലായാലും പലരും പറയുന്നത് കാണുന്നു പെട്ടെന്ന് ഒരാൾ എങ്ങനെയാണ് മുസ്ലീം ആകുന്നത്, പെട്ടെന്നങ്ങനെ പറ്റുമോ എന്ന് പല സ്ഥലങ്ങളിൽ നിന്നായി ചോദ്യങ്ങളുയരുന്നത് കാണുന്നുണ്ട്.ഇത്തരത്തിൽ ഒരു ചർച്ചയുണ്ട്. അതിനെക്കുറിച്ചും മുന്നോട്ടുള്ളൊരു ജീവിതത്തെ കുറിച്ച് എന്തൊക്കെയാണ് തോന്നുന്നത്?

ഹാദിയയുടെ വിഷയത്തിൽ സമീപകാലത്ത് തോന്നിയിട്ടുള്ള ഒരു പ്രശ്നം ഉണ്ട്. സമീപകാലത്ത് സുപ്രീം കോടതിയുടെ മൂന്ന് വിധികൾ വന്നിരുന്നു, മൂന്ന് വിധികൾ വളരെ വിപ്ലവകരമായ വിധികൾ എന്ന് വിലയിരുത്തി. വളരെ പുരോ​ഗമന സ്വഭാവമുള്ള വിധികളുമായിരുന്നു. പക്ഷേ അവിടെയുള്ളൊരു പ്രശ്നം ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യമോ സമത്വമോ വളരെ കൃത്യമായി കീറിമുറിച്ച് ശബരിമല വിഷയത്തിലും കുടുംബബാഹ്യമായ ബന്ധങ്ങളുടെ കാര്യത്തിലും ഒക്കെത്തന്നെ ചിന്തിക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞെങ്കിൽ ഹാദിയയുടെ വിഷയത്തിൽ ഏതാണ്ട് ഒന്നര വർഷത്തോളം എടുത്തു അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാനായി. ഇസ്ലാമിൻെറ പ്രശ്നം വരുമ്പോൾ സ്വാഭാവികമായും നിയമമാണെങ്കിലും കോടതിയാണെങ്കിലും ഒത്തിരി സമയമെടുക്കുകയും ഒരുപാട് വലിച്ചുനീട്ടുകയും ഒക്കെ ചെയ്യും.

മൂന്ന് വർഷം മുമ്പ് ഞാൻ ഇസ്ലാം ആകാൻ ആ​ഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഞാൻ മുസ്ലിം ആകുമ്പോൾ ഇന്ന് ഞാൻ പെട്ടെന്ന് മുസ്ലിം ആ​യി എന്നായിരിക്കും ആൾക്കാർ അതിനെ എടുക്കുന്നതും കാണുന്നതും ഒക്കെത്തന്നെ. ഇന്ന് പെട്ടെന്ന് ഇസ്ലാമായി എന്നവർ പറയുന്നതിന് ഒരുദ്ദേശ്യമുണ്ട്, എന്നെ ആരോ ആക്കുകയാണ് എന്നൊരു ധ്വനിയാണ്. ഇതിന്റെ പിന്നിൽ ചില ആൾക്കാരുടെ ഇടപെടലായിരിക്കും കമൽസിയുടെ വെെകാരികത ഉപയോ​ഗിച്ചതാണ് എന്നൊക്കെയായിരിക്കും അതിന്റെ ധ്വനി.

എന്തായാലും ഇസ്ലാം ആയിക്കഴിഞ്ഞാൽ അവർ ഒരു തരത്തിലുള്ള ആനുകൂല്യവും എനിക്ക് തരുമെന്ന് തോന്നുന്നില്ല. ഇസ്ലാമിന്റെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ തന്നെയാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കമൽ സി നജ്മൽ എന്ന് പേര് മാറ്റുന്നുണ്ട്. നാളെ (05/10/2018) ഇസ്ലാമിലേക്ക് പ്രവേശിക്കുന്നത് ഷഹാദത്ത് കലിമ ചൊല്ലിക്കൊണ്ടാണ്. സെക്രട്ടേറിയേറ്റിന് മുന്നിൽ വെച്ച് തന്നെയാണ്. പരമാവധി യോജിച്ചുപോകാവുന്ന മതകാര്യങ്ങളിലൊക്കെ യോജിച്ചുപോകുകയും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അകത്ത് സംസാരിക്കുകയും ചെയ്ത് മുന്നോട്ട് പോകാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നത്.

ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ തന്നെ പറഞ്ഞിരുന്നല്ലോ ഇസ്ലാമിന്റെ മഹത്വം കാരണമല്ല ഈ തീരുമാനം എന്ന്. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

അതുകൊണ്ട് ഇസ്ലാമിന് മഹത്വം ഇല്ലാ എന്നല്ല. ഞാൻ പറഞ്ഞത് ഞാൻ പോകുന്നത് ആ മഹത്വം കണ്ടുകൊണ്ടല്ല, ഇസ്ലാമിന്‍റെ മഹത്വം കണ്ടുകൊണ്ടല്ല ഞാൻ ഇസ്ലാമിലേക്ക് പോകുന്നത്. ഒരാൾക്ക് ഇസ്ലാം ആകാൻ ഒരൊറ്റ കാരണമേ പാടുള്ളൂ എന്ന് വാശിപിടിക്കുന്ന ചില പാരമ്പര്യ വിശ്വാസികളും എല്ലാ മതത്തിലും ഉള്ളത് പോലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിനകത്തും ഉണ്ടാകും. ഞാൻ വിശ്വസിക്കുന്നത് അല്ലാഹുവിലേക്ക് എത്താൻ അല്ലെങ്കിൽ ദെെവം എന്ന് പറയുന്നതിലേക്ക് എത്താൻ നമുക്ക് പല വഴികളുണ്ട്, പല നിമിത്തങ്ങളുണ്ട്. പക്ഷേ ആ വഴികളിലൊന്നും സമരം പാടില്ല എന്നൊരു പ്രശ്നമുണ്ട്. സമരവും അതിനുള്ള ഒരു വഴിയാണ്. കാര്യം മതങ്ങൾ തന്നെ സമരങ്ങളുടെ ഭാ​ഗമായിട്ടാണ് ചരിത്രത്തിൽ രൂപപ്പെട്ട് വന്നിട്ടുള്ളത്. മതം പിന്നീട് സ്ഥാപനവൽക്കരിക്കപ്പെട്ട് കഴിയുമ്പോഴാണ് സമരങ്ങളെ എതിർക്കുന്നത്. സമരം ചെയ്തും ഒരാൾക്ക് ഇസ്ലാം ആകാം അതിൽ കുഴപ്പമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ കൺസേൺ ആയിരുന്നില്ല അത് എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
കോടതിയുമായി ബന്ധപ്പെട്ട് ഒരു കരാർ ഉണ്ടാക്കും. എന്നിട്ടത് എന്റെ ഇപ്പോഴത്തെ ആ​ഗ്രഹം എന്നത് നജ്മൽ ബാബുവിനെ അടക്കം ചെയ്യണം എന്നാ​ഗ്രഹിച്ച അതേ പള്ളിയിൽ, മരിക്കുമ്പോൾ അവിടെത്തന്നെ അടക്കം ചെയ്യണം എന്നാണ്. പക്ഷേ അതൊരിക്കലും നജ്മൽ ബാബുവിന് സംഭവിച്ചത് പോലെ സംഭവിക്കാത്ത വിധത്തിൽ നിയമപരമായി എല്ലാ കാര്യങ്ങളും ഉറപ്പിച്ച്… ഇപ്പോൾ എന്റെ അമ്മയും അച്ഛനുമൊക്കെ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞാൽ പോലും എനിക്കറിയാം എന്റെ മരണത്തിന് ശേഷം അവർ വിധം മാറും എന്ന്. അതുകൊണ്ട് വളരെ കൃത്യമായി അത് രേഖപ്പെടുത്തി അത് വേണ്ടവരെ ഏൽപിക്കുകയും ചെയ്യും അധികം താമസിയാതെ. കൂടുതൽ ഇസ്ലാമിനെ പറ്റിയും അല്ലാഹുവിനെ പറ്റിയും മനസ്സിലാക്കാൻ ആ​ഗ്രഹിക്കുന്നു. കാരുണ്യവാനായ അല്ലാഹുവിനെ ആധാരമാക്കിയുള്ള, അദ്ദേഹത്തിന്‍റെ ചിന്തകളും സ്വപ്നങ്ങളും ഒക്കെ ഉൾച്ചേരുന്ന ഒരു രചനയ്ക്കാണ് ഞാൻ ആലോചിക്കുന്നത്.


Read More Related Articles