“സദാചാരം ഒരിക്കലും നിയമം കൊണ്ട് അടിച്ചേൽപിച്ച് നടപ്പിലാക്കാൻ പറ്റില്ല”; ടിക് ടോക് നിരോധനത്തെക്കുറിച്ച് ആര്‍ട്ടിസ്റ്റ് മിഥുന്‍ മുകുന്ദന്‍

By on

സദാചാരം ഒരിക്കലും നിയമം കൊണ്ട് അടിച്ചേൽപിച്ച് നടപ്പിലാക്കാൻ പറ്റില്ലെന്ന് ടിക് ടോക് താരം മിഥുന്‍ മുകുന്ദന്‍. ഒരു പ്രത്യേക ക്ലാസിന് രാജ്യത്തെ നിയമങ്ങള്‍ വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും ടിക് ടോക് നിരോധനം വ്യക്തമാക്കുന്നു എന്നും മിഥുന്‍ മുകുന്ദന്‍ പറയുന്നു.

“ഏത് സോഷ്യൽ മീഡിയ ആപ്പും ഉണ്ടാക്കാവുന്ന ‘സദാചാര ഭീഷണി’ തന്നെയല്ലേ ടിക് ടോകും ഉണ്ടാക്കുന്നുള്ളൂ. രണ്ട് ​ഗുണങ്ങളാണ് ടിക് ടോകിൽ ഞാൻ കാണുന്നത്, ഒന്ന് പെർഫോം ചെയ്യാനുള്ള ഒരു വേദി. രണ്ട് ഇത് കാണാൻ സമാന ഹൃദയരായ ആളുകൾ. ഇതാണ് പ്രധാനമായും നമുക്ക് നഷ്ടപ്പെടാൻ പോകുന്നത്. ഇതിൽ പറയേണ്ടിയിരുന്ന പരിമിതികൾ ഇതല്ല. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട് ഇതിലുപയോ​ഗിക്കുന്ന ശബ്ദം, ഒരാളുടെ സ്വകാര്യ കോൾ റെക്കോർഡ് ഇതിലേക്ക് കൺവേർട്ട് ചെയ്താൽ ഉപയോ​ഗിക്കാം. അത്തരം ചില സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളാണ് ടിക് ടോകിൽ പരി​ഗണിക്കപ്പെടേണ്ടത്.അതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല.

ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസം​ഗം, ഒരു വ്യക്തിയുടെ വാക്കുകൾ ഇതിലൊക്കെ അവർ പറയുന്നതല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കാം. മാനിപ്പുലേറ്റ് ചെയ്യാം. ഇംപ്രൊവെെസ് ചെയ്യാം. മൊറാലിറ്റിയാണ് ഇത് നിരോധിക്കാൻ കാരണമെങ്കിൽ മൊറാലിറ്റി റിലേറ്റീവായ ഒരു സം​ഗതിയാണ്.

എനിക്ക് തോന്നുന്ന മൊറാലിറ്റിയല്ല മറ്റൊരാൾക്ക് തോന്നുന്നത്. സദാചാരം ഒരിക്കലും നിയമം കൊണ്ട് അടിച്ചേൽപിച്ച് നടപ്പിലാക്കാൻ പറ്റില്ല. അതിന്റെ പേരിൽ ഇതുപോലുള്ള ഒരു പ്ലാറ്റ്ഫോം, കാഴ്ചക്കാർ ഇവരെയൊക്കെ ഒറ്റയടിക്ക് നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. ഇതിന്റെയൊരു ​ഗുണം ഒരുപാട് തയ്യാറെടുപ്പുകളില്ലാതെ ഇൻസ്റ്റന്റ് ആയി കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതാണ്. ഏറ്റവും സാധാരണക്കാരായ ആളുകൾ ഉപയോ​ഗിച്ചുകൊണ്ടിരുന്ന ഒരു വേദിയാണ് ഇവർ നശിപ്പിച്ചുകളഞ്ഞത്.

