മാവോയിസ്റ്റ് നേതാവ് വേല്‍മുരുഗന്‍റെ ഏറ്റുമുട്ടല്‍ കൊലപാതകം; പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
വയനാട് പടിഞ്ഞാറേത്തറയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണമുയര്‍ത്തുകയാണ് വിവിധ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ മാവോയിസ്റ്റ് ആണ് വേല്‍മുരുഗന്‍ എന്നതും ഭരണപരമായി പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ പതിവാകുകയാണ് എന്നുമാണ് ഈ ഭരണകൂട നടപടിക്ക് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം.
ഈ സാഹചര്യത്തില്‍, നടന്നത് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്ന പൊലീസ് ഭാഷ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. മാവോയിസ്റ്റ്- തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്‍ കേസുകള്‍ (നവംബര്‍ 2016 നിലമ്പൂര്‍, മാര്‍ച്ച് 2019 വൈത്തിരി, ഒക്ടോബര്‍ 2019 മഞ്ചക്കണ്ടി) പിന്നീട് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ആണ് എന്ന് തെളിയിക്കപ്പെട്ടവയാണ്. ഇത്തവണ, സംഭവസ്ഥലത്തേക്ക് കടത്തിവിടാത്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറേത്തറ വാളാരംകുന്നില്‍ സംഭവം നടന്ന് അടുത്ത ദിവസം മാത്രമാണ് പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ മാത്രം ചുരുക്കം ചില മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് സംഭവ സ്ഥലത്തേക്ക് പ്രവേശനം ലഭിക്കുന്നത്. അതിനാല്‍, ഏറ്റുമുട്ടല്‍ നടന്ന ദിവസം പുറത്തുവിട്ട ദൃശ്യങ്ങളും ഒരു ദിവസം കഴിഞ്ഞ് ഈ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളും സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നവയാണ്.
കൊല്ലപ്പെട്ട മുപ്പത്തിരണ്ട് വയസ്സുകാരനായ തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുഗന്‍ മഥുരൈ ഗവണ്മെന്റ് ലോ കോളേജില്‍ നിയമപഠനം ഉപേക്ഷിച്ച് മാവോയിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകനാകുകയായിരുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ശരീരത്തില്‍ പത്തോളം വെടിയുണ്ടകള്‍ കയറിയിട്ടുണ്ടെന്നും അടുത്തുനിന്ന് വെടിവെച്ചതിനെ തുടര്‍ന്നുള്ള പൊള്ളലുകളും ഉണ്ടായിരുന്നു എന്ന് അഭിഭാഷകനായ സഹോദരന്‍ എ മുരുഗന്‍ പറയുന്നു. അറുപത്തിരണ്ടുകാരിയായ അമ്മ കണ്ണമ്മാളും മകന്‍റെ ശരീരം ഏറ്റുവാങ്ങാന്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജിലെത്തി. എന്നാല്‍, വേല്‍മുരുഗന്‍റെ ശരീരം കാണാന്‍ ഇവര്‍ക്ക് അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു. “മുഴുവന്‍ ശരീരവും കാണിക്കാന്‍ പൊലീസ് വിസമ്മതിച്ചു, ചില ഭാഗങ്ങള്‍ മാത്രം കാണിച്ചുതന്നു. നെഞ്ചിലും വയറിലും കൈകളിലും വെടിയേറ്റിട്ടുണ്ട്. ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് ഞങ്ങള്‍ ശക്തമായി സംശയിക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് ഇത്രയും തവണ വെടിവെക്കുന്നത്?” സഹോദരന്‍ മുരുഗന്‍ ചോദിക്കുന്നു. ഇതിനെതിരെ മദ്രാസ് ഹൈകോടതിയുടെ മഥുരൈ ബെഞ്ചിനെ സമീപിക്കുമെന്നും മുരുഗന്‍ മാധ്യമങ്ങളെ അറിയിച്ചു.
