ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ച ഒരേയൊരു അയോധ്യ പ്രതിഷേധ മാര്‍ച്ച്; മഅ്ദനിയുടെ നേതൃത്വത്തില്‍ 95 ല്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച്

By on

1995 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് പുനർനിർമാണം ആവശ്യപ്പെട്ടുകൊണ്ട് പിഡിപി അയോധ്യയിലേക്ക് നടത്തിയ അയോധ്യാ മാർച്ചിൽ ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്കൊപ്പം പങ്കെടുത്ത ഒാർമകൾ പങ്കുവെച്ച് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്.

“പിഡിപിയുടെ അയോധ്യ മാര്‍ച്ചിന്‍റെ ഓര്‍മകളാണിത്‌. നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഒരു സമരത്തിന്‌ നേതാവിന്‍റെ നേതൃപരമായ പങ്കുണ്ടാകുമ്പോള്‍ അത്‌ മധുരിക്കുന്ന ഒാര്‍മകളാണ്‌. കാല്‌ നഷ്ടപ്പെട്ട, പരസഹായത്തോടുകൂടി മാത്രം നടക്കാന്‍ കഴിയുന്ന ഒരു നേതാവിന്‍റെ ആത്മസമര്‍പ്പണത്തിന്‍റെ സാന്നിധ്യം സമരത്തിനുണ്ടാകുമ്പോള്‍ അതില്‍ ഇരട്ടി മധുരം ആസ്വദിക്കാം.
സമരങ്ങളുടെ ചരിത്രങ്ങള്‍ പിന്‍തലമുറക്ക്‌ ആവേശമാണ്‌. പ്രവര്‍ത്തന പാതയില്‍ മുന്നേറാനുള്ള കരുത്തും ഊര്‍ജ്ജവുമാണ്‌ അത്.
ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്‌ ശേഷം പിഡിപി മലപ്പുറത്ത്‌ നടത്തിയ പുനര്‍നിര്‍മാണ പ്രതിജ്ഞ നിറവേറ്റപ്പെടുന്നതിന്‍റെ ഭാഗമായിരുന്നു ആ യാത്ര. ബാബരിധ്വംസനത്തിന്‌ ശേഷം ദേശീയമോ പ്രാദേശികമോ ആയ ഒറ്റ സംഘടനകളും ഇത്തരമൊരു പ്രതിഷേധത്തിന്‌ മുതിരാത്ത സാഹചര്യത്തിലാണ്‌ പിഡിപി അയോധ്യമാര്‍ച്ച്‌ എന്ന സമരത്തിന്‌ മുതിര്‍ന്നത്‌. 4 സംഘങ്ങളാണ്‌ അതിനായി തയ്യാറാക്കിയിരുന്നത്‌. ഒന്ന്‌ പാര്‍ട്ടി സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിലുള്ള ഔ​ദ്യോഗിക സംഘം. ലക്നൗ ‍ആയിരുന്നു ആ സംഘത്തിന്‍റെ ലക്ഷ്യം,
ഏതെങ്കിലും സാഹചര്യത്തില്‍ അവര്‍ അറസ്റ്റിലാകുകയാണെങ്കില്‍ വരാണസിയില്‍ എത്തി അവിടെ നിന്ന്‌ അയോധ്യയില്‍ എത്തി മാര്‍ച്ച്‌ നടത്താന്‍ മറ്റൊരു സംഘം, മൂന്നാമത്തേത്‌ ബസ്‌ മാർ​ഗം ഫൈസാബാദിലെത്തി അവിടെ നിന്ന്‌ റ്റൂവീലറിലും മറ്റുമായി അയോധ്യയിലെത്താനുള്ള സംഘം. മൂന്നാമത്തെ സംഘത്തോടൊപ്പം ചേരാനായിരുന്നു ഞങ്ങളുടെ സംഘം തീരുമാനിച്ചത്‌. ബഹു.അബ്ദുന്നാസിര്‍ മഅ്‌ദനി, പാര്‍ട്ടി മഹാരാഷ്ട്ര ഘടകം പ്രസിഡന്റ്‌ അഷ്‌റഫ്‌ പടന്ന,പൂന്തുറ സിറാജ്‌, വിനീതനായ ഞാന്‍ കൂടാതെ മറ്റ്‌ പത്ത്‌ പേര്‍ എന്നിവരടങ്ങുന്നതായിരിന്നു നാലാമത്തെ സംഘം. സംവിധാനങ്ങളൊരുക്കി ദിവസങ്ങള്‍ക്ക്‌ മുമ്പേ കേരളത്തില്‍ നിന്ന്‌ ബോംബെയിലേക്ക്‌ യാത്ര തിരിച്ചു. അതിന്‌ മുമ്പ്‌ മാതാപിതാക്കളോട്‌ യാത്ര പറയാനും പൊരുത്തം ചോദിക്കാനും ബഹു. മഅ്‌ദനി എന്നോട്‌ നിര്‍ദേശിച്ചിരുന്നു. അദ്ദേഹവും ബാധ്യതകളും മറ്റുള്ള കണക്കുകളും ഭാര്യയുമായി ചര്‍ച്ച ചെയ്‌ത്‌ ഏല്‍പ്പിച്ചിരിന്നു. നാലരനൂറ്റാണ്ട്‌ നാഥന്‌ സാഷ്ടാം​ഗം അര്‍പ്പിച്ച പള്ളി തകര്‍ത്ത ശക്തികള്‍ക്കെതിരെ അയോധ്യയിലേക്ക്‌ പ്രതിഷേധത്തിന്‍റെ ഒരു മാര്‍ച്ച്‌ സംഘടിപ്പിക്കുക എന്നത്‌ ഒരു ബാധ്യതയാണെന്ന നിശ്ചയദാര്‍ഢ്യത്തിന്‌ മുന്നില്‍ മറ്റൊരു ചിന്തകള്‍ക്കും സ്ഥാനമില്ലായിരുന്നു. ബോംബെയില്‍ അഷ്‌റഫ്‌ സാഹിബിന്‍റെ വീട്ടിലായിരിന്നു ആദ്യതാമസം. പിന്നീട്‌ അവിടെ നിന്ന്‌ മാറി. സെപഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ എറണാകുളത്തെ വീട്ടിലെത്തി അന്വഷിച്ചപ്പോള്‍ മഅ്‌ദനി അവിടെയില്ല, അയോധ്യയിലേക്ക്‌ പോയി എന്ന വിവരം അവര്‍ക്ക്‌ ലഭിച്ചു. സ്വാഭാവികമായും അദ്ദേഹം എവിടെയുണ്ടെന്ന്‌ അറിയാന്‍ ഉന്നതതല അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചു.

