സവര്‍ണ ശക്തികളുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് സര്‍വ്വകലാശാലയിലെത്തിയ മുസ്ലിം ചെറുപ്പം നിശ്ശബ്ദരാകാന്‍ തീരുമാനിച്ചിട്ടില്ല, നജീബ് തിരോധാന ദിനത്തില്‍ താഹിര്‍ ജമാല്‍
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെഎന്‍യു ക്യാംപസില്‍ നിന്ന് എബിവിപി വിദ്യാര്‍ത്ഥികളാല്‍ ആക്രമിക്കപ്പെട്ട ശേഷം അപ്രത്യക്ഷമാക്കപ്പെട്ട നജീബ് അഹമ്മദിന്‍റെ തിരോധാന ദിവസം ഒക്ടോബര്‍ 15ന് വേര്‍ ഈസ് നജീബ് എന്ന ഹാഷ്ടാഗില്‍ പ്രതിഷേധ സംഗമം നടത്തി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. ഹെെദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി താഹിര്‍ ജമാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംവരണ അട്ടിമറി ഉള്‍പ്പെടെ സവര്‍ണ ശക്തികള്‍ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ മറികടന്ന് വിവിധ സര്‍വ്വകലാശാലകളില്‍ എത്തുന്ന മുസ്ലിം ചെറുപ്പം നിശ്ശബ്ദരായിരിക്കുകയില്ലെന്നും നജീബ് എവിടെയെന്ന് മതേതര പൊതുസമൂഹത്തോട് ചോദിച്ചുകൊണ്ടിരിക്കുമെന്നും താഹിര്‍ ജമാല്‍ പറഞ്ഞു.
താഹിര്‍ ജമാലിന്‍റെ പ്രസംഗം പൂര്‍ണരൂപത്തില്‍
“ഒക്ടോബര്‍ 14ന് ഹിന്ദുത്വ വംശീയ പാര്‍ട്ടിയായ ആര്‍എസ്എസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എബിവിപിയുടെ ഗുണ്ടകള്‍ ജെഎന്‍യുവിലെ ഹോസ്റ്റലില്‍ കയറി അവിടുത്തെ ചുമരില്‍ എഴുതി വെക്കുന്നുണ്ട് ഗോ റ്റു പാകിസ്താന്‍ എന്ന്. എന്നിട്ട് അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ മര്‍ദ്ദിക്കുകയാണ് ചെയ്തത്. ഈ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നജീബ് ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതരും ഹോസ്റ്റല്‍ അധികാരികളും ജെഎന്‍യുവിലെ അധികാരികളും പൊലീസും ഇങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ല എന്ന മട്ടിലാണ് പ്രതികരിച്ചത്. അതിനെ തുടര്‍ന്ന് നജീബ് അഹമ്മദിനെ കാണാനില്ല. അഥവാ ഇവിടെയുള്ള ഹിന്ദുത്വ വംശീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും അവരുടെ ഗവണ്മെന്റും അവരുടെ പൊലീസും ഒരുമിച്ച് പണിയെടുത്തുകൊണ്ട് ഇവിടെയുള്ള ഉന്നത സര്‍വ്വകലാശാലയില്‍ നിന്ന് ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ അപ്രത്യക്ഷനാക്കിയിരിക്കുന്നു. ആരാണ് നജീബ് അഹമ്മദ്? ഇന്ന് നജീബ് അഹമ്മദ് ചില സൂചകങ്ങള്‍ കൂടിയാണ്, കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയിലെ തെരുവില്‍ തന്റെ മകന് വേണ്ടി അലഞ്ഞുകൊണ്ടിരിക്കുന്ന ഫാത്തിമാ നഫീസിന്റെ തിരച്ചിലിന്റെ പേര് കൂടിയാണ് നജീബ് അഹമ്മദ്.
