ഓപ്പറേഷൻ ഭരത് വർഷ്; യുഡിഎഫ് എംപി എം കെ രാഘവൻ ഭൂമിയിടപാടിന് കോടികൾ കോഴ ചോദിച്ചെന്ന് വെളിപ്പെടുത്തി ഒളിക്യാമറ ഓപ്പറേഷൻ

By on

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺ​ഗ്രസ് നേതാവുമായ എം കെ രാഘവൻ ഭൂമിയിടപാടിന് കോടികൾ കോഴ ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി റ്റിവി 9 ഒളിക്യാമറ ഓപ്പറേഷൻ. ഒരു സിംഗപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചവരോട് കെ.രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിൽ കാണുന്നത്.

എം.കെ.രാഘവന്‍ എംപിയുടെ വീട്ടില്‍ വച്ചാണ് സംസാരം നടക്കുന്നത്. തെരഞ്ഞെടുപ്പ് ചിലവിന് 20 കോടി രൂപ വേണമെന്ന് എം.കെ.രാഘവന്‍ ആവശ്യപ്പെടുന്നതായി വിഡിയോയില്‍ കാണാം. ചർച്ചയ്ക്ക് എത്തിയവർ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്‍റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഈ പണം ദില്ലിയിലുള്ള തന്‍റെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും തുക പണമായി മതി എന്നും രാഘവന്‍ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യം നല്‍കുന്നതടക്കമുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നു.

ഓപ്പറേഷൻ ഭരത് വർഷ് എന്ന പേരിലാണ് റ്റിവി9 സ്റ്റിം​ഗ് ഓപ്പറേഷൻ നടത്തിയത്. പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍റ്റൻസി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.

വിഡിയോ കെട്ടിച്ചമച്ചതെന്ന് എം കെ രാഘവന്‍ എംപി

അതേസമയം റ്റിവി9 പുറത്തുവിട്ട ഒളികാമറ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പ്രതികരിച്ചു. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എംകെ രാഘവന്‍ ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞു. വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും എംകെ രാഘവന്‍ പറഞ്ഞു.


Read More Related Articles