വിമാനത്താവളങ്ങള്‍,റെയില്‍വെ സ്റ്റേഷനുകള്‍, ബസ്‌ടെര്‍മിനലുകള്‍ അങ്ങനെ രാജ്യത്തിന്റെ മുക്ക്‌മൂലകള്‍ പോലീസ്‌ അരിച്ച്‌പെറുക്കി. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും സൂക്ഷ്‌മതക്കും മുന്നില്‍ അതെല്ലാം നിഷ്‌ഫലമായി, ഞങ്ങള്‍ എവിടെയുണ്ടെന്ന്‌ കണ്ടുപിടിക്കാൻ അവര്‍ക്കായില്ല. ശിവസേന മുഖപത്രമായ സാമ്‌ന ഉള്‍പ്പെടെ മിക്കവാറും എല്ലാ ദേശീയപത്രങ്ങളിലും നിറം പിടിപ്പിച്ച നുണക്കഥകള്‍ നിറച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസംബറിന്‍റെ ആദ്യ ആഴ്‌ചയില്‍ തന്നെ വേഷ പ്രഛന്നരായി വ്യത്യസ്‌ത സംഘങ്ങളായി യാത്ര തിരിച്ചു. പത്രപ്രവര്‍ത്തകന്‍ ഫോട്ടോഗ്രാഫര്‍, ടൂറിസ്റ്റുകള്‍ അങ്ങനെ വ്യത്യസ്‌ത വേഷങ്ങളിലായിരുന്നു യാത്ര. പാര്‍ട്ടി നേതാക്കന്‍മാരുടെ നേതൃത്വത്തിലുള്ള ആദ്യ സംഘത്തെ ലക്നൗവിൽ അറസ്റ്റ്‌ ചെയ്‌തുവെന്ന വാര്‍ത്ത പുറപ്പെടുന്നതിന്‌ മുമ്പേ കിട്ടിയിരിന്നു. ഉറുമ്പരിച്ചാല്‍ പോലും അറിയുന്നത്ര പഴുതുകളടച്ച കര്‍ശനമായ സുരക്ഷയായിരിന്നു യുപിയിലുള്ളത്‌, അതുകൊണ്ട്‌ രണ്ടാമത്തെ സംഘത്തെയും അറസ്റ്റ്‌ ചെയ്യുമെന്ന്‌ എതാണ്ട്‌ ഉറപ്പായിരുന്നു.

