അയോധ്യയിൽ സ്ഥാപിക്കുന്ന രാമപ്രതിമയുടെ മോഡലുകൾ പുറത്തുവിട്ട് യോഗി സർക്കാർ
ബാബ്റി മസ്ജിദ് തകർക്കൽ വാർഷികമടുക്കുമ്പോൾ അയോധ്യയിൽ സരയൂ തീരത്ത് നിർമ്മിക്കാൻ പോകുന്ന രാമപ്രതിമയുടെ മോഡലുകൾ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 221 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമയാണ് നിർമ്മിക്കാൻ പോകുന്നത്.
രാമജന്മഭൂമി വരെയുള്ള അയോധ്യയുടെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയവും പ്രതിമയുടെ പീഠത്തിലുണ്ടാകും. ‘മോഡേൺ മ്യൂസിയം’ എന്നാണ് ഉത്തർപ്രദേശ് സർക്കാർ ഇതിന് പേര് നൽകിയിരിക്കുന്നത്.
ഒക്ടോബർ 31ന് ഗുജറാത്തിൽ 183 മീറ്റർ ഉയരമുള്ള സർദാർ പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് രാമ പ്രതിമ നിർമാണം പ്രഖ്യാപിച്ചത്. 100 മീറ്റർ ഉയരമുള്ള പ്രതിമ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പ്രതിമയുടെ ഉയരം 221 ആക്കുകയായിരുന്നു.