ശബരിമല സന്നിധാനം ആർഎസ്എസ് നിയന്ത്രണത്തിൽ; പ്രതീഷ് വിശ്വനാഥും വത്സൻ തില്ലങ്കേരിയും ക്യാംപ് ചെയ്ത് നേതൃത്വം നൽകുന്നു
ശബരിമലയിലെ സ്ത്രീപ്രവേശനം സാധ്യമാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയെന്ന് കേരള പൊലീസ് ആവർത്തിക്കുമ്പോൾ സന്നിധാനം സംഘപരിവാർ നിയന്ത്രണത്തിലായിക്കഴിഞ്ഞിരിക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ മാസം ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റിലാവുകയും കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിക്കുകയും ചെയ്ത പ്രതീഷ് വിശ്വനാഥും രാഹുൽ ഈശ്വറും സന്നിധാനത്ത് ക്യാംപ് ചെയ്താണ് സുപ്രീംകോടതി വിധി തടയാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ഫെയ്സ് ഡിറ്റക്ഷൻ ക്യാമറയിൽ തിരിച്ചറിയാനുള്ള സംവിധാനം അടക്കം ഉണ്ടെന്ന് പൊലീസും സർക്കാരും അവകാശപ്പെടുമ്പോഴാണ് കേസുകളിൽ പ്രതികളായ ഇവർ സന്നിധാനത്ത് ക്യാംപ് ചെയ്യുന്നത്. നിലയ്ക്കൽ ആക്രമണകേസുമായ ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലെ പതിവ് ഒപ്പുവെയ്ക്കലിന് ഇവർ ഇവിടെ നിന്ന് നിർബാധം പോയി വരികയും ചെയ്യുന്നുണ്ട്. പമ്പയിൽ ഗണപതി ക്ഷേത്രത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും തമ്പടിച്ചിട്ടുണ്ട്.
ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി, ബിജെപി നേതാവ് എംടി രമേശ് എന്നിവർ സന്നിധാനത്ത് കഴിഞ്ഞ രാത്രിയിലും പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 3000 ലധികം ആർഎസ്എസ് പ്രവർത്തകർ നടപ്പന്തലിൽ താവളമുറപ്പിച്ച് പ്രവർത്തിക്കുന്നതായി സംഘപരിവാർ അനുകൂല ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ നിന്ന് വ്യക്തമാവുന്നു. വത്സൻ തില്ലങ്കേരി ഇവരോട് സംസാരിക്കുന്നതിന്റെ ചിത്രങ്ങളടക്കം ഇത്തരം ഗ്രൂപ്പുകളിൽ വന്നിരുന്നു. ളാഹ മുതൽ പമ്പവരെ പൊലീസ് സാന്നിധ്യം ശക്തമാണെങ്കിലും സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുന്ന ഒരു സംവിധാനവും എവിടെയും കാണാനായില്ല. സന്നിധാനത്ത് ഒരു ദിവസത്തിലധികം ആരെയും തങ്ങാനനവുദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വെറുംവാക്കായി മാറുകയാണ് ഉണ്ടായത്.
സന്നിധാനത്ത് ദർശനത്തിന് എത്തുന്ന യുവതികളെ കസ്റ്റഡിയിലെടുക്കുക എന്നതാണ് സുരക്ഷയുടെ പേരിൽ പൊലീസ് എത്തുന്നത്. ഇന്നലെ ശബരിമല സന്ദർശനത്തിന് എത്തിയ ചേർത്തല സ്വദേശിയായ യുവതിയെ ഇന്ന് പുലർച്ച വരെ പമ്പയില പൊലീസ് കൺട്രോൾ റൂമിൽ തടഞ്ഞുവച്ചു. പ്രായപൂർത്തിയായ യുവതിയെ അവരുടെ വീട്ടുകാർ വരാതെ വിട്ടയക്കില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്