കുടുംബത്തെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് ഭരണകൂടത്തോട് ഷഹീൻബാഗ് സമരനേതാവ് ഷർജീൽ ഇമാമിന്‍റെ മാതാവ്
കുടുംബാംഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണകൂടം നിർത്തണമെന്ന് ഷഹീൻബാഗ് പൗരത്വ വിരുദ്ധ സമരനേതാവ് ഷർജീൽ ഇമാമിന്‍റെ മാതാവ് അഫ്ഷാൻ റഹീം. ജനുവരി 13ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ യുഎപിഎ, രാജ്യദ്രോഹവും ചുമത്തപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് അഫ്ഷാൻ റഹീം മാധ്യമങ്ങൾക്ക് പ്രസ്താവന നൽകുന്നത്.
പ്രസ്താവന ഇങ്ങനെ,
“ഷർജീൽ ഇപ്പോൾ ആക്രമിക്കപ്പെടുന്നത് ഒരു പ്രസംഗത്തിൽ നിന്ന് മാധ്യമങ്ങൾ വളച്ചൊടിക്കുകയും സാഹചര്യത്തിൽ നിന്നും വേർപെടുത്തുകയും ചെയ്ത ഒരു പ്രസ്താവനയുടെ പേരിലാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും ആധിപത്യത്തിനോടാണ് ഷർജീൽ പോരാടിയത്, അവർ തന്നെ ഇപ്പോൾ അവന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണ്. തുടർച്ചയായ അധിക്ഷേപങ്ങളും ഭീഷണികളും കാരണം ഷർജീലിന്റെ പ്രായമായ മാതാവ് മാനസികാഘാതം നേരിടുകയാണ്, മാത്രമല്ല മറ്റ് കുടുംബാംഗങ്ങളും ഭയത്തിലാണ്. ഞങ്ങൾ നിയമവാഴ്ചയിൽ വിശ്വസിക്കുന്നു, എല്ലാത്തരം സഹകരണവും ഉറപ്പുനൽകുന്നു. ഈ മേൽക്കെ എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്നതാണ്. ഇത്തരം നടപടികളിൽ നിന്നും പൊലീസ് പിന്മാറണം.”
കഴിഞ്ഞ നാല്പത് ദിവസങ്ങളിലേറെയായി പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഊർജകേന്ദ്രമായി ഡൽഹിയിലെ ഷഹീൻബാഗ് മാറിയിരിക്കുകയാണ്. ജെഎൻയുവിലെ പിഎച്ച്ഡി സ്കോളർ ആയ ഷർജീൽ ഇമാമിന്‍റെയും ആസിഫിന്‍റെയും പ്രവർത്തനങ്ങളാണ് ഷഹീൻബാഗിന് തുടക്കമിട്ടത്. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ വെച്ചു നടത്തിയ ഒരു പ്രസംഗത്തിൽ അസമിൽ നിന്നുമുള്ള ദേശീയപാത ഉപരോധിക്കണമെന്നും റോഡുകൾ ഉപരോധിച്ചുകൊണ്ടു സമരം ചെയ്തുകൊണ്ട് മാത്രമേ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാൻ കഴിയൂ എന്നും ഷർജീൽ പറയുന്നു. അസമിനെ ഇന്ത്യയിൽ നിന്നും ഈ രീതിയില്‍ ഒറ്റപ്പെടുത്തുന്നതിലൂടെ അസമിലെ മുന്നേറ്റങ്ങൾക്ക് മറ്റൊരു ഗതി ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ചും ഷർജീൽ ആ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഈ പ്രസംഗമുപയോഗിച്ചു സംഘപരിവാർ മാധ്യമങ്ങളും ഇന്ത്യൻ മിലിട്ടറിയുടെ സാമൂഹ്യമാധ്യമ ഹാൻഡിലുകളും ബിജെപി ഐടി സെല്ലും ഷർജീലിനെതിരെ വിദ്വേഷ പ്രചരണം നടത്തുകയുണ്ടായി.
ഇന്ത്യയിലെല്ലാം ഷഹീൻ ബാഗിലേത് പോലുള്ള സമരരീതി പിന്തുടരാൻ ഇതിനുമുമ്പ് ഷർജീൽ ഇമാം ആഹ്വാനം ചെയ്തിട്ടുണ്ട്.
“ഷഹീൻബാഗിന്റെ മോഡൽ ചക്കാ ജാം (ട്രാഫിക് ബ്ലോക് സൃഷ്ടിക്കൽ) ആണ്. ബാക്കിയെല്ലാം രണ്ടാമതാണ്. ചക്കാ ജാമും ധർണയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കൂ. ഓരോ നഗരത്തിലും ധർണ നടത്തൂ, എന്നിട്ട് ചക്കാ ജാം നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയൂ. വീണ്ടും തയ്യാറെടുത്ത ശേഷം ഹെെവേയിൽ പോയി ഇരിക്കൂ” എന്നാണ് ജനുവരി 24ന് ഷർജീൽ ഇമാം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.