ക്രിയാത്മകമായ വർക്കുകളെ ഫിൽട്ടർ ചെയ്യുന്നതിൽ ഒരു ജനാധിപത്യ രാജ്യത്തിന് അതിന്റേതായ പരിമിതികളുണ്ട്. ഒരു പരിധിയിൽ കൂടുതൽ അതിനെ ഫിൽട്ടർ ചെയ്യാൻ കഴിയില്ല അതിന്റെ കാര്യവുമില്ല. ഭരണഘടനയിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന്. അതിനെ ആര് എവിടെ ലംഘിക്കുന്നോ അപ്പോൾ ചോദ്യം ചെയ്താൽ മതി. ഈ പറയുന്ന മൊറാലിറ്റി, സദാചാരം ഉപയോ​ഗിച്ച് നിരോധിക്കുന്നത് മണ്ടത്തരമാണ്. ചെറുപ്പക്കാരുടെ അടിവസ്ത്രത്തിന്റെ ബാൻഡ് കാണുന്നു എന്ന് പറഞ്ഞ് പൊലീസുകാർ അടിക്കുന്ന സമയമുണ്ടായിരുന്നു. ഇതേ സമയം തന്നെ, സദാചാരം പറയുകയല്ല, രണ്ട് ക്ലാസിലുള്ള ആളുകൾക്ക് നിയമം എങ്ങനെ വ്യത്യസ്തമാകുന്നു എന്നാണ് ഞാൻ പറയുന്നത്, പൊലീസുകാർ ടു പീസിലൊക്കെ അഭിനയിക്കുന്ന നായകനും നായികയ്ക്കും പ്രൊട്ടക്ഷൻ കൊടുക്കുകയും ചെയ്യും. ഇതിൽ വ്യത്യാസം വരുന്നത് രണ്ട് ക്ലാസിൽ പെടുന്നവർക്ക് രാജ്യത്തെ നിയമം എങ്ങനെ വ്യത്യാസപ്പെടും എന്നാണ്. ജാതി തന്നെ ഒരു ക്ലാസ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സാധാരണക്കാരെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യമാണ്.

മനോരമ കൊടുത്ത റിപ്പോർട്ടിലൊക്കെ ആഭാസ വീഡിയോ എന്നാണ് പറഞ്ഞിരിക്കുന്നത്. ആഭാസ വീഡിയോ എന്താണ് എന്ന് അവർ നിർവ്വചിച്ചേ പറ്റൂ. റിപ്പോർട്ടിൽ കോടതിയെ ക്വോട്ട് ചെയ്തതാകാനും സാധ്യതയുണ്ട്. വ്യൂവർഷിപ്പ് ആണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ദുരുപയോ​ഗം ചൂണ്ടിക്കാട്ടി നിരോധിക്കുകയാണെങ്കിൽ ഇവിടെ ശർക്കര ഉൾപ്പെടെ എല്ലാം നിരോധിക്കണം. ശർക്കര ചാരായം വാറ്റാൻ ഉപയോ​ഗിക്കുന്നു എന്ന് പറഞ്ഞ് നിരോധിക്കാൻ പറ്റുമോ? ദുരുപയോ​ഗം ചെയ്യാൻ പറ്റാത്ത ഒന്നുമില്ല ഇവിടെ, കോടതി പോലുമില്ല. മെെനർ ആയ ആളുകൾ ഉപയോ​ഗിക്കുന്നു എന്നാണ് പറയുന്നതെങ്കിൽ അവർക്ക് ഫോൺ ഉപയോ​ഗിക്കാൻ കൊടുക്കുന്ന രക്ഷിതാക്കളല്ലേ പ്രശ്നം. അത് മറ്റൊരു പ്രശ്നമാണ്. എനിക്ക് ഈ നിരോധനം വലിയ അടിയാണ്. ടിക് ടോക് പോയാൽ അടുത്തത് വരും എങ്കിലും. അതൊന്നും ഇല്ലെങ്കിലും ഒറിജിനൽ വീഡിയോസ് ആയിരിക്കും ഇനി നമ്മൾ ചെയ്യാൻ പോകുന്നത്. അഭിനയിക്കുന്ന ഒരാൾ ടിക് ടോകിൽ മാത്രമല്ലല്ലോ വിഡിയോസ് ചെയ്യുന്നത്, ടിക് ടോക്കിൽ കൂടെ ചെയ്യുന്നു എന്നേ ഉള്ളൂ.” മിഥുന്‍ പറയുന്നു. കല്ലറയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് മിഥുൻ.

മദ്രാസ് ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ടിക് ടോക് ആപ്പ് നിരോധിക്കപ്പെട്ടത്. ഫെബ്രുവരിയിൽ തമിഴ്നാട് ഐടി മന്ത്രി മണികണ്ഠൻ തമിഴ്നാട് അസംബ്ലിയിൽ ടിക് ടോക് നിരോധനത്തിനായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. ടിക് ടോക് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽനിന്നും നീക്കം ചെയ്തു. മുതിർന്ന അഭിഭാഷകൻ എസ് മുത്തുകുമാർ നൽകിയ ഹർജിയിലാണ് നിരോധന നടപടി. ലെെം​ഗിക ദുരുപയോ​ഗ ഭീഷണികളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. നിരോധനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതിയും മദ്രാസ് ഹെെക്കോടതിയും തള്ളി. ടിക് ടോക് വീഡിയോകൾ ഇനിമുതൽ മാധ്യമങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ടിക് ടോക് ഉപയോക്താക്കൾക്കിടയിലും ആസ്വാദകർക്കിടയിലും ഈ നിരോധനം കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.


Read More Related Articles