കഴിഞ്ഞ നാല് വര്‍ഷമായി ഒരു സമുദായം ഇവിടെയുള്ള നീതിപീഠങ്ങളെയും ഭരണാധികാരികളെയും നിരന്തരം അലട്ടിക്കൊണ്ട് ചോദിക്കുന്ന ചോദ്യമാണ് വേര്‍ ഈസ് നജീബ് എന്ന്. എവിടെയാണ് നജീബ്? ഇവിടെയുള്ള മുസ്ലിം വിദ്യാര്‍ത്ഥി ചെറുപ്പം ഇന്ത്യയിലെ ക്യാംപസുകളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് വേര്‍ ഈസ് നജീബ് എന്ന്. ഇങ്ങനെയുള്ള ചോദ്യചിഹ്നം മാത്രം അവശേഷിപ്പിച്ചുകൊണ്ട് നജീബ് എങ്ങോട്ടാണ് പോയിട്ടുള്ളത്? ഇതിന്റെ ഉത്തരം പറയേണ്ടത് ഇവിടെയുള്ള നമ്മള്‍ ഓരോരുത്തരുമാണ്. തീര്‍ച്ചയായും വളരെ സ്പഷ്ടമാണ് ബിജെപിയും സംഘപരിവാര്‍ ശക്തികളുമാണ് നജീബ് അഹമ്മദിന്റെ തിരോധാനത്തിലെ ഒന്നാം പ്രതി. അവര്‍ തന്നെയാണ് നജീബ് അഹമ്മദിനെ അപ്രത്യക്ഷമാക്കിയിട്ടുള്ളത്. അതുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയും ഇവിടെയുള്ള സവര്‍ണ സംഘപരിവാര്‍ ശക്തികളാണ് നജീബ് അഹമ്മദിനെ കാണാതാക്കിയത്. അതേ സമയം നമ്മള്‍ ഓരോരുത്തര്‍ക്കുമുള്ള പങ്ക് എന്താണ് എന്ന് കൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ബാട്‌ല ഹൗസില്‍ നിന്ന് ആതിഫിനെയും സാജിദിനെയും ഡല്‍ഹി പൊലീസ് വെടിവെച്ച് കൊന്നത്. ജാമിഅ മിലിയയിലെ രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു. ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന് പറഞ്ഞ് അവരുടെ വീട്ടില്‍ കയറിയിട്ട് അവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. അവരുടെ മാതാവ് എന്റെ മകന്റെ മയ്യത് കാണണ്ട എന്നല്ല പറഞ്ഞത്, എനിക്ക് അവനെ കാണണം അവന് എന്താണ് പറ്റിയത് എന്നറിയണം എന്നാണ്. മയ്യത് കുളിപ്പിക്കുമ്പോള്‍ അവന്റെ തലയിലേറ്റ വെടി നേരെ മുകളില്‍ നിന്ന് പോയിന്റ് ബ്ലാങ്കിലാണ്. ആ വെടിയുണ്ടയാണ് പിന്നീട് ബട്‌ല ഹൗസ് എന്‍കൗണ്ടറിന് പിന്നില്‍ ഡല്‍ഹി പൊലീസിനുള്ള പങ്ക് എന്താണ് എന്ന് പുറത്തുകൊണ്ടുവന്നത്. അതേ സമയം ഇവിടുത്തെ പ്രോഗ്രസിവ് എന്ന് പറയപ്പെടുന്ന ലിബറല്‍ എന്ന് പറയപ്പെടുന്ന ആളുകള്‍ എന്താണ് ചെയ്തത്? ഇതുപോലെ തന്നെ ആയിരുന്നുവല്ലോ ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ എന്നു പറഞ്ഞ് മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ച് കൊന്നു, തെലങ്കാനയില്‍ വെടിവെച്ച് കൊന്നു. ബീമാ പള്ളിയിലും വെടിവെച്ച് കൊന്നു. അപ്പോഴെല്ലാം ഇവിടെയുള്ള മതേതരര്‍ എന്നും പ്രോഗ്രസീവ് എന്നും പറയപ്പെടുന്ന ആളുകള്‍ നിശ്ശബ്ദരായിരുന്നു. ഇവിടെത്തെ മുസ്ലിം നേതൃത്വം പോലും നിശ്ശബ്ദമായിരുന്നു. ഇങ്ങനെയുള്ള നിശ്ശബ്ദതകളും നിസ്സഹായതയുമാണ് നജീബ് അഹമ്മദിന്‍റെ തിരോധാനത്തിലേക്ക് പിന്നീട് നയിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷമായി ഒരു മാതാവിന് തന്‍റെ മകനെ അന്വേഷിച്ചുകൊണ്ട് ഇന്ത്യയിലെ തെരുവോരങ്ങളില്‍ അലയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇവിടെയുള്ള മുസ്ലിം വിദ്യാര്‍ത്ഥി ചെറുപ്പം ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നത് വേര്‍ ഈസ് നജീബ് എന്ന്.
