ശബരിമലയിലെ യുവതീവിലക്ക് ആചാരപ്രകാരമല്ല ; വിലക്കിയത് 1991 ലെ ഹൈക്കോടതി വിധി
നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന് ഒടുക്കം കുറിച്ചാണ് സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മലകയറാനുള്ള അനുവാദം നൽകിയത് എന്നാണ് പൊതുബോധ മണ്ഡലത്തിൽ സുപ്രീംകോടതി വിധി റിപ്പോർട്ട് ചെയ്തുകൊണ്ട് മാധ്യമങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ശബരിമലയിൽ സ്ത്രീകളെ വിലക്കിയിരുന്ന ആചാരത്തിന് നിയമത്തിന്റെ പരിരക്ഷ നൽകിയത് 1991 ലെ കേരള ഹൈക്കോടതി വിധിയാണ്. അതുവരെ ആചാരം മറികടന്ന് സ്ത്രീകൾ സന്നിധാനത്ത് എത്തിയിരുന്നു. മണ്ഡലകാലത്തും വിഷുവിനും മാത്രമായിരുന്നു ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ പോവാതിരുന്നിരുന്നത് എന്ന് സ്ത്രീകളെ പാടേ നിരോധിച്ചുകൊണ്ടുള്ള വിധിയിൽ പോലും സൂചനകളുണ്ട്. 1991 ൽ ജൻമഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി നൽകിയ സ്വകാര്യ അന്യായം പൊതു താത്പര്യ ഹർജിയാക്കി പരിവർത്തിപ്പിച്ച് ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റിസ് കെ ബി മാരാരും ആ വിധി പ്രഖ്യാപിച്ചിരുന്നിരുന്നില്ലെങ്കിൽ നിലവിൽ തന്നെ അയഞ്ഞു തുടങ്ങിയിരുന്ന ആചാരം കാലക്രമേണ ഇല്ലാതാകുമായിരുന്നു. എന്ന് പറഞ്ഞാൽ ആ നിരോധനം ആചാരപ്രകാരമല്ല കോടതി വിധി പ്രകാരമായിരുന്നു. 1991 ലെ ഹൈക്കോടതി വിധിയെ റദ്ദുചെയ്യുകയാണ് ഫലത്തിൽ സുപ്രീംകോടതി 28-9-2018 ന് പ്രഖ്യാപിച്ച വിധിയിലൂടെ ചെയ്തത്.
എസ് മഹേന്ദ്രൻ വെഴ്സസ് സെക്രട്ടറി ട്രാവൻകൂർ
ആചാരം ലംഘിക്കപ്പെടുന്നുവെന്ന് കാട്ടി ജസ്റ്റിസ് പരിപൂർണ്ണന് ചങ്ങനാശ്ശേരിയിലെ പെരുന്നയിലെ കെപിഎസ് ഭവനിൽ മഹേന്ദ്രൻ അയച്ച പരാതിയോടെയാണ് സ്ത്രീവിലക്ക് ശരിക്കും വിലക്ക് ആവുന്നത്. സ്വകാര്യപരാതിയായ ലഭിച്ചത് പൊതുതാത്പര്യ ഹർജിയാക്കി മാറ്റുകയായിരുന്നു. ജഡ്ജിമാരായ കെ പരിപൂർണ്ണനും, കെ ബി മാരാരും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആചാരത്തിന് വിരുദ്ധമായി സ്ത്രീകൾ ശബരിമല സന്നിധാനത്ത് എത്തുന്നുവെന്നും വി ഐ പി കളുടെ ഭാര്യമാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുമായിരുന്നു മഹേന്ദ്രന്റെ പരാതി. തിരുവിതാംകൂർ ദേവസ്വം ബോഡ് കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ മകളുടെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് സന്നിധാനത്ത് നടന്ന സംഭവമാണ് മഹേന്ദ്രൻ ഹർജിയിൽ എടുത്തുകാട്ടിയിരുന്നത്. ചന്ദ്രികയുടെ മകളും കുട്ടിയും മറ്റ് ചില സ്ത്രീകളും ഫോട്ടോഗ്രാഫറുമടങ്ങുന്ന സംഘമാണ് ശബരിമലയിൽ ചോറൂണ് ചടങ്ങിൽ ഉണ്ടായിരുന്നത്. 19-8-1990 ൽ ജൻമഭൂമി പ്രസിദ്ധീകരിച്ച വാർത്തയാണ് ഹർജിക്കൊപ്പം നൽകിയത്.
