”അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ അവരെന്നെ കൊല്ലുമായിരുന്നു”; പൊലീസ് ആക്രമണത്തെക്കുറിച്ച് കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ കമ്രാന്‍ യൂസുഫ്
എൻകൗണ്ടർ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കശ്മീരി മാധ്യമപ്രവര്‍ത്തകന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാവുമായിരുന്നുവെന്നാണ് ഫോട്ടോജേണലിസ്റ്റ് കമ്രാന് യൂസുഫ് സംഭവത്തെപ്പറ്റി പറഞ്ഞത്. തെക്കന്‍ കശ്മീരിലെ പുള്‍വാമയിലാണ് സംഭവം. കമ്രാന്‍ യൂസുഫ് അടക്കം മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പൊലീസ് ആക്രമണത്തില്‍ പരിക്കറ്റത്.
”കശ്മീരിൽ ഫോട്ടോ ജേണലിസ്റ്റായി ജോലി ചെയ്ത് തുടങ്ങിയത് മുതൽ ഇത്തരം ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ സംഭവമല്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇന്നലെ ഉണ്ടായിരുന്ന ആക്രമണം. ഇത്തവണ അവർ എന്നെ തുടർച്ചയായി മർദ്ദിച്ചു. അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞത് കൊണ്ടുമാത്രമാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. എന്‍റെ കാലിന്‍റെ എല്ലിൽ ചെറിയ പൊട്ടലുണ്ട്. അതു മാറാൻ വിശ്രമം ആവശ്യമാണ്. കമ്രാൻ യൂസഫ് കീബോർഡ് ജേണലിനോട് പറഞ്ഞു. ഫെെസൽ ബഷീർ, റെഷി ഇർഷാദ് എന്നിവരായിരുന്നു കമ്രാൻ യൂസഫിനൊപ്പം ആക്രമിക്കപ്പെട്ടത്.
സൈനിക നീക്കം നടക്കുന്നതിന്‍റെ 200 മീറ്റര്‍ ചുറ്റളവിന് പുറത്തായിരുന്നു കമ്രാന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. ”ഫോട്ടോ എടുത്തു തുടങ്ങിയപ്പോള്‍ സിആര്‍പിഎഫ് അംഗങ്ങള്‍ ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകരോട് അവിടംവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. അവിടെനിന്നും പോയിത്തുടങ്ങുമ്പോള്‍ പൊലീസ് എന്നെ തിരിച്ചുവിളിക്കുകയും ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. എനിക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല, മാത്രമല്ല ക്യാമറ നശിപ്പിക്കപ്പെടാതെ നോക്കുകയും വേണമായിരുന്നു.’ ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും ഇടുപ്പിലും പരിക്കുകളുണ്ട് എന്നും കമ്രാന്‍ യൂസഫ് മാധ്യമങ്ങളോട് പറഞ്ഞുപറഞ്ഞു. കമ്രാനെ ശ്രീനഗര്‍ എസ്എംഎച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.
പൊലീസ് ആക്രമണത്തിന് ശേഷം കമ്രാന്‍ യൂസുഫ് നടത്തിയ പ്രസ്താവന
