ഡെൽഹിയിൽ മസ്ജിദിന് തീവച്ചു; മിനാരത്തിന് മുകളിൽ ഹനുമാൻ പതാകയും ദേശീയ പതാകയും നാട്ടി
ഡെൽഹിയിൽ മുസ്ലിങ്ങൾക്കെതിരായി സംഘപരിവാർ അനുയായികൾ നടത്തുന്ന ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ ബാബറി മസ്ജിദ് തകർത്ത സംഭവത്തെ ഓർമ്മിപ്പിക്കും വിധം രാജ്യ തലസ്ഥാനത്ത് മോസ്കിന് തീവയ്ക്കുകയും മിനാരങ്ങൾക്ക് മുകളിൽ ഹനുമാൻ പതാക സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്ത് വന്നു. ഇന്ന് ഡെൽഹി അശോക് വിഹാർ നഗറിലാണ് സംഭവം. മിനാരത്തിന്റെ മുകളിലേക്ക് കയറിയ ഒരാൾ അത് തകർക്കാൻ ശ്രമിക്കുന്നതിന്റെയും മുകളിൽ ഹനുമാൻ പതാകയും ദേശീയ പതാകയും സ്ഥാപിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് റ്റ്വിറ്ററിലൂടെ പുറത്ത് വന്നത്.
തീകൊളുത്തിയ മോസ്കിനു ചുറ്റും അക്രമികൾ ‘ജയ് ശ്രീരാം’, ‘ഹിന്ദുക്കളുടെ ഇന്ത്യ’ എന്നിങ്ങനെ വിളിച്ചു കൊണ്ട് മാർച്ച് ചെയ്തു. മസ്ജിദ് പരിസരത്തെ മുസ്ലിങ്ങളുടെ കടകളും കൊള്ളയടിക്കപ്പെട്ടതായി ദേശീയ വാർത്താ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലിങ്ങൾക്കെതിരായി നടക്കുന്ന സംഘടിത ആക്രമണങ്ങളുടെ നിരവധി വിഡിയോകളാണ് ഇതിനകം പുറത്തു വന്നത്. സംഘപരിവാർ ആൾക്കൂട്ടം മുസ്ലിങ്ങളുടെ വീടുകളുടെ വാതിൽ തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.