കത്വയിൽ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ കുറ്റക്കാരെന്ന് കോടതി
ജമ്മുവിലെ കത്വയിൽ എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോയി മയക്കുമരുന്നു നൽകി നാലു ദിവസം തുടർച്ചയായി പീഡിപ്പിക്കുകയും പിന്നീട് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 7 പ്രതികളിൽ ആറ് പേർ കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി കണ്ടെത്തി. സഞ്ജി റാം, അയാളുടെ മകൻ വിശാൽ, മരുമകൻ, പൊലീസുകാരായ ദീപക് ഖജൂരിയ, സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൽ തിലക് രാജ്, സബ്-ഇൻസ്പെക്റ്റർ ആനന്ദ് ദത്ത എന്നിവരാണ് കേസിലെ പ്രതികൾ, സഞ്ജി റാമിന്‍റെ മകൻ വിശാലിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. സഞ്ജി റാമാണ് ബലാത്സംഗ കൊലപാതകത്തിന്റെ ആസൂത്രകൻ.
ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രഖ്യാപിയ്ക്കും
പൂർണ്ണമായും വിഡിയോയിൽ ചിത്രീകരിച്ച വിചാരണ ജൂൺ 3 നാണ് അവസാനിച്ചത്. കോടതി പരിസരത്ത് കനത്ത സുരക്ഷയും കാവലുമാണ് വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്നത്. രാവിലെ 10. 38 ഓടെ പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. 11. 41 ന് ജഡ്ജിമാർ വിധി പ്രസ്താവം തുടങ്ങി.
2018 ന് ജനുവരി 10 നാണ് നാടോടി മുസ്ലിം കുടുംബത്തിലെ എട്ട് വയസുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കത്വയിലെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ ശേഷമാണ് കുട്ടിയെ നാലു ദിവസത്തെ തുടർച്ചയായ പീഡനത്തിനൊടുവിൽ കൊന്നത്. ഗ്രാമമുഖ്യനായ സഞ്ജി റാമിനെയും, മകൻ വിശാലിനെയും, മരുമകനെയും പൊലീസുകാരായ ദീപക് ഖജുരിയെയും സുരേന്ദർ വെർമയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തും. കേസിൽ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നിർണ്ണായക തെളിവുകൾ നശിപ്പിച്ചതിന് അറസ്റ്റ് ചെയ്തു.
കൊലപാതകം (320), കൂട്ടബലാത്സംഗം (376-D), കുറ്റകരമായ ഗൂഢാലോചന(120-B) തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരുന്നത്.