നാല് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന എട്ട് മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലുകളും അതിന് ശേഷം ഭരണകൂടം കൈക്കൊണ്ട നടപടികളും തികഞ്ഞ ഫാസിസ്റ്റ് രീതികളാണ് എന്ന് 2019 മാര്‍ച്ചില്‍ വൈത്തിരിയില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്‍റെ സഹോദരന്‍ സിപി റഷീദ് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു. “നിലമ്പൂരില്‍ നിന്ന് വാളാരംകുന്നില്‍ എത്തുമ്പോള്‍ ഏറ്റുമുട്ടലും അതിനെ തുടര്‍ന്നുള്ള നടപടികളും കൂടുതല്‍ ഭീകരമായിട്ടുണ്ട്. ഡെഡ് ബോഡി വിട്ടുകൊടുക്കുന്ന കാര്യത്തില്‍, സംഭവം നടന്ന പ്രദേശത്തേക്ക് പത്രപ്രവര്‍ത്തകരെ കടത്തുന്ന കാര്യത്തില്‍, വിവരങ്ങള്‍ തടഞ്ഞുവെക്കുന്ന കാര്യത്തില്‍, തെളിവുകള്‍ നശിപ്പിക്കുന്ന കാര്യത്തില്‍ നടപടികള്‍ കൂടുതല്‍ ഫാസിസ്റ്റ് ആയി മാറുകയാണ്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ട് കൊണ്ടുപോകുന്നത്, ഒരു ദിവസമെടുത്ത് അവിടെ എന്തെല്ലാം മാറ്റം വരുത്തിയിട്ടുണ്ടാകും? ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പൊലീസിനെയും പ്രവേശിപ്പിച്ചിട്ടില്ല. കേരള ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്, തണ്ടര്‍ബോള്‍ട്ട്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മാത്രം നിയന്ത്രണത്തിലായിരുന്നു സംഭവത്തിന് ശേഷം ഈ പ്രദേശം. ജലീലിന്‍റെ കൊലപാതകത്തെത്തുടര്‍ന്ന് ഫൊറന്‍സിക് തെളിവുകള്‍ അവര്‍ക്ക് എതിരായി മാറി. സാഹചര്യത്തെളിവുകള്‍ നശിപ്പിക്കാനാണ് അവര്‍ സമയമെടുത്തത്.” റഷീദ് പറയുന്നു. ജലീലിന്‍റെ കൊലപാതകത്തിന് ശേഷവും ക്രൈം സീനിലേക്ക് മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ജലീല്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
വാളാരംകുന്നില്‍ നിന്ന് വെടിയൊച്ചയൊന്നും കേട്ടിട്ടില്ല, പൊലീസ് എത്തിയ ശേഷമാണ് നമ്മള്‍ ഈ കാര്യം അറിയുന്നത് എന്ന് പ്രദേശവാസികളില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാളാരംകുന്നില്‍ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലെ ആദിവാസി സമൂഹങ്ങള്‍ താമസിക്കുന്ന വാളാരംകുന്ന് എന്ന സ്ഥലത്താണ് സംഭവം നടന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം വ്യക്തമാണെങ്കിലും സായുധമായ നീക്കങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട്, മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നു എന്ന പൊലീസ് വാദത്തെ സംശയാസ്പദമായി സമീപിച്ചുകൊണ്ടാണ് ചില മാധ്യമങ്ങളെങ്കിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പതിവ് പട്രോളിങ്ങിനിടെ അഭിമുഖീകരിച്ച മാവോയിസ്റ്റ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഭരണകൂട വാദം.
“യോഗി ആദിത്യനാഥ് ചെയ്യുന്നത് ഒരു പ്രതിഷേധം ഉണ്ടാകുമ്പോള്‍ ആ പ്രതിഷേധത്തെ അടിച്ചമര്‍ത്തി അതിനെ ചോദ്യം ചെയ്യുന്നവരെ അതിഭീകരമായി നേരിടുന്നു എന്നതാണ്. ഇതേ രീതിയാണ് പിണറായി വിജയന്റേതും. കാരണം, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അവഗണിക്കുക മാത്രമല്ല, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടരുകയും അതേ തുടര്‍ന്ന് കൂടുതല്‍ പൈശാചികമായി ഇടപെടുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ഇടതുപക്ഷ സംസ്‌കാരത്തിന് ചേര്‍ന്നതാണോ?
വേല്‍മുരുഗന്‍റെ കാര്യത്തില്‍ ഡെഡ്‌ബോഡിയെയും കുടുംബത്തെയും ഒന്നിച്ച് അറസ്റ്റ് ചെയ്ത്, മൂത്രമൊഴിക്കാന്‍ പോലും വാന്‍ നിര്‍ത്തിക്കൊടുക്കാതെ തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു. സംസ്‌കരിച്ച ശേഷം മാത്രമാണ് കുടുംബത്തെ സ്വതന്ത്രമാക്കുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടികളുടെ കാര്യത്തില്‍ കൂടുതല്‍ ജനവിരുദ്ധവും നിയമവിരുദ്ധവുമാവുകയാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍, വിമര്‍ശനങ്ങളെ മനസ്സിലാക്കി കൂടുതല്‍ ജനകീയമായി ഇടപെടാനല്ല, കൂടുതല്‍ ഫാസിസ്റ്റ് ആകുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,” സിപി റഷീദ് പറയുന്നു.