മൂന്നും നാലും സംഘങ്ങള്‍ അയോധ്യയിലെത്തി അയോധ്യയിലേക്ക്‌ മാര്‍ച്ച്‌ നടത്തണമെന്നായിരിന്നു പിന്നീട്‌ തീരുമാനിച്ചത്‌, ബോംബെ വിമാനത്താവളത്തിലെ നാലാംഘട്ട സുരക്ഷ പരിശോധനയില്‍ ബഹുമാന്യ നേതാവിന്‍റെ കൃത്രിമ കാല്‍ കണ്ടുപിടിച്ച്‌ സുരക്ഷ എജന്‍സികള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പത്രപ്രവര്‍ത്തക വേഷത്തിലായിരുന്ന അബ്ദുന്നാസിര്‍ മഅ്‌ദനിയെ കൃത്യമായി തിരിച്ചറിഞ്ഞുവെന്ന്‌ വിമാനം വരാണസിയിലെത്തിയപ്പോള്‍ പൈലറ്റിന്‍റെ അനൗണ്‍സ്‌മെന്‍റില്‍ നിന്ന്‌ കൂടുതല്‍ വ്യക്തമായി. അറസ്റ്റിന്‌ തയ്യാറാകണമെന്ന കമീഷണറുടെ നിര്‍ദേശവും വന്നു. വിമാനത്തിനുള്ളില്‍ നിന്ന്‌ വേഷം മാറി അറസ്റ്റിന്‌ തയ്യാറെടുത്തു. വരാണസി പോലീസ്‌ കമീഷണറും കളക്ടറും ഉള്‍പ്പെടെയുള്ള വന്‍ സംഘത്തിന്‌ അപ്പോഴും സംശയം അവര്‍ക്ക്‌ കിട്ടിയ രൂപസാദൃശ്യ വിവരത്തില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു മഅ്‌ദനിയുടെ വേഷം. ഒടുവില്‍ കമീഷണറുമായി സംസാരിച്ച്‌ ലക്നൗവിൽ അറസ്റ്റ്‌ വരിക്കാമെന്ന ധാരണയില്‍ വീണ്ടും യാത്ര തുടര്‍ന്നു.

