“ഞങ്ങളെ ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ, ഞങ്ങൾക്ക് നീതി വേണം”; കോട്ടയത്തു ആക്രമിക്കപ്പെട്ട കാരൾ സംഘത്തിലെ പെൺകുട്ടി
BY SULFA MAZOOD
കോട്ടയം പാത്താമുട്ടത്ത് ഒരു സംഘം ആളുകളുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ആറ് ദിവസങ്ങളായി പള്ളിയിൽ അഭയം തേടിയ പെൺകുട്ടി സംസാരിക്കുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരാണ് തന്നെയും കുടുംബത്തെയും ഒപ്പമുള്ളവരെയും അക്രമിച്ചതെന്നും തങ്ങൾക്കു പുറത്തിറങ്ങാനാവാത്ത വിധം അക്രമികൾ തങ്ങളുടെ അഭയകേന്ദ്രത്തിന് ചുറ്റും നിരന്തരം ചുറ്റിക്കറങ്ങുകയാണെന്നും ആക്രമണത്തിനിരയായി കണ്ണിന് താഴെയായി സാരമായി പരിക്കേറ്റ പെൺകുട്ടി കീബോർഡ് ജേർണലിനോട് പറയുന്നു.
“ഞങ്ങളുടെ പള്ളിയിലാണ് ഒരിടത്തും നടക്കാൻ മേലാത്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണങ്ങളും ക്രൂരതകളും നടന്നത്.
23 ആം തീയ്യതി രാത്രിയിൽ ഞങ്ങൾ യൂത്ത് പ്രവർത്തകർ, സൺഡേ സ്കൂൾ കുട്ടികൾ, സ്ത്രീ ജനസംഖ്യ പ്രവർത്തകർ, ഞങ്ങളുടെ ചേട്ടൻമാർ എല്ലാവരും വളരെ സന്തോഷത്തോടെ പ്രാർത്ഥിച്ചു, പാട്ടുപാടി പോയത്.
ഞങ്ങളുടേത് വളരെ ചെറിയ പള്ളിയാണ്, പള്ളിയുടെ അൻപതാമത്തെ വാർഷികവുമാണ് ഈ വർഷം. അങ്ങനെ ഞങ്ങൾ വളരെ സന്തോഷത്തോടെ മുട്ടിത്തറ കോളനിയിലെ ഒരു വീട്ടിൽ പട്ടുപാടിക്കൊണ്ടിരുന്നപ്പോളാണ് ഇരുപ്പത്തഞ്ചോളം ചെറുപ്പക്കാർ തെറി പാട്ടുകൾ പാടി വന്നത്. പറയാൻ പറ്റാത്ത രീതിയിൽ മോശമായി അവർ പെരുമാറി. ഞങ്ങളെ അപമാനിക്കുന്നത് കണ്ട് ചോദിക്കാൻ പോയ ഞങ്ങളുടെ ചേട്ടന്മാരെ അവർ ക്രൂരമായി മർദ്ദിച്ചു. ഇവർ കണ്ടാൽ തിരിച്ചറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഞങ്ങൾ അവിടെ നിന്നും തിരിച്ചു വന്നപ്പോൾ ഓട്ടോറിക്ഷയിൽ പിൻതുടർന്ന് വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വടിവാളും കാണിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങൾ പോലീസിനെ വിവരം അറിയിച്ചു. ഞങ്ങൾ എല്ലാവരും കരയുകയായിരുന്നു. കൊച്ചു കുട്ടികൾ വരെ, കുട്ടികൾ കൂടെ ഉള്ളത് കാരണം മെയിൻ റോഡ് വഴി വരാൻ പേടിച്ച് സെയിൻസിറ്റ് കോളേജിന്റെ പറമ്പിലൂടെയുള്ള വഴിയിലൂടെ ഞങ്ങൾ പള്ളിയിൽ വന്നു. 12 മണിയോടെ പരിപാടി അവസാനിപ്പിക്കാനായിരുന്നു ഞങ്ങൾ നേരുത്തേ തീരുമാനിച്ചിരുന്നത്. അതിനാൽ കഴിക്കാൻ ഭക്ഷണമൊക്കെ ഉണ്ടാക്കി വെച്ചാണ് ഞങ്ങൾ പോയത്.
പിന്നീട് കുറച്ച് പേർ ഭക്ഷണം കഴിക്കുകയും, കുറച്ച് പേർ കഴിക്കാനായി പോവുകയും ചെയ്തപ്പോൾ വലിയ ഒച്ചയോടെ 50 പേരുടെ കൂട്ടം വടിവാളുമെല്ലാമായി പാഞ്ഞു വന്നത്. ഇവരെ കണ്ട് പേടിച്ച് പുറത്തു നിന്ന് അകത്തേക്ക് കേറുമ്പോഴാണ് ഒരു പാറക്കല്ല് പാഞ്ഞ് വന്ന് തുളച്ചു കയറിയത്. രക്തം ചീറ്റി പോവുകയുമുണ്ടായി.
