“കശ്മീർ ഞങ്ങൾക്കൊരു സൂചനയാണ്, ഈ ഭരണകൂടത്തെ പറ്റി മുൻകരുതലെടുക്കാനുള്ള മുന്നറിയിപ്പാണത്”; അഖു ചിങാങ്ബം

By on

ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കിയതോടെ കശ്മീർ ഇന്നുവരെയില്ലാത്ത തരത്തിലുള്ള സെെനിക ഉപരോധം നേരിടുകയാണ്. ഒരു മണിപ്പൂരി എന്ന നിലയിൽ ഈ അവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യ ഇന്നുവരെ ആർട്ടിക്കിൾ 370നെ ബഹുമാനിക്കാത്തതിനാൽ വെറും പേരിന് മാത്രമായിരുന്നു ആർട്ടിക്കിൾ 370ന്റെ നിലനിൽപ് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ ഭരണകൂടവും ഇന്ത്യൻ ആർമിയും കശ്മീരിൽ എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നത് അത് തുടരുക തന്നെയാണ് ഇപ്പോഴും, അവർ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇതേ രീതിയിൽ തന്നെയാണ് കശ്മീരികളോട് പെരുമാറിയിരുന്നത്. ഈ വകുപ്പുകൾ റദ്ദാക്കിയതുകൊണ്ട് ഇപ്പോൾ കശ്മീരിലെ സ്ഥിതി​ഗതികൾ കൂടുതലാളുകൾ അറിയുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഇതിനുമുമ്പും സെെന്യവും ഭരണകൂടവും ഇതേരീതിയിൽ തന്നെയാണ് കശ്മീരികളോട് പെരുമാറിയിരുന്നത്. ഇവിടെ ഇന്ത്യൻ ​ഭരണകൂടം കൂടുതൽ വെളിപ്പെടുകയാണ്, ഇപ്പോൾ ആ​ഗോള തലത്തിൽ ആളുകൾ അറിയുന്നുണ്ട്, ഒരു മതവിഭാ​ഗത്തോട് അവർ എങ്ങനെയാണ് പെരുമാറുന്നതെന്ന്.

മണിപ്പൂരും സമാനമായ രീതിയിൽ സെെനികവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഓരോ മുക്കും മൂലയും ഇന്ത്യൻ സെെന്യം കയ്യേറിയിരിക്കുകയാണ്. കശ്മീർ ഒരു നല്ല ഉ​ദാഹരണമാണ്, അവർക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളത് ചെയ്യാൻ അവർക്ക് പറ്റും എന്നതിന്റെ. പ്രത്യേകിച്ച് നോർത് ഈസ്റ്റിൽ ഒരു കൗ ബെൽറ്റ് പ്രദേശമല്ലാത്തിടത്ത് അവർക്ക് എന്തും ചെയ്യാൻ പറ്റും. കശ്മീർ ഞങ്ങൾക്കുള്ള സൂചനയാണ്. ഇത് ഈ ഭരണകൂടത്തെ പറ്റി മുൻകരുതലെടുക്കാനുള്ള മുന്നറിയിപ്പാണ് ഞങ്ങൾക്ക്. ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്.

നോർത് ഈസ്റ്റിനെ സംബന്ധിച്ച് ആർട്ടിക്കിൾ 371 റദ്ദാക്കുന്നതാണ് ഇന്ത്യക്കാർ ഇപ്പോൾ സ്വപ്നം കാണുന്നത്. പക്ഷേ നോർത് ഈസ്റ്റിനെ സംബന്ധിച്ച് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം പൗരത്വ ഭേദ​ഗതി ബിൽ (2016) ആണ്. അവർ ആർട്ടിക്കിൾ 371 റദ്ദാക്കുന്നതും പൗരത്വ ഭേദ​ഗതി ബിൽ പാസാക്കുന്നതും സങ്കൽപിച്ച് നോക്കൂ. ജനസംഖ്യാപരമായി നോർത് ഈസ്റ്റ് ഒരു പശു ബെല്‍റ്റ് ആയി മാറും. നമ്മുടെ സംസ്കാരവും ചരിത്രവും സ്വത്വവുമെല്ലാം തകർക്കപ്പെടും. എനിക്ക് ഉറപ്പുണ്ട്, ഒരൊറ്റ രാജ്യം ഒരു മതം എന്ന ഭരണകൂട സ്വപ്നങ്ങളിൽ ഒന്നാണ് അതെന്ന്.

എൻഡിറ്റിവി പോലുള്ള മാധ്യമസ്ഥാപനങ്ങൾ കശ്മീരിന്റെ കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാ​ഗമാണെന്ന്. ഇതിനെപ്പറ്റിയും കശ്മീരി മാധ്യമപ്രവർത്തകരുടെ അവകാശനിഷേധങ്ങളെപ്പറ്റിയും എന്താണ് പറയാനുള്ളത്?

അത് തമാശയാണ്. നമ്മൾ ഇതിന് മുമ്പും ഇത് കണ്ടിട്ടുണ്ട്. ലിബറൽ ഇന്ത്യക്കാർ പലസ്തീനെ പിന്തുണയ്ക്കും. പക്ഷേ കശ്മീരിന്റെ സ്വയം നിർണയാവകാശത്തെ അവർ ഒരിക്കലും പിന്തുണയ്ക്കില്ല. ഇന്ത്യൻ മീഡിയ അതിനൊരു ഉദാഹരണമാണ്.

ഭരണഘടനാ ഭേദ​​ഗതിയുടെ ഒരു പരമ്പര തന്നെ പാർലമെന്റിൽ ഈ അടുത്ത കാലത്തായി അരങ്ങേറി. ഈ അക്രമാസക്തമായ ഭേദ​ഗതികളെ നിശ്ശബ്ദം നോക്കിനില്‌‍ക്കുന്ന ഇന്ത്യക്കാരോട് എന്താണ് പറയാനുള്ളത്?

ഈ ഫാസിസ്റ്റ് ഭരണകൂടത്തെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത് പകുതിയിലേറിയ ഇന്ത്യക്കാരാണ്. അതുകൊണ്ട് മുഴുവൻ രാജ്യവും ഇതിനെതിരെ നിശ്ശബ്ദമായതിൽ എനിക്ക് അത്ഭുതമില്ല. യുഎപിഎ ബിൽ അവകാശപ്രവർത്തകർക്കും ഇതേക്കുറിച്ച് ബോധ്യമുള്ള പൗരർക്കും ഒരു യഥാർത്ഥ ഭീഷണിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് ഭരണകൂടത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അത്തരത്തിൽ മനുഷ്യത്വ രഹിതമായ ബില്ലുകൾ അവർ പാസാക്കിയെടുത്തതും.

മണിപ്പൂരി പൊളിറ്റിക്കൽ റോക് ബാൻഡായ ഇംഫാൽ റ്റോക്കീസിന്റെ സ്ഥാപകനാണ് അഖു ചിങാങ്ബം.


Read More Related Articles