2017ല്‍ എനിക്കെതിരെ ഒരു വ്യാജ കേസ് ചുമത്തപ്പെട്ട് ആറു മാസങ്ങള്‍ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോള്‍ എനിക്ക് ഇരുപത്തിരണ്ട് വയസ്സായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട ആദ്യത്തെ കശ്മീരി മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. എന്‍റെ ഒരേയൊരു തെറ്റ് ഞാന്‍ പ്രൊഫഷണലായി മാധ്യമപ്രവര്‍ത്തനം ചെയ്തു എന്നതാണ്. എനിക്കെതിരെയുള്ള കുറ്റാരോപണങ്ങളില്‍ ഒന്ന് ഞാന്‍ എല്ലായിടത്തും ചെന്ന് ഫോട്ടോ എടുക്കുന്നു എന്നതാണ്. എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ഒറ്റയ്ക്ക് എന്നെ വളര്‍ത്തിയ ഉമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും നരകത്തിലൂടെയാണ് പിന്നീട് പോകേണ്ടിവന്നത്. എന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന മാധ്യമസ്ഥാപനം എന്നെ ജോലിയില്‍ നിന്നും അതോടെ നീക്കം ചെയ്യുകയും എന്നെ തള്ളിപ്പറയുകയും ചെയ്തു. എന്തിനാണ് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി ആഴ്ചകളോളം ചോദ്യം ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റിയ നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നതും വീണ്ടും ജോലി ചെയ്യാന്‍ പറ്റുന്നു എന്നതും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതാറുള്ളത്. എന്നെ പിന്നീട് സഹായിച്ച ഒരേയൊരു പ്രതിരോധം എന്റെ മാധ്യമപ്രവര്‍ത്തനമാണ്. എന്റെ ഒരേയൊരു ലക്ഷ്യം കശ്മീരിന്റെ കഥകള്‍ രേഖപ്പെടുത്തുന്ന നല്ലൊരു പ്രൊഫഷണല്‍ ജേണലിസ്റ്റ് ആകുക എന്നതായിരുന്നു, ഇപ്പോഴുമതെ. എന്റെ മാധ്യമപ്രവര്‍ത്തക ജീവിതത്തിലെ ഓരോ ദിവസവും ഞാന്‍ കാണുന്ന സഹനവും വേദനയും തീവ്രമായി ജോലി ചെയ്യാനുള്ള എന്റെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോയി.
അതുകൊണ്ട് മാത്രമാണ് രണ്ടര വര്‍ഷംമുമ്പ് ജാമ്യം നേടി ജയില്‍ മോചിതനായ ശേഷം ഞാന്‍ വളരെ പെട്ടെന്ന് തന്നെ ജോലിയിലേക്ക് തിരിച്ചെത്തിയത്. ഞാന്‍ വളരെ സാധാരണമായൊരു കുടുംബത്തില്‍ നിന്നാണ്. എന്റെ ആദ്യത്തെ ക്യാമറ ഒരു സെക്കന്റ് ഹാന്‍ഡ് ക്യാമറയായിരുന്നു, അത് ഞാന്‍ വാങ്ങിയത് വര്‍ഷങ്ങളോളം പോക്കറ്റ് മണി സൂക്ഷിച്ചുവെച്ചായിരുന്നു. എനിക്ക് പണമുണ്ടായിരുന്നില്ല, മൂലധനവും ഉണ്ടായിരുന്നില്ല. എന്റെ ആഗ്രഹങ്ങളും ക്യാമറയുമായി ഉള്‍ഗ്രാമങ്ങളിലേക്ക് പോയി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യവും സങ്കല്‍പിക്കാന്‍ പോലുമാകാത്ത പ്രശ്‌നങ്ങള്‍ക്കിടയിലും എന്നെ മുന്നോട്ടുകൊണ്ടുപോയി. ഇതുവരെയും എന്റെ സഹനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നില്ല, കാരണം എന്റെ സഹനവും പ്രൊഫഷണല്‍ ഫോട്ടോ ജേണലിസ്റ്റ് ആകാന്‍ ഞാന്‍ നല്‍കിയ വിലയും ഫോട്ടോജേണലിസ്റ്റ് എന്ന നിലയില്‍ ഞാന്‍ സാക്ഷിയാകുന്ന കാര്യങ്ങളേക്കാള്‍ എത്രയോ ചെറുതാണ് എന്ന് വിശ്വസിച്ചിരുന്നു. ഒരു സംഭവം കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍, പറയേണ്ട രീതിയില്‍ ഒരു സ്റ്റോറി പറഞ്ഞുകഴിഞ്ഞാല്‍, ഏറ്റവും നന്നായി ജോലി പൂര്‍ത്തിയാക്കുമ്പോഴുള്ള സംതൃപ്തിയാണ് എനിക്ക് കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം.