ലക്നൗവിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റുകള്‍ അവിടെ നിന്നു തന്നെ ശരിയാക്കി. പോലീസ്‌ വലയത്തില്‍ വീണ്ടും വിമാനത്തിനകത്തേക്ക്‌. കൂടെയുണ്ടായിരിന്ന അഷ്‌റഫ്‌ പടന്ന വിമാനത്തിനകത്ത്‌ കയറിയ ഉടനെ ഉച്ചത്തില്‍ ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചു, “ബാബരി മസ്‌ജിദ്‌ മസ്‌ജിദ്‌ഹെ മന്ദിര്‍ നഹീഹെ”. ദിഗന്ദങ്ങള്‍ പൊട്ടുമാറ്‌ ഉച്ചത്തില്‍ മറ്റ്‌ മുദ്രവാക്യങ്ങളും വിമാനത്തിലുള്ളില്‍ ഉയര്‍ന്നു. ഹിന്ദി അത്ര വശമല്ലാതിരുന്ന ഞങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‌ വേണ്ട പിന്തുണ കൊടുക്കാനായതുമില്ല എങ്കിലും ഞങ്ങളും മുദ്രവാക്യം വിളികളുമായി സീറ്റിലേക്ക്‌. മുദ്രാവാക്യം വിളികളിലെ പ്രതിഷേധം മനസ്സിലാക്കിയ വിമാനത്തിനകത്തുണ്ടായിരിന്ന സവര്‍ണ്ണ ഫാസിസ്റ്റുകള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു പ്രതിഷേധിക്കാന്‍ തുടങ്ങി. ആക്രോശിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ നേരെ പാഞ്ഞടുത്തു. അതില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളുമുണ്ടായിരിന്നു. ഒടുവില്‍ പൈലറ്റ്‌ കോക്‌പിറ്റില്‍ നിന്ന്‌ ഇറങ്ങി വന്ന്‌ അവരെ ശക്തമായി ശകാരിച്ചതിന്‌ ശേഷമാണ്‌ അവരടങ്ങിയത്‌. പിന്നീട്‌ ലക്നൗവിലെത്തി അറസ്റ്റ്‌ വരിച്ചു. അപ്പോഴും ഒരു സംഘം പോലീസിന്‍റെ കണ്ണ്‌ വെട്ടിച്ച്‌ ഫൈസാബാദിലെത്തി മാര്‍ച്ച്‌ നടത്തി അറസ്‌റ്റ്‌ വരിച്ചു.

പിഡിപിയുടെ പ്രവര്‍ത്തന സമരപോരാട്ട ചരിത്രങ്ങളിലെ ഉജ്ജ്വലമായ സമരമായിരിന്നു അയോധ്യമാര്‍ച്ച്‌. ഡിസംബര്‍ ഏഴിന്‌ ഉത്തരേന്ത്യയില്‍ ഇറങ്ങിയ മിക്ക പത്രങ്ങളിലെ പ്രധാന തലക്കെട്ടുകള്‍ പി ഡി പി യുടെ അയോധ്യ മാര്‍ച്ച്‌ തന്നെയായിരിന്നു. ദക്ഷിണേന്ത്യയിലെ കൊച്ച്‌ സംസ്ഥാനമായ കേരളത്തിലെ ഒരു പാര്‍ട്ടി. കാല്‍ നഷ്ടപ്പെട്ട ഒരു നേതാവ്‌, തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരുമൊത്ത്‌ മാര്‍ച്ച്‌ നടത്തിയത്‌, ഉത്തേന്ത്യയിലെ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും കഴിയാത്തത്‌ പിഡിപിക്ക്‌ കഴിഞ്ഞു എന്നതുമുണ്ടായിരുന്നു. വാര്‍ത്തകളിലെ ശീര്‍ഷകങ്ങളില്‍
നിശ്‌ബദമായിരുന്ന, ബാബരി തകര്‍ച്ചക്ക്‌ ശേഷം പകച്ച്‌ പോയിരുന്ന, ഗാന്ധിവധത്തിന്‌ ശേഷം രാജ്യം കണ്ട ക്രൂരമായ അക്രമത്തിനെതിരെ വേണ്ടത്ര ശബ്ദമുയര്‍ത്താന്‍ മടിച്ച്‌ നിന്നിരുന്ന, മതേതരസമൂഹത്തിന്‌ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്‌ പുതിയ കരുത്ത്‌ പകരുന്നതായിരിന്നു പിഡിപിയുടെ അയോധ്യ മാര്‍ച്ച്‌. അതുതന്നെയാണ്‌ മറ്റ്‌ സമരങ്ങളില്‍ നിന്ന്‌ അതിനെ വ്യത്യസ്തമാക്കുന്നതും. അത്‌ പിന്നീട്‌ നാല്‌ ദിവസങ്ങളോളം അവിടെയുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌ മുസ്ലിം നേതാക്കളില്‍ നിന്നും സാധരണക്കാരില്‍ നിന്നും ബോധ്യപ്പെട്ടതുമാണ്‌.
ഫാസിസം ആക്രോശങ്ങളും അട്ടഹാസങ്ങളുമായി പാഞ്ഞടുക്കുമ്പോഴും, ബാധ്യതയുള്ളവര്‍ ആരോഗ്യത്തിന്‍റെ പൂര്‍ണ്ണാവസ്ഥയില്‍ അര്‍ത്ഥഗര്‍ഭമായ മൗനം തുടരുമ്പോള്‍, ഒന്നെഴുന്നേറ്റ്‌ നില്‍ക്കാന്‍ മടിക്കുമ്പോള്‍, ചാട്ടുളി പോലെ പാഞ്ഞടുത്തു വരുന്ന ഫാസിസത്തിനെതിരെ ധീരമായി ചങ്കൂറ്റത്തോടെ വീല്‍ ചെയറില്‍ എഴുന്നേറ്റ്‌ നില്‍കുന്ന മഹാനായ നേതാവിന്‌ പിന്നില്‍ അണിനിരക്കാനാകുക എന്നതാണ്‌ ഞങ്ങളെ ധന്യരാക്കുന്നത്‌.