24-9-1990 ൽ ഹർജി ഹൈക്കോടതി പരിഗണിച്ചു. ഒക്ടോബർ 3 ന് കോടതിയിൽ ഹാജരാവാൻ എസ് ചന്ദ്രികയ്ക്ക് കോടതി നോട്ടീസ് അയച്ചു. ഒപ്പം വിശദീകരണം നൽകാൻ പരാതിക്കാരനോടും ആവശ്യപ്പെട്ടു. എന്നാൽ ദേവസ്വം കമ്മീഷണറായിരുന്ന ചന്ദ്രിക കോടതിയിൽ ഹാജരായെങ്കിലും വിശദീകരണം എഴുതി നൽകിയില്ല. ദേവസ്വം ബോഡും രേഖാമൂലം വിശദീകരണം നൽകിയില്ല. പരാതിക്കാരനെയും ചന്ദ്രികയെയും ദേവസ്വം ബോഡിനെയും കേട്ട ശേഷം പരാതി അതീവ ഗൗരവമുള്ളതാണെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. പരാതി അതീവ ഗൗരവമുള്ളതും മൗലികവും ശബരിമല ക്ഷേത്രവിശ്വാസത്തിൻമേൽ മഹത്തായ പ്രഭാവം ഉളവാക്കാൻ ശേഷിയുള്ളതാണെന്നും തങ്ങൾക്ക് തോന്നിയെന്നും ഹൈക്കോടതി ബെഞ്ച് അംഗങ്ങൾ പ്രസ്താവിക്കുന്നു. അതുകൊണ്ട് പരാതി ഭരണഘടനയുടെ 226 ആം വകുപ്പ് പ്രകാരം പൊതുതാത്പര്യ ഹർജിയായി പരിവർത്തിപ്പിച്ചു. മുതിർന്ന അഭിഭാഷകനായ ബാലഗംഗാധര മേനോനെ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. പരാതിക്കാനുവേണ്ടി ഈ അഭിഭാഷകൻ തന്നെ ഹാജരാവാനും നിർദ്ദേശിച്ചു. എസ് ചന്ദ്രികയും അന്നത്തെ ചീഫ് സെക്രട്ടറിയും പരാതിയിൽ എതിർകക്ഷികളായി. നിലവിലെ തന്ത്രി അടക്കം പഴയ തിരുവിതാംകൂറിലെ എല്ലാ തന്ത്രി മുഖ്യരുടെയും പട്ടിക തയ്യാറാക്കാൻ കോടതി ദേവസ്വം ബോഡ് വക്കീലിനോടും നിർദ്ദേശിച്ചു. ഇരുപക്ഷത്തു നിന്നും തന്ത്രിമാരുടെ പേരുകളും വിലാസങ്ങളും സമർപ്പിക്കപ്പെട്ടു. ഈ പട്ടികയിൽ നിന്നും 9 സാക്ഷികളെ തീരുമാനിച്ചു. ഇതിൽ എഴാം നമ്പർ സാക്ഷി പന്തളം കൊട്ടാരത്തിലെ കേരളവർമരാജയായിരുന്നു. അദ്ദേഹം പരാതിക്കാരന്റെ സാക്ഷിയായി. 1, 4, 6, 9 ഉം കോടതി സാക്ഷികളും. 5, 8 സാക്ഷികൾ ഒഴിവാക്കപ്പെട്ടു.
