“സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കിൽ അവരിത്രയും പേർ ലയങ്ങളിൽ ഉണ്ടാകുമായിരുന്നില്ല”; പെട്ടിമുടി ദുരന്തത്തെ കുറിച്ച് ​ഗോമതി

By on

മുന്‍വര്‍ഷങ്ങളിലേത് പോലെ 2020ലും ഓഗസ്റ്റ് മാസം മഴയുടേതും ഉരുള്‍പൊട്ടലിന്റേതും ആകുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എല്ലാം ഒരുക്കിയിട്ടുണ്ട് എന്നും പെട്ടിമുടിയിലേത് പ്രതീക്ഷിക്കാത്ത ദുരന്തമായിരുന്നു എന്നുമായിരുന്നു ഓഗസ്റ്റ് ഏഴിന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് കാലാവസ്ഥ ഹെലികോപ്റ്ററിന് പറക്കാന്‍ അനുയോജ്യമല്ല എന്ന് വിദഗ്‌ധോപദേശം കിട്ടിയിരുന്നു എന്നും. എല്ലാ കാലത്തും പാരിസ്ഥിതിക ആഘാതങ്ങളുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ഭൂരഹിതരായ ദലിതര്‍ക്കും തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും തീരദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കുമാണ് എന്ന വസ്തുത നിലനില്‍ക്കെ ഇത്തരം സാഹചര്യങ്ങളില്‍ ദുരന്തങ്ങളും കൂട്ടക്കൊലകളും ഒഴിവാക്കാന്‍ എന്തു ചെയ്യണം എന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പെട്ടിമുടിയില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ടീ എസ്റ്റേറ്റിലെ എണ്‍പത്തിയഞ്ച് പേരടങ്ങുന്ന തമിഴ്-ദലിത് തൊഴിലാളി കുടുംബങ്ങള്‍ മണ്ണിനടയിലായത് ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെയാണ്. വലിയ ഉരുള്‍പൊട്ടലുണ്ടായത് ആ പ്രദേശത്ത് നിലനിന്നിരുന്ന നാല് ലയങ്ങള്‍ അപ്പാടെ മണ്ണിനടിയിലാക്കി. “അവിടെ അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന് തോന്നാത്ത രീതിയില്‍ വലിയ പാറകളും മണ്ണും വന്ന് മൂടി” എന്നാണ് മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പൊമ്പിളൈ ഒരുമൈ സമര നേതാവായ ജി.ഗോമതി പറയുന്നത്. “ഒരു ദുരന്തവും ആരും പ്രതീക്ഷിച്ചിട്ടല്ല വരുന്നത്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ സമരം ചെയ്ത് പറഞ്ഞതും ലയങ്ങള്‍ക്കകത്ത് വരെ കയറി മാധ്യമങ്ങള്‍ തൊഴിലാളികളുടെ ഒറ്റമുറിവീടുകള്‍ തുറന്നുകാണിച്ചതുമാണ്. പെട്ടിമുടിയിലേക്കുള്ള റോഡ് തകർന്നിരിക്കുകയാണ്, പാലം 2018ലെ പ്രളയത്തിൽ തകർന്നതാണ്. ഈ മഴയത്തും അങ്ങോട്ടുള്ള റോഡുകളും പാലങ്ങളും നല്ലതല്ല” ഗോമതി പറയുന്നു. അന്നത്തെ സമരത്തിന്റെ ഫലമായി ലയങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാമെന്ന് കമ്പനി ഉറപ്പുനല്‍കി. പക്ഷേ അതുണ്ടായില്ല.

“സ്വന്തമായി ഭൂമി ഉണ്ടായിരുന്നെങ്കില്‍ ഈ മഴയത്ത് അവിടെ ഇരിക്കേണ്ട ആവശ്യമില്ലല്ലോ. അവരെവിടെയെങ്കിലും പോകുമായിരുന്നു. വീടില്ലാത്തതുകൊണ്ടല്ലേ ഒരു ഫാമിലിയില്‍ അത്രയധികം പേരും ഉണ്ടായിരുന്നത്. മൂന്ന് ലൈനുകളിലായി (ലയങ്ങളിലായി) എണ്‍പത്തിയഞ്ച് പേര്‍ ഉണ്ടായിരുന്നു. ഒരു ലൈനില്‍ ആറുമുതല്‍ പന്ത്രണ്ട് വരെ വീടുകളുണ്ടാകും. 42 പേര്‍ മരിച്ചു, കുറച്ചുപേരെ രക്ഷിച്ചു. ബാക്കിയെല്ലാവരും മണ്ണിന്റെ അടിയിലാ. എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് മണ്ണും പാറയും വന്ന് കിടക്കുന്നുണ്ട്. ചിന്തിച്ചാല്‍ നെഞ്ചുവേദന വരുന്നുണ്ട്. തോട്ടത്തിൽ പണി എടുക്കുമ്പോഴും മിക്കവാറും പേരും മക്കളെ ഫീസടച്ച് പഠിപ്പിക്കുന്നവരാണ്. അടിമാലിയിലും മൂന്നാർ കോൺവെന്റ് സ്കൂളിലും ഒക്കെയായി അവർ പഠിക്കുന്നത്, സർക്കാർ സ്കൂളുകളിലേക്കല്ല മക്കളെ അയക്കുന്നത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നവരാണ്. പെട്ടിമുടിയിലും രാജമലയിലും ഉള്ള എസ്റ്റേറ്റ് ഡിവിഷനുകളിലെ തൊഴിലാളികൾ പൊമ്പിളെെ ഒരുമെെ സമരത്തിൽ ഉണ്ടായിരുന്നവരായിരുന്നു. പെട്ടിമുടിയില്‍ തന്നെ തോട്ടം തൊഴിലാളികളെ അടക്കുന്ന സ്ഥലത്ത് പതിനെട്ട് പേരെ ഒരു കുഴിയെടുത്ത് അടക്കി.” ഗോമതി പറയുന്നു.