കരുതല്‍ തടങ്കലില്‍ ഞങ്ങളെ പാര്‍പ്പിച്ചിരുന്നത് ലക്‌നൗവിലെ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിലായിരുന്നു. പിറ്റെ ദിവസം അതായത് ഡിസംബര്‍ ഏഴിന് വൈകുന്നേരം ഗസ്റ്റ് ഹൗസിന് മുന്നില്‍ ഒരു പോലീസ് വാഹനം വന്നുനിന്നു. പോലീസ് കമീഷണര്‍ ഓഫീസില്‍ എത്താന്‍ അതില്‍ വന്നിറങ്ങിയ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം അങ്ങോട്ട് പുറപ്പെട്ടു. അവിടെ പോലീസ് കമീഷണര്‍ അലോക് ശര്‍മ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങളോട് കുശലാന്വേഷണങ്ങള്‍ നടത്തി. ശേഷം അദ്ദേഹം അന്നത്തെ ഹിന്ദി -ഉറുദു വര്‍ത്തമാനപത്രങ്ങളില്‍ ഞങ്ങളെ പറ്റി വന്ന വാര്‍ത്തകളെ കുറിച്ച് സംസാരിച്ചു. യഥാര്‍ത്ഥത്തില്‍ അപ്പോഴാണ് മാധ്യമങ്ങളുടെ അന്നത്തെ തലക്കെട്ടുകളെല്ലാം പിഡിപിയുടെ അയോധ്യമാര്‍ച്ച് വാര്‍ത്തകളായിരുന്നുവെന്ന് ഞങ്ങളറിയുന്നത്. (ഗസ്റ്റ് ഹൗസില്‍ പത്രങ്ങള്‍ ലഭിച്ചിരുന്നില്ല.

ഒട്ടും സൗകര്യങ്ങളില്ലാത്ത പേരിനു മാത്രമുള്ള ഗസ്റ്റ് ഹൗസ് ) ഞങ്ങളെ കരുതല്‍ തടങ്കലില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ബാബരി തകര്‍ച്ചയില്‍ ഖേദമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് സംസാരത്തില്‍ ബോധ്യപ്പെട്ടു. ബാബരി തകര്‍ച്ചക്ക് ശേഷം തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ പറ്റി ആശങ്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. യാത്ര പറഞ്ഞിറങ്ങിയ ഞങ്ങള്‍ സുവര്‍ണകുമാര്‍ ഉള്‍പ്പെടെയുള്ള പി ഡി പി നേതാക്കളുടെ അടുക്കലെത്തി മാര്‍ച്ചിനെ പറ്റിയുള്ള വിലയിരുത്തലുകള്‍ നടത്തി. ശേഷം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളുമായി നേതാക്കള്‍ നീങ്ങി. ബഹു അബദുന്നാസിര്‍ മഅ്ദനിയും ഞാനും കരിം കാലടിയും പിന്നെയും രണ്ട് ദിവസം കൂടി ലക്‌നൗവില്‍ തങ്ങി. പിറ്റെ ദിവസം ഒരു വാഹനത്തില്‍ (നമ്മുടെ നാട്ടിലെ ഒട്ടോറിക്ഷയെക്കാള്‍ അൽപം വലുത്) അബുല്‍ ഹസന്‍ അലി നദ്‌വി സാഹിബിനെ കാണാന്‍ നദ്വയിലേക്ക് പോയി.

