കത്വ കൂട്ടബലാത്സംഗ കൊലക്കേസ്: ക്ഷേത്ര പൂജാരി സാഞ്ജി റാം അടക്കം മൂന്ന് പേർക്ക് ജീവപര്യന്തം
ജമ്മുവിലെ കത്വയിൽ എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോയി മയക്കുമരുന്നു നൽകി നാലു ദിവസം തുടർച്ചയായി പീഡിപ്പിക്കുകയും തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ക്ഷേത്ര പൂജാരിയും കുറ്റകൃത്യത്തിന്‍റെ മുഖ്യ ആസൂത്രകനുമായ സാഞ്ജി റാം അടക്കം മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ. സാഞ്ജി റാമിന്‍റെ മരുമകൻ പതിനഞ്ചുകാരന്‍റെ സഹായി പർവേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നിവർക്കും പത്താൻകോട്ട് സെഷന്‍സ് കോടതി ജീവപര്യന്തം തടവ് പ്രഖ്യാപിച്ചു.
പൊലീസുദ്യോഗസ്ഥനായ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൽ തിലക് രാജ്, ഹീരാ നഗർ സബ്-ഇൻസ്പെക്റ്റർ ആനന്ദ് ദത്ത എന്നിവർക്ക് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. കേസിലെ ഏഴ് പ്രതികളുടെ വിചാരണ പൂർത്തിയാക്കിയാണ് സെഷൻസ് കോടതി ജഡ്ജി തേജ്വീന്ദർ സിംഗ് വിധി പറഞ്ഞത്. സാഞ്ജി റാമിന്‍റെ മകൻ വിശാലിനെ വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതികൂടിയുണ്ട്. സാഞ്ജി റാമിന്‍റെ മരുമകന്‍. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ഇയാളുടെ ഹര്‍ജി ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പൂർണ്ണമായും വിഡിയോയിൽ ചിത്രീകരിച്ച വിചാരണ ജൂൺ 3 നാണ് അവസാനിച്ചത്. കോടതി പരിസരത്ത് കനത്ത സുരക്ഷയും കാവലുമാണ് വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്നത്. രാവിലെ 10. 38 ഓടെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. 11. 41 നാണ് ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2018 ന് ജനുവരി 10 നാണ് ജമ്മുവിലെ കത്വയ്ക്ക് അടുത്ത് റസാന നാടോടി മുസ്ലിം കുടുംബത്തിലെ എട്ട് വയസുകാരിയായ പെൺകുട്ടിയെ കാണാതായത്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികളൊരാൾ തൊട്ടടുത്ത ക്ഷേത്രത്തിലേക്കു കൊണ്ടു പോയി ലഹരി നൽകി മയക്കി ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ല് കൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. ജനുവരി 17ന് ആണ് മൃതദേഹം കണ്ടെത്തിയത്.
പുരോഹിതനായ സാഞ്ജി റാമിനെയും, മകൻ വിശാലിനെയും, മരുമകനെയും പൊലീസുകാരായ ദീപക് ഖജുരിയെയും സുരേന്ദർ വെർമയെയും ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കേസിൽ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നിർണ്ണായക തെളിവുകൾ നശിപ്പിച്ചതിനാണ് തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ), ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ) എന്നിവരെ അറസ്റ്റ് ചെയ്തത്. കൊലപാതകം (320), കൂട്ടബലാത്സംഗം (376-D), കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരുന്നത്.
ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്ന് നാടോടി മുസ്ലിം വിഭാഗത്തെ ഭയപ്പെടുത്തി ഓടിക്കുക എന്നതായിരുന്നു എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നതിലൂടെ സാഞ്ജി റാമിന്റെ പദ്ധതി. ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികളെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എമാർ നടത്തിയ പരസ്യ പ്രസ്താവന വലിയ പ്രതിേഷധത്തിനും വഴിവെച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയിൽ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാറിലെ മന്ത്രിമാരായിരുന്ന ചൗധരി ലാൽ സിങ്ങും ചന്ദർ പ്രകാശ് ഗംഗയും പങ്കെടുത്തത് വിമർശങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ദേശീയ പതാക അടക്കം അറസ്റ്റിനെതിരായ പ്രതിഷേധത്തിൽ ഉപയോഗിച്ചിരുന്നു.