എൽഎഫ്ജിഎച്ച് എസ്എസ് മൂന്നാറിലെ ലാവണ്യ എസ്, ഹേമ, വിദ്യ ആര്‍, വിനോദിനി, ജാനവി, രാജലക്ഷ്മി, പ്രിയദര്‍ശിനി, ജിവിഎച്ച്എസ്എസ് മൂന്നാറിലെ ജഗദീശ്വരി, സെന്‍റ് മേരീസ് യുപിഎസ് മറയൂരിലെ വിശാല്‍, കാര്‍മലഗിരി പബ്ലിക് സ്കൂളിലെ ലക്ഷശ്രീ, അശ്വത് രാജ്, രാജമല എഎൽപി സ്കൂളിലെ ലക്ഷണശ്രീ, വിജയലക്ഷ്മി, വിഷ്ണു, ചിന്നക്കനാല്‍ എഫ്എംഎച്ച്എസിലെ
ജോഷ്വാ, സഞ്ജയ്, സിന്ധുജ, ഗോസ്വിക, ശിവരഞ്ജിനി എന്നിവരാണ് പെട്ടിമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍.

ഇന്നലെ പുറത്തെടുത്ത പതിനൊന്ന് ശരീരങ്ങളില്‍ മൂന്ന് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.  ഞായറാഴ്ച വെെകുന്നേരത്തോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി.

“അടുത്ത തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഇതൊരു വോട്ടുപിടിക്കാനുള്ള അവസരമായി കാണുന്നുണ്ട്, റോഡില്‍ തിരക്കായിരുന്നു. മന്ത്രി വരുന്നത് കൊണ്ട് വണ്ടിയൊക്കെ മാറ്റിനിര്‍ത്താന്‍ പറഞ്ഞു എന്ന് അവിടെയുള്ളവര്‍ പറഞ്ഞു, ഏത് മന്ത്രിയാണ് എന്നറിയില്ല. എല്ലാവരും വന്നുപോകുന്നുണ്ട്. വന്നിട്ട് എന്ത് പ്രയോജനം? അവരുടെ വേദന അവര്‍ക്കല്ലേ? ബന്ധുക്കള്‍ക്കല്ലേ? അറുപത് വയസ്സ് വരെ കമ്പനിക്ക് വേണ്ടി തൊഴില്‍ എടുക്കണം. റിട്ടയര്‍ ചെയ്താല്‍ വീട് പൂട്ടി താക്കോല്‍ അവര്‍ക്ക് കൊടുക്കണം. ഗോമതി ഇതല്ലേ പറഞ്ഞത് എന്നിപ്പോള്‍ എല്ലാവരും പറയുന്നു.” ഓഗസ്റ്റ് എട്ടിന് പെട്ടിമുടിയില്‍ പോയപ്പോഴും ഫോണ്‍ നെറ്റ്വര്‍ക്കും വെെദ്യുതിയും ഇല്ലാത്ത അവസ്ഥ തുടരുകയായിരുന്നു, കാറ്റും മഴയും ശക്തമായിരുന്നു എന്നും ഗോമതി പറഞ്ഞു. സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ പെട്ടിമുടിയില്‍ എത്തുന്നതിന് മുമ്പ് ഇടമലക്കുടിയിലെ ആദിവാസികളും മറയൂരില്‍ നിന്നും മൂന്നാറില്‍ നിന്നും നടന്നുവരെ എത്തിയവരുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഈ മൊത്തം പ്ലാന്‍റേഷനും അവരുടെ ഭൂമിയില്‍ അല്ലല്ലോ, എല്ലാം ഗവണ്മെന്‍റ് ഭൂമിയല്ലേ, അത് ഏറ്റെടുക്കാന്‍ ഗവണ്മെന്‍റ് തയ്യാറാകുന്നില്ല. സ്വന്തം ഭൂമിയെ കുത്തകക്കാര്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട് സര്‍ക്കാര്‍.