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടുന്നത് വരെ നമ്മള്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും. ആ ചോദ്യം നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ നിങ്ങളുടെ അലോസരങ്ങളെയും ബുദ്ധിമുട്ടുകളെയും ഒരുപാട് കാലം ഇവിടെയുള്ള മുസ്ലിങ്ങള്‍ സഹിച്ചിരിക്കുന്നു. ഇനിയും സഹിച്ചിരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല എന്ന പ്രഖ്യാപനമാണ് ഇങ്ങനെയുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ പരിപാടി നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ മുസ്ലിം ചെറുപ്പം വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്‌സിറ്റിയിലേക്ക് കടന്നുചെന്നതല്ല. ഇവിടെയുള്ള സവര്‍ണ ശക്തികള്‍ വളരെ ആസൂത്രിതമായി സംവരണം റദ്ദ് ചെയ്തുകൊണ്ട്, അഡ്മിഷനുകളിലും ഇന്റര്‍വ്യൂകളിലും കൃത്യമായ പക്ഷവാദിത്വം കാണിച്ചുകൊണ്ട് അവരുടെ ഉന്നതകലാശാലകളിലേക്കുള്ള എല്ലാവിധ പ്രവേശനത്തെയും നിഷേധിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നുകൊണ്ടാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ടാണ് ഇവിടെയുള്ള മുസ്ലിം ചെറുപ്പം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്‌റിയിലും ജെഎന്‍യുവിലും ജാമിഅയിലുമെല്ലാം ഇന്ന് എത്തിയിരിക്കുന്നത്. അവരെല്ലാം നിശ്ശബ്ദരായിരിക്കുവാന്‍ തീരുമാനിച്ചിട്ടില്ല. നമ്മളില്‍ ഒരുവനെ നിങ്ങള്‍ കൊണ്ടുപോയിരിക്കുന്നു, തിരിച്ചുകൊണ്ടുവരും വരെ ചോദിച്ചുകൊണ്ടിരിക്കും എവിടെയാണ് നജീബ് അഹമ്മദ്. നിങ്ങളവനെ എവിടെയാണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളത്? നിങ്ങളവനെ എങ്ങോട്ടാണ് കൊണ്ടുപോയിട്ടുള്ളത്? ഈ ചോദ്യം ഇവിടുത്തെ മതേതര സമൂഹത്തോടുള്ള ചോദ്യമാണ്. ഇത്രയും കാലം മുസ്ലിം വംശഹത്യയ്‌ക്കെതിരെ മുസ്ലിങ്ങളെ സംഘപരിവാര്‍ അടക്കിനിര്‍ത്തിയപ്പോള്‍ അതിന്റെ കൂടെ നിന്ന് നിശബ്ദരായ നിങ്ങളോടുമുള്ള ചോദ്യമാണ്. ഈ ചോദ്യം മുസ്ലിം സമുദായത്തോടുള്ള ചോദ്യം തന്നെയാണ്. നിങ്ങളുടെ നിസ്സഹായതയോടുള്ള ചോദ്യചിഹ്നമാണ്.
ഫാത്തിമാ നഫീസ് ഇന്നും ചോദിക്കുന്നുണ്ട്. എവിടെയാണ് എന്റെ മകന്‍ നജീബ് എന്ന്. ഈ ചോദ്യം നമ്മുടെയെല്ലാം നെഞ്ചില്‍ തുളഞ്ഞുകയറിയിട്ടുണ്ട്. കേന്ദ്ര സര്‍വ്വകലാശാലകളില്‍ എത്തുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹമാണ് നജീബ് അഹമ്മദിലും തുടര്‍ന്ന് ജാമിഅയിലും ജെഎന്‍യുവിലും എല്ലാം ഉണ്ടായിട്ടുള്ള കൃത്യമായ വിദ്യാര്‍ത്ഥി വേട്ട സൂചിപ്പിക്കുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ചുകൊണ്ട് ജയിലിലിട്ടിരിക്കുന്നു. അതുകൊണ്ട് അവരെ നിശ്ശബ്ദരാക്കാമെന്ന് നിങ്ങള്‍ വ്യാമോഹിക്കരുത്. നിങ്ങളുടെ ജയിലറകളെ ഭേദിച്ചുകൊണ്ട് ഇവിടെയുള്ള മുസ്ലിം വിദ്യാര്‍ത്ഥി ചെറുപ്പം മുന്നോട്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും നിങ്ങളുടെ രക്ഷാകര്‍തൃത്വം അംഗീകരിച്ചുകൊണ്ട് ജീവിക്കുവാനല്ല തീരുമാനിച്ചിരിക്കുന്നത്, മുന്നോട്ടുവന്ന് സ്വയം ആത്മാഭിമാനത്തോടെ സംഘടിച്ചുകൊണ്ട് നിങ്ങളോട് ചോദിക്കുകയാണ് എവിടെയാണ് നജീബ് എന്ന്. ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുവാനുള്ള എല്ലാവിധ ത്രാണിയും നമ്മള്‍ക്കുണ്ട്. അത് ഇവിടെയുള്ള മതേതര രക്ഷാകര്‍തൃത്വങ്ങളെ കണ്ടുകൊണ്ടല്ല നമ്മള്‍ ചോദിക്കുന്നത്. ഇവിടെയുള്ള നീതിപീഠങ്ങളെ കണ്ടുകൊണ്ടുമല്ല നമ്മള്‍ ചോദിക്കുന്നത്. ഫാത്തിമാ നഫീസിന് വേണ്ടി, നജീബ് അഹമ്മദിന് വേണ്ടി ദുആ ചെയ്തുകൊണ്ട്, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ ചോദ്യം വീണ്ടും വീണ്ടും ഉയര്‍ത്തും.”
ജില്ലാ സെക്രട്ടറി ശരീഫ് സി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി നേതാവ് യഹ്‌യ കടന്നമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി സമാപനം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഫ്സൽ മങ്കട, ഹുദാ ഫാത്തിമ, സലാം കൊണ്ടോട്ടി, അംജദ് ഫത്താഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.