തിരികെ വരുമ്പോള്‍ റോഡരികിലെ തട്ട്കടയില്‍ നിന്ന് ഭക്ഷണമൊക്കെ കഴിച്ച് താമസ സ്ഥലത്തെത്തി (ബഹു അബദുന്നാസിര്‍ മഅ്ദനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നുവല്ലോ അദ്ദേഹം. സ്വതന്ത്രമായി ഇങ്ങനെയൊരു സാഹചര്യം പൊതുപ്രവര്‍ത്തനത്തില്‍ സജീവായതിന് ശേഷം ആദ്യമായാണ് അദ്ദേഹം അനുഭവിക്കുന്നത്) ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറോട് ഹിന്ദിയും ഉറുദുവും അറിയാവുന്ന കരിം വിശേഷങ്ങള്‍ യാത്രക്കിടയില്‍ ചോദിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ബാബരിയെ പറ്റിയും ചോദിച്ചു. ചോദ്യം കേട്ട ഉടനെ അദ്ദേഹം വാചാലനായി… ബാബരി തകര്‍ച്ചയില്‍ ഉള്ള് പിടയുന്ന ഒരു മുസ്ലിം സഹോദരനായിരുന്നു അദ്ദേഹം.. 60 രൂപ ദിവസവാടകക്ക് വാഹനം ഓടിക്കുന്ന ആ സഹോദരന്‍ 7 അംഗങ്ങളുള്ള കുടുംബത്തെ പോറ്റുന്നതോടൊപ്പം ബാബരി പോരാട്ടത്തിന് സംഭാവന ഞാനും നല്‍കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം തുടര്‍ന്നു ഞാനുള്‍പ്പെടെയുള്ള നിരവധി പേര്‍ ബാബരി പോരാട്ടത്തിന് സഹായം നല്‍കുന്നുണ്ട് പക്ഷേ നിര്‍ഭാഗ്യം ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ചേരി തിരിഞ്ഞ് പോരടിക്കുകയാണ് (ബാബരി ആക്ഷന്‍ കമ്മിറ്റികളുടെ ചേരിപ്പോരിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ വ്യസനം) പരസ്പര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇതിനിടയില്‍ കരിം ചോദിച്ചു. “ഇന്നലെ ഇവിടെ ബാബരി പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ഒരു മാര്‍ച്ച് നടന്നത് ശ്രദ്ധയില്‍ പെട്ടോ?” ആ സഹോദരന്‍ ആവേശത്തോടെയും തെല്ലൊരു വിഷമത്തോടെയും പറഞ്ഞു.

“കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പത്രങ്ങളിലെല്ലാം അവരുടെ മാര്‍ച്ചിനെ പറ്റിയാണ് വാര്‍ത്തെയെല്ലാം. അതിന്‍റെ നേതാവ് ഒരു കാലില്ലാത്ത ആളെന്നാണ് പറയുന്നത്” (അദ്ദേഹം അറിഞ്ഞില്ല വാഹനത്തിലുള്ളത് ബഹു. അബ്ദുന്നാസിര്‍ മഅ്ദനിയാണെന്ന്) നാണക്കേടാണ്. ഞങ്ങളൊക്കെ ഇവിടെയുള്ളപ്പോള്‍ അങ്ങ് തെക്ക് നിന്ന് ഒരാള്‍ നേതൃത്വം കൊടുത്തു കൊണ്ട് ഇങ്ങനെയൊരു സമരം നയിക്കുന്നത്. എന്ത് ചെയ്യാന്‍ ഇവിടെയുള്ള ഞങ്ങളുടെ നേതാക്കള്‍ ഇങ്ങനെയായി പോയിയെന്ന് അദ്ദേഹം ആത്മഗതം ചെയ്തു. വീണ്ടും അദ്ദേഹം നിര്‍ത്താതെ ബാബരിയെ പറ്റിയും മറ്റ് സാഹചര്യങ്ങളെ കുറിച്ചും നിര്‍ത്താതെ സംസാരിച്ചു.

