അലിഗഢിലെ പൗരത്വ ഭേദ​ഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ അടിച്ചമർത്തൽ അതിശക്തം

By on

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പൗരത്വ ഭേദ​ഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ അടിച്ചമർത്തൽ അതിശക്തമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നോളം പ്രക്ഷോഭ കേന്ദ്രങ്ങളിലാണ് പൊലീസും ഹിന്ദു ഭീകരവാദികളും ചേര്‍ന്ന് സായുധ അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചുംഗി, ഈദ്ഗാഹ്, ജമാല്‍പൂര്‍ എന്നിവിടങ്ങളിലെ സ്ത്രീകളുടെ സമര കേന്ദ്രങ്ങളിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞ് അവരെ അവിടെനിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കൂട്ടായ്മ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ഇന്നലെ പുലര്‍ച്ചെ ടിയര്‍ഗ്യാസ് ഷെല്‍ ഫയറിങ് ഉണ്ടായിരുന്നു. ഊപ്പര്‍കോര്‍ട്ടില്‍ ഹിന്ദു ഭീകരവാദികള്‍ മുസ്ലിങ്ങളുടെ കടകള്‍ കത്തിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ രാത്രി ഒമ്പതുമണിയോടെ റോഡിലിറങ്ങിയത്. തുടര്‍ന്ന് ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു.  അക്രമികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഒരു പ്രാദേശിക ആര്‍എസ്എസ് നേതാവാണ് എന്ന് പ്രദേശവാസിയായ ഒരു വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയിരുന്നു.

ജമാൽപൂരിൽ നടന്ന റാപിഡ് ആക്ഷൻ ഫോഴ്സിന്റെ അടിച്ചമര്‍ത്തലിൽ അവിടെയുള്ള ആളുകളും ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയിരുന്നത്. ആറുപേർക്കാണ് പരിക്കേറ്റത്. അലിഗഢിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പൗരത്വ പ്രക്ഷോഭ വിരുദ്ധ സമരങ്ങളെയെല്ലാം ഒരുപോലെ അടിച്ചമർത്താൻ മതിയായ പൊലീസ് സംവിധാനമില്ലാത്തിനാൽ മീററ്റ് പോലുള്ള മറ്റ് ജില്ലകളിൽ നിന്നും പൊലീസിനെ കൊണ്ടുവരുന്നു എന്നതാണ് അലി​ഗഢിൽ നിന്നും ലഭ്യമായ വിവരം. ജമാൽപൂരിലും ഷാജമാലിലും സ്ത്രീകളാണ് സമരത്തിന്റെ മുൻ‌നിരയിലുള്ളത്. അലി​ഗഢ് ക്യാംപസില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ ദൂരത്താണ് ജമാല്‍പൂര്‍. ടിയര്‍ ഗ്യാസും ഷെല്‍ ഫയറിങ്ങും ഉപയോഗിച്ചാണ് പൊലീസ് പ്രക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നത്.

“പൊലീസ് അടിച്ചമർത്തലിൽ പരിക്കേറ്റവരെ കാണാൻ മെഡിക്കല്‍ കൊളേജില്‍ പോയിരുന്നു. ഒരാള്‍ക്ക് റെറ്റിനയുടെ കുറച്ച് പിന്നിലായിട്ടാണ് പരിക്ക്. അയാളുടെ സര്‍ജറി കഴിഞ്ഞു. മറ്റൊരാളുടെ വയറ്റിലും. അയാള്‍ അബോധാവസ്ഥയിലായിരുന്നു. സാമ്പത്തികമായി ദുര്‍ബലനാണ് കണ്ണിന് പരിക്കേറ്റയാള്‍. അയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നയാളാണ് ആ സമയത്ത് ആവശ്യമുള്ള കാര്യങ്ങളൊക്കെ ചെയ്തത്. രാത്രിയിലാണ് പൊലീസ് അടിച്ചമര്‍ത്തല്‍ തീവ്രമാകുന്നത്. ജമാല്‍പൂരില്‍ പവര്‍ കട്ട് ചെയ്ത്, “144 ആണ്, എല്ലാവരെയും അറസ്റ്റ് ചെയ്യും,” എന്നൊക്കെ ഭീഷണിപ്പെടുത്തി. അവരുടെ റോഡ്‌ബ്ലോക് നശിപ്പിക്കാന്‍ നോക്കി. എന്നിട്ടും മാറാതായപ്പോഴാണ് വെടി വെച്ചത്. ക്യാംപസിലെ അടിച്ചമര്‍ത്തലിന് ശേഷം ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇവര്‍ സമരം ചെയ്തപ്പോഴും ഇതേ രീതിയില്‍ ഇവര്‍ക്ക് നേരെ അടിച്ചമര്‍ത്തലുണ്ടായിരുന്നു.