ഞങ്ങളെ സംബന്ധിച്ച് ഞങ്ങൾ സ്ത്രീകൾ ഇവിടെ ആൾത്താരയിൽ കയറാറില്ല. ഞങ്ങൾ മുഴുവൻ സ്ത്രീകളും ആർത്താരയിൽ കയറിയാണ് രക്ഷപ്പെട്ടത്.
ഞങ്ങൾ കഴിക്കാനുണ്ടാക്കി വെച്ച ഭക്ഷണം മുഴുവൻ അവർ നശിപ്പിച്ചു. ഞങ്ങളുടെ പള്ളിയിലെ കസേരയും, സാധനങ്ങളും മുഴുവനും അവർ നശിപ്പിച്ചു. ഇവിടെ ഞങ്ങളെല്ലാവരും വിശ്വാസികളാണ്. അവർ അങ്ങനെ ചെയ്തപ്പോൾ ഞങ്ങൾക്ക് ഒരുപാട് വിഷമമായി. ഞങ്ങൾ പിന്നീട് കൂട്ടമണി അടിച്ചപ്പോഴാണ് അവർ പിരിഞ്ഞു പോയത്.
രണ്ട് മണിക്കൂർ ഞാൻ ചോർവാർത്ത് ഇവിടെ ഇരുന്നു. പകുതി ബോധമെ ഉണ്ടായിരുന്നുള്ളു. പിന്നീട് പോലീസ്കാർ വന്ന്, പോലീസുകാരുടെ ജീപ്പിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
അതിന് ശേഷമാണ് ഞങ്ങൾ അറിയുന്നത് സഭാ സെക്രട്ടറിയുടെ വീട് കേറി അവർ ആക്രമിച്ചു. മൂന്ന് വയസ്സുള്ള കുട്ടിയും ചേച്ചിയുമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഒരു സ്ത്രീയോട് ചെയ്യാൻ പാടില്ലാത്ത രീതിയിൽ ചേച്ചിയെ അവർ ഉപദ്രവിച്ചു. കുഞ്ഞിനെ വലിച്ച് നിലത്തിട്ടു.
അയൽക്കാരുടെ വീടുകൾ നശിപ്പിച്ചു. ഞങ്ങടെ വണ്ടികൾ നശിപ്പിച്ചു. എല്ലാവർക്കും പേടിച്ച് പനിയാണിപ്പോൾ.
ഞാൻ ഇഞ്ചിനീയറിംഗിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. എന്റെ അച്ഛന് കൂലിപ്പണിയാണ്. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഞാൻ വളരെ ദൂരെയാണ് പഠിക്കുന്നത്. വരുമ്പോൾ ഏഴ് മണിയൊക്കെയാകും. ഒറ്റക്ക് വരാൻ പേടിയാണ്. എന്നും ആർക്കെങ്കിലും കൂടെ വരാൻ പറ്റില്ല. എനിക്ക് തിങ്കളാഴ്ച്ച പരീക്ഷയാണ്. എഴുതാതിരിക്കാൻ പറ്റില്ല. എഴുതാതിരുന്നാൽ വേറെ ഫീസ് അടക്കണം.
ഞങ്ങൾക്ക് നീതി വേണം. എന്തെങ്കിലും ചെയ്യണം.”
കഴിഞ്ഞ ഞായാറാഴ്ച രാത്രിയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാരൾ സംഘത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന ഏഴംഗ സംഘം അക്രമം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവും കൂടാതെ കാരൾ സംഘത്തിലെ പെൺകുട്ടികൾക്കു നേരെ മദ്യപിച്ചെത്തിയവർ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോൾ കാരൾ സംഘത്തിലെ പെൺകുട്ടികൾക്ക് നേരെ വസ്ത്രം അഴിച്ച് കാണിക്കുകയും പെൺകുട്ടികളെ കടന്നുപിടിക്കുകമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയും അക്രമ സംഘത്തെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ആക്രമ സംഘത്തിന്റെ ഭീഷണി ഭയന്നാണ് സ്വന്തം വീടുകളിലേക്ക് പോലും മടങ്ങനാകാതെ പോലീസ് സംരക്ഷണയിൽ അഞ്ച് കുടുംബങ്ങൾ പള്ളിയിൽ കഴിയുന്നത്.