കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്രയ്ക്കെതിരെ യുഎപിഎ ചുമത്തി ജമ്മു കശ്മീര്‍ പൊലീസ്
കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്രയ്ക്കെതിരെ യുഎപിഎ ചുമത്തി ജമ്മു കശ്മീര്‍ പൊലീസ്. “ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു” എന്നാരോപിച്ചാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും കുറിച്ചാണ് മസ്രത് സഹ്രയുടെ ഫോട്ടോഗ്രഫി സംസാരിക്കുന്നത്. “സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ മസ്രത് സഹ്രയുടെ ഈ ഫോട്ടോകള്‍ ക്രമസമാധാനം തകര്‍ക്കാന്‍ പൊതുജനത്തെ പ്രകോപിപ്പിക്കുന്നവയാണ്” എന്നും ഏപ്രില്‍ 18ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പൊലീസ് വാദിക്കുന്നു.
രാജ്യത്തിനെതിരെ അനിഷ്ടം പ്രചരിപ്പിക്കുന്നതിനോടൊപ്പം തന്നെ നിയമപാലന സംവിധാനങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വ വല്‍ക്കരിക്കുന്ന പോസ്റ്റുകള്‍ എന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. മസ്രത് സഹ്രയുടെ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ യുവാക്കളെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെയുള്ളതാണ്, പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യങ്ങളാണ് അതുവഴി പ്രോത്സാഹിപ്പിക്കുന്നത് എന്നും പൊലീസ് വാദിക്കുന്നു.
ഭേദഗതി ചെയ്യപ്പെട്ട യുഎപിഎ നിയമം വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഓഫീസര്‍മാര്‍ക്ക് കേസ് അന്വേഷണ ചുമതല നല്‍കുന്നതും ആണ്. യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവില്‍ കഴിയേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ കാലങ്ങളില്‍ പകര്‍ത്തിയ ഫോട്ടോകളാണ് മസ്രത് സഹ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
കശ്മീരിലെ സാമൂഹ്യ സാഹചര്യങ്ങളെ അതേപടി പകര്‍ത്തിയ ഫോട്ടോകളാണ് അവ.
ഇന്ത്യന്‍ അധിനിവേശത്തില്‍ കശ്മീരി ജനത തുടരുന്ന പ്രതിരോധത്തിന്റെ രേഖകളാണ് മസ്രത് സഹ്രയുടെ ഫോട്ടോകള്‍.
“ലോകം ഒരു ലോക് ഡൗണിലാണ്. പലരും ഈ ലോക് ഡൗണിനെ കശ്മീരിലെ ലോക്ഡൗണുമായി താരതമ്യം ചെയ്യുകയും കശ്മീരികളില്‍ നിന്നും ടിപ് ചോദിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭരണകൂടം ഏര്‍പ്പെടുത്തിയ നിരവധി ലോക് ഡൗണുകളിലൂടെ കടന്നുപോകേണ്ടിവന്നവരാണ് കശ്മീരികള്‍. ലോക് ഡൗണ്‍ ഇവിടെ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് കാണിക്കാന്‍ ഓരോ ദിവസവും ഇവിടെ കശ്മീരില്‍ നിന്നുള്ള ഓരോ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ് ഞാന്‍.” മാര്‍ച്ച് മുപ്പതിന് മുള്‍വേലിക്ക് മുന്നിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെയും കുട്ടികളുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് മസ്രത് സഹ്ര ഇങ്ങനെ എഴുതിയിരുന്നു.ഇതേത്തുടര്‍ന്ന് പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ പേരിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്.
അല്‍ ജസീറ, ടിആര്‍ടി വേള്‍ഡ്, ദ കാരവന്‍ തുടങ്ങി നിരവധി വാര്‍ത്താ മാധ്യമങ്ങളില്‍ ഇരുപത്തിയാറുകാരിയായ മസ്രത് സഹ്ര റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.