കശ്മീരിനെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റ്; ചിത്രകാരനെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു; നടപടി ആർ എസ് എസുകാരുടെ പരാതിയിലെന്ന് ആരോപണം
കശ്മീരിനെക്കുറിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റിന്‍റെ പേരില്‍ ചിത്രകാരൻ സുധി ഷൺമുഖനെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽക്കാരായ ആർഎസ്എസുകാർ നൽകിയ പരാതിയിലാണ് സുധി ഷൺമുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
കശ്മീരി എഴുത്തുകാരൻ മുഹമ്മദ് അലിയുടെ ‘അഭിമാനിക്കാൻ ഒന്നുമില്ല’ എന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗത്തിന്റെ മലയാള മൊഴിമാറ്റമാണ് സുധി ഷൺമുഖന്‍ പോസ്റ്റ് ചെയ്തത്. 1993ൽ കുനാൻ, പോഷ്പോറ ഗ്രാമങ്ങളിൽ ഇന്ത്യൻ സെെന്യം നടത്തിയ കൂട്ട ബലാത്സംഗം ആണ് ഈ ഭാഗത്തിൽ പരാമർശിക്കുന്നത്. ഇന്ത്യന്‍ സെെന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് താന്‍ എതിരാണെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റിന്‍റെ പേരിലും സുധിക്കെതിരെ സെെബര്‍ ആക്രമണം നടക്കുന്നുണ്ട്.
പോസ്റ്റ് ചെയ്ത കവിത സെെനികരുടെ ആത്മവീര്യം കെടുത്തുന്നതല്ലേ എന്നും ഇത്തരം സാഹചര്യത്തിൽ ഇങ്ങനെയൊരു കവിത പോസ്റ്റ് ചെയ്യാമോ എന്നും പൊലീസ് സുധിയോട് ചോദിച്ചതായി സുധിയുടെ സുഹൃത്ത് വിപിൻദാസ് പറയുന്നു.
പരാതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ പൊലീസ് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.