“സത്യം പറഞ്ഞാൽ ഈ തോട്ടം പണി ഭയങ്കര കഷ്ടമുള്ള പണിയാണ്. എന്തിനാണ് രാഷ്ട്രീയക്കാരുടെയും കമ്പനിയുടെയും അടിമയായിട്ട് ജീവിക്കുന്നത്? ഈ കുറഞ്ഞ കൂലിക്ക്? അട്ടയ്ക്ക് രക്തം കൊടുക്കണം. വെയിലും മഴയും കാറ്റും. ഇതിൽ പണിയെടുക്കുന്ന ആൾക്കാരുടെ കഷ്ടമെന്താണെന്ന് എനിക്കറിയാം, ഇനി മകൾ ഇവിടെ പണിയെടുക്കണ്ട നന്നായി പഠിച്ചിട്ട് വലിയ ജോലിക്ക് പോകണം എന്ന് എന്റെ അച്ഛൻ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ അച്ഛനും ഇങ്ങനെ സമരം ചെയ്യാൻ പറ്റിയില്ല. എന്റെ മക്കൾ ഞാൻ കഷ്ടപ്പെടുന്നത് പോലെ കഷ്ടപ്പെടണ്ട. എന്റെ മക്കൾ ടീ എസ്റ്റേറ്റിൽ നിന്ന് പുറത്തുപോകണം. ആശുപത്രിയില്ല. നല്ല സ്കൂളില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്. കമ്പനിക്കാർക്ക് അടിമപ്പണിയെടുക്കുന്ന ഞങ്ങളുടെ മക്കൾ പുറംലോകം അറിയട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇനി ഞങ്ങളുടെ മക്കൾ ടീ എസ്റ്റേറ്റിൽ പണി എടുക്കില്ല എന്നാണ് ഞങ്ങൾ പറയുന്നത്. ഇപ്പോഴും ആ അവസ്ഥ തന്നെ അവിടെ നിലനിൽക്കുന്നുണ്ട്. തോട്ടം തൊഴിലാളികൾ എല്ലാവരും ദളിത് വിഭാഗത്തിൽ പെട്ടവരാണ്. എല്ലാവരും ദളിതരാണ്. ഞങ്ങളുടെ മക്കളും ആ തൊഴിൽ ചെയ്യാനായി നിർബന്ധിക്കപ്പെടുകയാണ്. വീടില്ലാത്തത് കാരണം എന്തെങ്കിലും പറ്റിയാൽ കമ്പനി വീട് ഒഴിവാക്കിക്കൊടുക്കണം എനിക്ക്. കുട്ടികൾക്ക് മലയാളം അറിയാത്ത കാരണം എത്രവലിയ പഠിപ്പ് പഠിച്ചാലും ഇവിടെ ജോലി കിട്ടില്ല. ഒരു അപേക്ഷ ഫോം ഫിൽ ചെയ്യണമെങ്കിൽ പോലും, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വില്ലേജ് ഓഫീസ് എവിടെ എടുത്താലും മലയാളമാണ്. അതുകൊണ്ട് പഠിച്ചിട്ടും ഇവിടെ പ്രയോജനമില്ല ഞങ്ങളുടെ പിള്ളേർക്ക്. 2018ൽ നൽകിയ അഭിമുഖത്തിൽ ഗോമതി പറഞ്ഞ കാര്യങ്ങളാണിത്.