ഇന്ത്യൻ ഫെഡറേഷൻ ഫോർ വിമെൻ ലോയേഴ്സ് കേസിൽ കക്ഷി ചേർന്നു, ആർ എസ് എസ് നിയന്ത്രണത്തിലുള്ള കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡന്റ് എം പി ഗോപാലകൃഷ്ണനെയും കക്ഷി ചേരാൻ കോടതി അനുവദിച്ചു.
സ്ത്രീകളെ വിലക്കുന്നത് ആചാരമല്ലെന്ന് ദേവസ്വം ബോഡ് വാദം
ഇന്നത്തെ ദേവസ്വം ബോഡിനേക്കാൾ ഏറെ പുരോഗമനപരമായി തന്നെയാണ് അന്ന് ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോഡ് കോടതിയിൽ നിലപാട് സ്വീകരിച്ചത്. പരാതിക്കാരന്റെ പരാതിയെ 226 വകുപ്പ് പ്രകാരം പൊതു താത്പര്യ ഹർജിയായി പരിവർത്തിപ്പിച്ചതിനെ ആദ്യം തന്നെ എതിർ സത്യവാങ്മൂലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോഡ് ചോദ്യം ചെയ്തു. കേസ് ഹിന്ദു സമൂഹത്തെ മാത്രം ബാധിക്കുന്ന കാര്യമാണെന്നും അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ബോഡ് വാദിച്ചു. എതിർകക്ഷിയായ ഹിന്ദു സ്ത്രീയ്ക്ക് ഒരു വിശ്വാസിയെന്ന നിലയ്ക്ക് ഹിന്ദുമതത്തിൻമേലുള്ള പ്രാതിനിധ്യ ശേഷിയെ ചോദ്യം ചെയ്യാനുള്ള പരാതിക്കാരന്റെ അവകാശത്തെയും ബോഡ് ചോദ്യം ചെയ്തു. മതത്തിലെ പുരുഷൻമാരുടെ മാത്രം ആശങ്കയായ പരാതിയെ ഹിന്ദുമതത്തിന്റെ ആകെമാനമുള്ള വിഷയമായി കണ്ട് വിഷയത്തിൽ ഇടപെടാനുള്ള കോടതിയുടെ അധികാരത്തെയും ബോഡ് ചോദ്യം ചെയ്തു. വിഷയത്തിൽ തീരുമാനം എടുക്കാനാവുക പാരമ്പര്യ പ്രകാരം ശബരിമല തന്ത്രികളായ താഴമൺ ഇല്ലത്തുകാരായ തന്ത്രികൾക്ക് മാത്രമാണ് എന്നും അതേസമയം പല കാര്യങ്ങളിലും തന്ത്രിമാർക്ക് തീരുമാനം കൈക്കൊള്ളാനാവാതെ വരാറുണ്ടെന്നും അപ്പോഴൊക്കെ ദേവപ്രശ്നത്തെയാണ് ആശ്രയിക്കുക എന്നും ബോഡ് കോടതിയെ അറിയിച്ചു. മുൻകാലങ്ങളിൽ സ്ത്രീകൾ മലകയറാൻ വ്യാപകമായി എത്താത്തത് കാലഘട്ടത്തിന്റേതായ പരിമിതികൾ മൂലമാണെന്നും ബോഡ് കോടതിയിൽ വാദിച്ചു. എന്നാൽ ശാസ്ത്രപുരോഗതിയുടെയും മനുഷ്യ ജീവിതത്തിന്റെ ആധുനികവത്കരണത്തിന്റെയും പശ്ചാത്തലത്തിൽ ആചാരങ്ങളും പരിഷ്കരിക്കപ്പെടും. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഹിന്ദു മതത്തിന് സാധ്യമാണെന്നും ദേവസ്വം ബോഡ് വാദിച്ചു. ശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും വിവേകാന്ദനും ഒക്കെ കൊണ്ടുവന്ന പരിഷ്കരണങ്ങളെയും ബോഡ് വാദത്തിൽ ഉദ്ധരിച്ചു.
