ശ്വേതയ്ക്കും അഭിലാഷിനും വിവാഹം ചെയ്ത് ഒന്നിച്ച് ജീവിക്കാൻ ഹെെ കോടതി അനുമതി
ശ്വേതയ്ക്കും അഭിലാഷിനും വിവാഹം ചെയ്ത് ഒന്നിച്ച് ജീവിക്കാൻ ഹെെ കോടതി അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ ശ്വേതയ്ക്ക് സ്വന്തം താൽപര്യ പ്രകാരം വിവാഹം ചെയ്ത യുവാവിനൊപ്പം കഴിയാനുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹെെ കോടതി വിധി വന്നത്. മാവോയിസ്റ്റാണ് എന്നാരോപിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്വേതയെയും വീട്ടുകാരെയും വിവാഹത്തിൽ നിന്നും പിന്മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് അഭിലാഷ് നേരത്തെ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരിയെ വിവാഹം ചെയ്ത ശ്വേതയെ രക്ഷിതാക്കൾ വീട്ടുതടങ്കലിലാക്കുകയായിരുന്നു. രജിസ്റ്റർ ചെയ്ത വിവാഹത്തിൽ നിന്നും ബലം പ്രയോഗിച്ച് പിന്മാറ്റിയായിരുന്നു പൊലീസിന്റെ സഹായത്തോടെ രക്ഷിതാക്കളുടെ നടപടി.
ശ്വേതയുടെ മോചനം ആവശ്യപ്പെട്ട് അഭിലാഷ് സമർപ്പിച്ച ഹേബിയസ്‍ കോർപ്പസ് ഹർജിയിലാണ് ഹെെ കോടതി ഇവർക്ക് തുടർന്നും ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തെ പിന്താങ്ങി അനുമതി നൽകിയത്. ആരുടെ കൂടെ പോകണമെന്ന് കോടതി ചോദിച്ചപ്പോൾ അഭിലാഷിനൊപ്പം പോകണം എന്ന് ശ്വേത കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ചശേഷം ശ്വേതയുടെ വാദം കൂടി കേട്ട ശേഷം ഉച്ചയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
ഉടൻ വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഈ മാസം 26ന് വീണ്ടും ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ജനുവരി 25നായിരുന്നു ഇവർ വിവാഹം രജിസ്റ്റർ ചെയ്തത്. പിന്നീട് വീട്ടുകാർ വിവരമറിഞ്ഞ് ശ്വേതയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.