കശ്മീരില്‍ കാര്‍ യാത്രികനെ സെെന്യം കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ പിതാവിന്‍റെ നെഞ്ചില്‍ ഇരുത്തിയെന്ന് കുടുംബം

By on

ബുധനാഴ്ച രാവിലെ നോര്‍ത് കശ്മീരിലെ സോപോറില്‍ കൊല്ലപ്പെട്ട കാര്‍ യാത്രികന്‍ ബഷീര്‍ അഹമ്മദ് ഖാനെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നു എന്ന് കുടുംബം. കൊല്ലപ്പെടുമ്പോള്‍ അറുപത്തിയഞ്ചുകാരനായ ബഷീര്‍ അഹമ്മദ് ഖാന്റെ കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുകാരനായ ചെറുമകന്‍ ഹയാത് അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. രാവിലെ ഏഴ് മണിയോടെ സോപോര്‍ മോഡല്‍ ടൌണില്‍ വിഘടനവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ വിഘടനവാദികളുടെ വെടിയേറ്റാണ് ബഷീര്‍ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

സൈനികരാണ് ബഷീര്‍ അഹമ്മദിനെ കൊന്നത് എന്നും അതിന് ശേഷം മകന്‍ ഹയാതിനെ പിതാവിന്റെ ശരീരത്തില്‍ ഇരുത്തുകയുമാണ് അവര്‍ ചെയ്തത് എന്നും ബഷീറിന്റെ മകള്‍ പറയുന്നതായി കശ്മീര്‍വാല റിപ്പോര്‍ട്ട് ചെയ്യുന്നു. “ചെറിയ കുട്ടി കൂടെ ഉള്ളതുപോലും അവര്‍ പരിഗണിച്ചില്ല. എന്റെ മകന്‍ കടന്നുപോയിരിക്കുന്നത് എന്തിലൂടെയാണ് എന്ന് സങ്കല്‍പിക്കാന്‍ കഴിയുമോ?” ബഷീറിന്റെ മകള്‍ ചോദിക്കുന്നു.

വിഘടനവാദികളുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവെക്കുകയായിരുന്നു എന്നും ബഷീറിന്റെ മകനും പറയുന്നു. എന്നാല്‍ സോപോര്‍ എസ്എസ്പി ജവൈദ് ഇഖ്ബാല്‍ കുടുംബത്തിന്റെ വാദം തെറ്റാണ് എന്ന് പ്രതികരിച്ചു.

ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ഹയാതിന്റെ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും ആരാണ് എന്ന് ഇനിയും വ്യക്തമല്ല. ബഷീര്‍ അഹമ്മദ് വിഘടനവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചോക്ലേറ്റുകളും ബിസ്‌കറ്റും നല്‍കി സംഭവസ്ഥലത്തുനിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മെയ് 13ന് ശ്രീനഗര്‍ ഗുല്‍മാര്‍ഗ് ഹൈവേയിലെ ഒരു ചെക് പോയിന്റില്‍ വെച്ച് ഇരുപത്തിമൂന്നുകാരനായ പീര്‍ മെഹ്‌റജുദ്ദീനും സമാനമായ രീതിയില്‍ സിആര്‍പിഎഫ് സൈനികരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  സൈനികര്‍ ആവശ്യപ്പെട്ടത് പ്രകാരം ചെക്‌പോയിന്റില്‍ വാഹനം നിര്‍ത്തിയില്ല എന്നതിനാണ് വെടിവെച്ചത് എന്നാണ് സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ കാര്‍ നിര്‍ത്തിയിട്ട ശേഷമാണ് പീര്‍ മെഹ്‌റജുദ്ദീന് നേരെ വെടിവെപ്പുണ്ടായത് എന്നാണ് കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധു ഗുലാം ഹസ്സന്‍ പറയുന്നത്. നെഞ്ചില്‍ വെടിയേറ്റ മെഹ്‌റജുദ്ദീന് ആശുപത്രിയിലെത്തുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.


Read More Related Articles