ഇന്ന്, കാക്‌പോറയിലെ മര്‍വാലില്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അനുഗമിച്ച ഒരു സംഘം പൊലീസ് എന്നെ ക്രൂരമായി ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഒരു കാരണവും ഇല്ലാതെ റൈഫിള്‍ ബട്ട് കൊണ്ട് എന്നെ അടിക്കുകയും എന്റെ മേലേക്ക് ഇടിച്ചുകയറുകയും ചെയ്ത അവര്‍ ഏകദേശം പത്തുപേരുണ്ടായിരുന്നു. ഉപദ്രവിക്കരുത് എന്ന് ഞാനവരോട് അപേക്ഷിച്ചു. എല്ലാ ശക്തിയുമെടുത്ത് അവരില്‍നിന്നും രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍
മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തെ കശ്മീർ പ്രസ് ക്ലബ് അപലപിച്ചു. ജോലിയിൽ തടസ്സം സൃഷ്ടിക്കാൻ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഉണ്ടായത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള പൊലീസ് ആക്രമണങ്ങളും സമൻസും ആദ്യത്തെ സംഭവമല്ല. മാധ്യമപ്രവർത്തകരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകണമെന്ന് കശ്മീർ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമിക്കപ്പെടുന്ന സാഹചര്യത്തെ ജമ്മു കശ്മീർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ലെഫ്റ്റനന്റ് ഗവർണറുടെയും ശ്രദ്ധയിൽ പെടുത്തുന്നുവെന്നും കശ്മീർ പ്രസ് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കശ്മീരിൽ അടിസ്ഥാനതലത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നാണ് യുഎൻ ഹ്യുമൻ റെെറ്റ്സ് കൗൺസിലിൽ ഇന്ത്യയുടെ സ്ഥിര പ്രതിനിധി ഇന്ദ്ര മണി പാണ്ഡേ അവകാശപ്പെടുന്നത്. ജമ്മു കശ്മീരിൽ അയൽ രാജ്യത്തിന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ച് ഇന്ത്യ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പാക്കുന്നു എന്നും ആർട്ടിക്കിൾ 370ന്‍റെ ഭേദഗതിക്ക് ശേഷവും കശ്മീരിലെ ജനങ്ങൾ ഇന്ത്യയിലെെ ജനങ്ങൾക്ക് സമാനമായ അവകാശങ്ങൾ ആസ്വദിക്കുന്നുണ്ട് എന്നും പാണ്ഡേ അവകാശപ്പെട്ടു. ഇന്നലെ യുഎൻ ഹ്യുമൻ റെെറ്റ്സ് കൗൺസിൽ ചീഫ് മിഷേൽ ബാഷേൽ ഗ്ലോബൽ ഹ്യുമൻ റെെറ്റ്സ് അപ്ഡേറ്റിൽ ഇന്ത്യയെ പരാമർശിച്ചുകൊണ്ട് ജമ്മു കശ്മീരിൽ തുടരുന്ന പൊലീസ്, സെെനിക അതിക്രമങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നു.
ഭരണഘടനാ പദവിയിലെ മാറ്റവും കശ്മീരി പൗരത്വ നിയമ ഭേദഗതിയും ആഴമേറിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്ന് മിഷേൽ പറഞ്ഞു. കശ്മീരിലെ പുതിയ മാധ്യമ നയം വിമർശനത്തിനുള്ള സാധ്യത വെട്ടിച്ചുരുക്കി, രാഷ്ട്രീയ സംവാദത്തിനും പൊതു പങ്കാളിത്തത്തിനുമുള്ള തീവ്ര നിയന്ത്രണം തുടരുന്നു, പ്രത്യേകിച്ച് പുതിയ മാധ്യമ നയങ്ങൾ കൃത്യതയില്ലാതെ നിർവ്വചിക്കപ്പെട്ട -ദേശ വിരുദ്ധ മാധ്യമപ്രവർത്തനം- തടയുകയും ചെയ്യുന്നു എന്നും അവർ പറഞ്ഞു.
കശ്മീരി രാഷ്ട്രീയ നേതാക്കളുടെ മോചനം സ്വാഗതാർഹമാണ്, എന്നാൽ നൂറുകണക്കിനുപേർ ഇപ്പോഴും തടവിൽ തുടരുകയാണ്. നിരവധി ഹേബിയസ് കോർപസ് പരാതികൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. കശ്മീരിന്‍റെ രണ്ട് ജില്ലകളിൽ 4ജി ഇന്റർനെറ്റ് പുനസ്ഥാപിച്ചത് കശ്മീർ മുഴുവനായി വ്യാപിപ്പിക്കണമെന്നും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും കശ്മീരി ജനതയുടെ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനും, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ സംവാദം തുടരുമെന്നും മിഷേൽ പറഞ്ഞു.