ആക്റ്റിവിസ്റ്റുകൾക്ക് പ്രവേശനം നൽകില്ലെന്ന നിലപാട് സർക്കാരിനില്ല; കടകംപള്ളിയെ തള്ളി കോടിയേരി
ശബരിമലയിൽ സന്ദർശനം നടത്താനെത്തുന്ന സ്ത്രീകൾ ആക്റ്റിവിസ്റ്റാണെങ്കിലും അല്ലെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ”വിശ്വാസത്തിന്‍റെ പേരിൽ അവിടെ കടക്കുന്ന ഏതൊരു സ്ത്രീക്കും അവർ ആക്റ്റിവിസ്റ്റ് ആയാലും ഇല്ലെങ്കിലും അവർക്ക് പ്രവേശനം കൊടുക്കണം. ഒരു സ്ത്രീയിൽ ആക്റ്റിവിസ്റ്റും ഉണ്ടാകും അല്ലാത്തവരും ഉണ്ടാവും.വരുന്നയാൾ ആക്റ്റിവിസ്റ്റ് ആണോ അല്ലയോ എന്ന് നോക്കി കൊടുക്കാൻ പറ്റുവോ?.സ്ത്രീകൾക്ക് എല്ലാം പ്രവേശനം കൊടുക്കണം ആക്റ്റിവിസ്റ്റിന് കൊടുക്കരുത് എന്നൊരു നിലപാട് എടുക്കാൻ സാധ്യമല്ല. അങ്ങനെയൊരു നിലപാട് ഗവൺമെന്‍റിന് ഇല്ല”. കോടിയേരി പറഞ്ഞു. ഇന്ന് ശബരിമലിയൽ കവിതാ ജക്കാൾ, രഹ്ന ഫാത്തിമ എന്നീ യുവതികൾ പൊലീസ് സംരക്ഷണത്തിൽ സന്നിധാനത്ത് നടപ്പന്തൽ വരെയെത്തിയ സംഭവത്തിൽ ആക്റ്റിവിസ്റ്റുകൾക്ക് വരാനുള്ള സ്ഥലമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ശബരിമല കേസിൽ കോടതി എന്താണ് പറയുന്നത് അത് നടപ്പാക്കും എന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ആ സർക്കാർ തന്നെ റിവ്യൂ ഹർജിയുമായി ചെന്നാൽ കോടതി പരിഹസിക്കുമെന്നും കോടിയേരി പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഭക്തൻമാർക്കിടയിൽ ആക്രമികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്ന കാര്യവും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 50- മുതൽ മൂവായിരം വരെ ആളുകൾ അയ്യപ്പഭക്തൻമാർക്കിടയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നതെന്നും അദ്ദേഹം പറയുന്നു.