കനത്ത മഴയും കാറ്റും, മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; മുന്നൊരുക്കങ്ങൾ നടത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

By on

സംസ്ഥാനത്തു വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഒക്ടോബർ 7ന് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും. ഇടുക്കിയിൽ നാലു മുതൽ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ ന്യൂനമർദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ കലക്ടർമാർക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. രാത്രി സഞ്ചാരം ഒഴിവാക്കണം. ക്യാംപുകൾ തുറക്കുന്നതിന് കലക്ടർമാർക്ക് നിർദേശം നൽകി.

 

 


Read More Related Articles