ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു

By on

ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥീരീകരിച്ചു.സുരക്ഷ ഒരുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ എതിര്‍പ്പ് ഉണ്ടായപ്പോഴാണ് സ്ത്രീകള്‍ക്ക് കയറാന്‍ സാധിക്കാതെ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിഷേധവും നേരിടേണ്ടി വന്നില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുലർച്ചെ ഒരു മണിയോടെയാണ് യുവതികൾ പമ്പയിൽ എത്തിയത്. ബിന്ദുവും കനകദുര്‍ഗയുമാണ് പൊലീസ് സംരക്ഷണയിൽ ദര്‍ശനം നടത്തിയത്.  വി.ഐ.പി ഗെയ്റ്റ് വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. പുർച്ചെ 3:45 നാണ് യുവതികൾ ദർശനം നടത്തിയത്. ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷ നല്‍കിയിരുന്നുവെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.

ഡിസംബർ 24 ന് ശബരിമല ദർശനത്തിനായി എത്തിയ യുവതികൾ

ഈ മാസം 24ന് കനകദുർഗയും ബിന്ദുവും  മറ്റു രണ്ട് യുവതികളോടൊപ്പം  ശബരിമല ദർശനത്തിനായി എത്തിയിരുന്നു. അതേ ദിവസമാണ് മനീതി പ്രവർത്തകരും ദർശനത്തിനായി ശബരിമലയിൽ എത്തിയത്‌. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കാൻ ശ്രമിക്കുകയും ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ആർത്തവ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ പ്രതിഷേധിച്ച് യുവതികൾ ആശുപത്രിയിൽ ഉപവാസം അനുഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന്  പൊലീസ്  ഇവർക്ക് ഉറപ്പു നൽകിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്.

ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്.


Read More Related Articles