41 ദിവസത്തെ വ്രതമെടുക്കാൻ സ്ത്രീകൾക്ക് ശാരീരികമായി കഴിയാത്തതുകൊണ്ടാണ് മണ്ഡലകാലത്ത് സ്ത്രീകളെ സന്നിധാനത്ത് ആചാരപ്രകാരം പ്രവേശിപ്പിക്കാത്തത് എന്നും അതുകൊണ്ട് സാങ്കേതികമായി മാത്രമാണ് യുവതികൾക്ക് സന്നിധാനത്ത് വിലക്ക് എന്ന ആചാരമുള്ളത് എന്നതായിരുന്നു ദേവസ്വം ബോഡിന്റെ വാദത്തിന്റെ ആകെത്തുക. ശബരിമല ക്ഷേത്രത്തിൽ തീപിടുത്തം ഉണ്ടായ 1950 ന് ശേഷം ആചാരങ്ങളിൽ കാതലായ മാറ്റം വന്നിട്ടുണ്ടെന്നും പഴയ ആചാരങ്ങൾ നിലനിൽക്കെ തന്നെ സ്ത്രീകൾ ശബരിമല സന്ദർശിക്കാറുണ്ടെന്നും ദേവസ്വം ബോഡ് വാദിച്ചു. തിരുവിതാംകൂർ മഹാരാജാവ് റാണിക്കും ദിവാനുമൊപ്പം 1115 ൽ ശബരിമല സന്ദർശിച്ച കാര്യവും വാദത്തിൽ പറഞ്ഞു. അതുകൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ വിലക്ക് ഇല്ലായിരുന്നു എന്നും വ്യക്തമാക്കി. വേർതിരിവിനെതിരെയും വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുമുള്ള ഭരണഘടനാ വകുപ്പുകളും (ആർട്ടിക്കിൾ, 15, 25, 26) ദേവസ്വം ബോഡ് എതിർ സത്യവാങ്മൂലത്തിൽ എടുത്തുകാട്ടി. സ്ത്രീപ്രവേശനത്തിന് എതിരായ ഹർജി തള്ളിക്കളയണമെന്നും ദേവസ്വം ബോഡ് ആവശ്യപ്പെട്ടു. ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നിരോധിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയും കോടതിയിൽ വ്യക്തമാക്കിയത്.
അയ്യപ്പ സേവാ സംഘത്തിന്റെ നേതാവ്, ഹിന്ദു മുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന്റെ കത്ത് തുടങ്ങിയവ ഒക്കെ കോടതി പരിഗണിച്ചു എന്നതാണ് വിധിയിൽ നിന്ന് വ്യക്തമാവുന്ന കാര്യം. ശബരിമലയിൽ നടന്ന ഒരു ചലച്ചിത്ര ചിത്രീകരണം സംബന്ധിച്ചുള്ള വിശദീകരണം ആരാഞ്ഞ് കുമ്മനം രാജശേഖരൻ അന്ന് തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരർക്ക് അയച്ച കത്തിന് അദ്ദേഹം അയച്ച മറുപടി കത്ത് വരെ കോടതി പരിഗണിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാറില്ല എന്നായിരുന്നു കത്ത്. കോടതി നടപടികളുടെ ആകെത്തുക പരിശോധിച്ചാൽ പരിപൂർണ്ണനും മാരാരും അടങ്ങിയ ഹൈക്കോടതി ബെഞ്ച് സ്ത്രീകളെ വിലക്കുന്ന വിധി പ്രഖ്യാപിച്ചത് ജൻമഭൂമി വാർത്തയിൽ അധിഷ്ഠിതമായ ചങ്ങനാശ്ശേരിക്കാരൻ മഹേന്ദ്രന്റെ പരാതിയിൽ അയ്യപ്പ സേവാ സംഘം, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെയും ഹിന്ദുമുന്നണി നേതാവ് കുമ്മനം രാജശേഖരന്റെയും ചില തന്ത്രിമാരുടെയും മാത്രം അഭിപ്രായം വസ്തുനിഷ്ഠമായി കൈക്കൊണ്ടാണ് എന്ന് മനസിലാക്കാൻ കഴിയും.