ഷാജമാലിൽ ഈദ്ഗാഹാണ്, കുറേ ദിവസങ്ങളായി അവരുടെ സിറ്റ് ഇന്‍ പ്രൊട്ടസ്റ്റ് തുടരുന്നു. സ്ത്രീകള്‍ തന്നെയാണ് അധികം. അതേ രീതിയില്‍ ഊപ്പര്‍ കോര്‍ട്ട് എന്ന മറ്റൊരു സ്ഥലത്ത് മൂന്നു ദിവസം മുമ്പ് തുടങ്ങിയ സിറ്റ് ഇന്‍ പ്രൊട്ടസ്റ്റ്, അവിടെയാണ് ഒരു ദിവസം മുമ്പ് പൊലീസ് പ്രശ്‌നമുണ്ടാക്കിയത്. ഷാജമാല്‍ തന്നെ സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെയും പരമാവധി സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

എല്ലാം കഴിഞ്ഞ ശേഷം ഫാക്റ്റ് ഫെെൻഡിങ് ടീം റിപ്പോർട്ട് തയ്യാറാക്കാൻ എല്ലാവരും ഇങ്ങോട്ട് വരും. അപ്പോഴേക്കും ആളുകൾ സംഖ്യകളായി ചുരുങ്ങിയിരിക്കും. വളരെ ചുരുങ്ങിയ മാധ്യമ ശ്രദ്ധ മാത്രമാണ് അലി​ഗഢിൽ നടക്കുന്ന കാര്യങ്ങൾക്ക് കിട്ടുന്നത്. ചില ന്യൂസ് പോർട്ടലുകളിൽ അല്ലാതെ മറ്റെവിടെയും ഈ വാർത്തകൾ കാണാറില്ല”- അടിച്ചമർത്തൽ തീവ്രമായ സമയത്ത് മാധ്യമങ്ങളെയും ആക്റ്റിവിസ്റ്റുകളെയും വിവരമറിയിച്ചിരുന്നു എന്നും ആരും അലി​ഗഢിലെത്തിയില്ലെന്നും സര്‍വ്വകലാശാലയില്‍ സമരം തുടരുന്ന ഒരു വിദ്യാർത്ഥി പറയുന്നു. ​

ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ എഫ്‌ഐആറുകളും ഭീഷണികളും ആയിരുന്നു സമരം ചെയ്യുന്നവര്‍ക്ക് നേരെ ഉപയോ​ഗിച്ചതെങ്കില്‍ ഇപ്പോള്‍ ശാരീരികമായ ആക്രമണങ്ങളിലേക്ക് അടിച്ചമര്‍ത്തലിന്റെ രീതി മാറിയിരിക്കുകയാണ്. സമരം നടക്കുന്നതിനിടയില്‍ പൊതുമുതലിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ അതിനെതിരെ എന്ത് നടപടിയെടുക്കാനും പൊതുമുതല്‍ നശിപ്പിച്ചു എന്നുകാണിച്ച് പിഴ ഈടാക്കാനുമുള്ള അനുമതി ബോണ്ട് ഒപ്പുവെപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പല സ്ഥലങ്ങളിലായി പ്രക്ഷോഭകരില്‍ നിന്നും ബോണ്ടിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ വളരെ അപൂര്‍വ്വമായാണ് ഈ നടപടി ഉപയോഗിക്കപ്പെടുന്നത്.

പൊലീസ് അടിച്ചമർത്തൽ നടന്ന് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് അറിയിപ്പ് കിട്ടിയതോടെ അലി​ഗഢ് മുസ്ലിം സർവ്വകലാശാലയിലേക്ക് മാധ്യമശ്രദ്ധ ക്ഷണിച്ചുകൊണ്ട് വിദ്യാർത്ഥികൾ സാമൂഹ്യമാധ്യമങ്ങളിൽ എസ്ഓഎസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. അതിക്രമങ്ങൾ സംഭവിച്ച ശേഷം മാത്രമല്ല അതിന് മുമ്പും മാധ്യമജാ​ഗ്രത ഉണ്ടായിരിക്കണം എന്നും അവർ സൂചിപ്പിച്ചിരുന്നു.
അലി​ഗഢ് മുസ്ലിം സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് നേരെ പൊതുമുതൽ നശിപ്പിച്ചു എന്നാരോപിച്ച് ശിക്ഷാനടപടിയുണ്ടാകും എന്ന് അലി​ഗഢ് ജില്ലാ മജിസ്ട്രേറ്റ് ട്വീറ്റ് ചെയ്തിരുന്നു.
അസം​ഗഢിലെ ബിലരിയാ​ഗഞ്ചിൽ ആഴ്ചകൾക്ക് മുമ്പ് രാത്രി മുതൽ പുലർച്ചെ വരെ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതേത്തുടർന്ന് രാഷ്ട്രീയ ഉലമ കൗൺസിൽ സ്ഥാപകന്‍ താഹിർ മദനി അടക്കം പത്തൊമ്പത് പേർക്ക് സെഡിഷൻ ചുമത്തിയിരുന്നു.


Read More Related Articles