ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശ സുരക്ഷാ നിയമം പിന്‍വലിച്ച് അലഹാബാദ് ഹെെ കോടതി; ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവ്
ഡോ.കഫീല്‍ ഖാനെതിരെയുള്ള ദേശീയ സുരക്ഷാ നിയമ കേസ് അലഹാബാദ് ഹൈ കോടതി പിന്‍വലിച്ചു. ഡോക്റ്ററെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവ് ആവശ്യപ്പെടുന്നു.
ഫെബ്രുവരി 28ന് ഡോ.കഫീലിന്റെ മാതാവ് നുസ്സത് പര്‍വീണ്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് മാര്‍ച്ച് 18ന് അലഹാബാദ് ഹൈക്കോടതിയോട് കേസ് പരിഗണിക്കാനാവശ്യപ്പെടുകയായിരുന്നു.
2019 ഡിസംബറില്‍ അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നടത്തിയ പ്രസംഗം വര്‍ഗീയമാണ് എന്ന കുറ്റമാരോപിച്ച് ജനുവരിയിലാണ് ഡോ.കഫീല്‍ ഖാനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ ഈ കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മോചനം അനുവദിക്കപ്പെട്ടില്ല. അതേത്തുടര്‍ന്ന് മഥുര ജയിലില്‍ ഡോക്ടറുടെ കസ്റ്റഡി ദിവസങ്ങളോളം നീളുകയും യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു.
ജൂണ്‍ 11 മുതല്‍ ഓഗസ്റ്റ് 28 വരെ 13 തവണയാണ് അലഹാബാദ് ഹൈക്കോടതി വിചാരണ നീട്ടിവെച്ചത്.