ഒടുവില്‍ താമസ സ്ഥലത്തെത്തി. ഇറങ്ങുന്നതിന് മുമ്പ് വാഹന വാടക കൂടാതെ കുറച്ച് തുക അധികം നല്‍കണമെന്ന് ബഹു. മഅ്ദനി കരിമിനോട് നിര്‍ദേശിച്ചിരിന്നു. വാഹനം നിര്‍ത്തി ഞാനും ഉസ്താദും മുറിയിലേക്ക് നടന്നു. വാഹനത്തിന്റെ പൈസ കൊടുക്കുന്നതിനിടയില്‍ ഡ്രൈവറായ സഹോദരനോട് കരിം ആ രഹസ്യം വെളിപ്പെടുത്തിയിരുന്നു. താങ്കളുടെ വാഹനത്തില്‍ യാത്ര ചെയ്തിരുന്നത് ആ കാലില്ലാത്ത, അയോധ്യമാര്‍ച്ച് നടത്താന്‍ കേരളത്തില്‍ നിന്ന് വന്ന പിഡിപിയുടെ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയാണെന്ന്.
അദ്ദേഹം വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും ചോദിച്ച് കരീമിനോട് ഉറപ്പ് വരുത്തി. പിന്നെ ഒരോട്ടമായിരുന്നു..ഒാടികിതച്ച് അദ്ദേഹം റൂമിനടുത്തെത്തി. ഞങ്ങള്‍ റുമിലേക്ക് പ്രവേശിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ബഹു മഅ്ദനിയുടെ ശരീരത്തിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ആശ്ലേഷിക്കുന്നു. കട്ടിലില്‍ ഇരുന്ന ഉസ്താദിന്‍റെ കാലിലേക്ക്, തടസപ്പെടുത്തിയിട്ടും അദ്ദേഹം ചുംബിച്ച് കൊണ്ടേയിരിന്നു. ഒരു ശരാശരി ഉത്തരേന്ത്യന്‍ സാധരണക്കാരന്‍റെ സങ്കടപ്പെടുത്തുന്ന സ്‌നേഹപ്രകടനം. സങ്കടത്താല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വാക്കുകള്‍ മുറിഞ്ഞ് എന്തൊക്കെയോ അദ്ദേഹം പറയുന്നുണ്ടായിരുന്നു. ബഹു. മഅ്ദനി അദ്ദേഹത്തെ സമാധാനിപ്പിച്ചു. അല്പം സംഭാവന കൂടി നല്‍കി തിരിച്ചയച്ചു. എന്നിട്ടും അദ്ദേഹം പോയില്ല. മഅ്ദനിയുടെ ഒരോ ചലനങ്ങളും കതകിന് അപ്പുറത്ത് നിന്ന് അത്ഭുതത്തോടെ അതിലേറെ കൗതകത്തോടെ നോക്കി കൊണ്ടിരുന്നു. അവസാനം കരിം സമാധാനപ്പെടുത്തി പറഞ്ഞയച്ചു. ഉത്തര്‍പ്രദേശ്കാരനായ സാധാരണ മുസ്ലിമിന്റെ ബാബരിയോടും അതിന് വേണ്ടിയുള്ള സമരങ്ങളോടുമുള്ള ആത്മാര്‍ത്ഥത വെളിപ്പെടുത്തുന്നതായിരുന്നു ആ സംഭവം. ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതാണ് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ സമ്മര്‍ദ്ദശക്തിയാവത്തതിന് കാരണമെന്ന് പിന്നീട് ഉത്തരേന്ത്യയിലെ പല ഭാഗങ്ങളും സന്ദര്‍ശിച്ച എനിക്ക് തോന്നിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണം യാഥാര്‍ത്ഥ്യമാവാതിരിക്കാന്‍ ചില രാഷ്ട്രീയ കക്ഷികളും അവയുടെ നേതൃത്വവും അണിയറയില്‍ പണിയെടുക്കുന്നുമുണ്ട്.”


Read More Related Articles