2017ൽ ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കർ ഭൂമി എന്നത് പ്രധാന ആവശ്യമായി ഉന്നയിച്ചുകൊണ്ട് ജി.ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ ഭൂസമര പ്രഖ്യാപന കൺവെൻഷൻ പ്രഖ്യാപിച്ചപ്പോള്‍ സമരം ചെയ്യുന്ന സ്ത്രീകൾക്കെതിരെ പൊമ്പിളെെ ഒരുമെെ സമരത്തെ സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ ലെെംഗിക ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വെെദ്യുതി മന്ത്രി എംഎം മണി പ്രസ്താവന നടത്തുകയും സിപിഐഎം സമരത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെമ്പർ ആയിരിക്കെയും മൂന്നാർ ടൗണിലും കെഎസ്ആർടിസി ബസ്സിലും അടക്കം യാത്രാവിവേചനങ്ങളും ബഹിഷ്കരണവും അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് ഗോമതിക്ക്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഗോമതിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങൾ ഇവയായിരുന്നു, കമ്പനി നൽകുന്ന ലായങ്ങളിൽ നിന്നും തേയില പ്ലാന്റേഷൻ തൊഴിലാളികളെ പുനരധിവസിപ്പിക്കുക, കോളനിവൽക്കരണ രീതിയിലുള്ള ഫ്ലാറ്റ് പുനരധിവാസ പദ്ധതി അവസാനിപ്പിക്കുക, പ്ലാന്റേഷൻ ലേബർ ആക്റ്റ് ഭേദഗതി ചെയ്യുക, ടാറ്റ, ഹാരിസൺ ടീ പ്ലാന്റേഷൻ കമ്പനികൾ കയ്യടക്കിവെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നിയമനിർമാണം നടത്തുക, തോട്ടം തൊഴിലാളിയുടെ ദിവസ വേതനം 600 രൂപ ആക്കുക (ഇപ്പോൾ 400 രൂപ), ബോണസ് വർധിപ്പിക്കുക, പട്ടയം നൽകിയവർക്ക് ഭൂമി നൽകുക, മൂന്നാറിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക, ദളിത് ആദിവാസി വിഭാഗങ്ങൾക്കായി സ്കൂളുകളും കോളേജുകളും രൂപീകരിക്കുക, പ്രളയബാധിത ഇടുക്കിയിൽ കർഷകർക്കായി പ്രത്യേക പദ്ധതികൾ അനുവദിക്കുക, കർഷകരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക. പ്രളയബാധിതമായ മൂന്നാറിന്‍റെയും ഇടുക്കിയുടെ ആകെത്തന്നെയും ഭൂമിരാഷ്ട്രീയത്തോടും പ്ലാന്‍റേഷന്‍ കുത്തകയോടും ഏറെക്കുറെ ഒറ്റക്കായിരുന്നു തന്‍റെ സമരം എന്ന് ഗോമതി തെരഞ്ഞെടുപ്പുകാലത്ത് വ്യക്തമാക്കിയിരുന്നു. തമിഴ്, ദലിത് ജനതയോടുള്ള വംശീയത കേരളത്തില്‍ നിന്നും അനുഭവിച്ചിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു.

പൂഞ്ഞാർ രാജ കുടുംബം 1877ല്‍ ലീസ് ആയി നല്‍കിയ ഭൂമിയില്‍ 1879ൽ ജെഡി മൺറോയും എഡബ്ള്യു ടേണറും രൂപീകരിച്ച നോർത് ട്രാവൻകൂർ ലാൻഡ് പ്ലാനിങ് ആൻഡ് അഗ്രികൾച്ചറൽ സൊസെെറ്റി രൂപീകരിച്ച് കാപ്പിയും ഏലവും കൃഷി ചെയ്യാൻ തുടങ്ങി. 1897ൽ ഫിൻലേ മുള്ളറും ഗ്ലാസ്ഗോ കംപനിയും ചേർന്ന് ഈ പ്രദേശത്ത് തേയില കൃഷി ചെയ്ത് തുടങ്ങി. 1976ൽ ജെയ്ംസ് ഫിൻലേ ഗ്രൂപ്പുമായി ചേർന്ന് ടാറ്റ ഫിൻലേ ലിമിറ്റഡ് രൂപീകരിച്ചു. 1983ൽ ടാറ്റ ഈ കമ്പനി വാങ്ങുകയും 2005ൽ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി പ്രെെവറ്റ് ലിമിറ്റ്ഡ് രൂപീകരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്ന് തേയില ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വലിയ ശക്തിയായി കണ്ണൻ ദേവൻ- ടാറ്റ കമ്പനി മാറി. 23, 783 ഹെക്ടർ പ്ലാന്റേഷനിലുള്ള ഏഴ് ടീ എസ്റ്റേറ്റുകളിലായി 10,000 തൊഴിലാളികളാണ് ഉള്ളത്. 2015ൽ വേതന വർധനവ് എന്ന പ്രത്യക്ഷ, പ്രേരക കാരണവുമായി ഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികൾ സമരം തുടങ്ങിയപ്പോൾ “കുറഞ്ഞ വിദ്യാഭ്യാസം ഉണ്ടായിരുന്നവരും നാണിച്ച് നിന്നവരുമായ തൊഴിലാളികൾ ആത്മവിശ്വാസം നേടി അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുതുടങ്ങി”യെന്നും സമരത്തിന് പിന്നിൽ മറ്റ് ശക്തികളാണ് എന്നും കമ്പനി മുതലാളിമാർ ആരോപിച്ചു. പുതിയ തലമുറകൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതും തേയില നുള്ളുന്നതിനായി യന്ത്രവൽക്കൃത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ഓരോ തൊഴിലാളിക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള നിയമനിർമാണം നടത്തുവാനും ഈ തൊഴിലിലെ ജാതീയമായ ബന്ധനത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഉപാധികളായി തോട്ടം തൊഴിലാളികൾ സ്വീകരിക്കുകയും മുന്നോട്ടുവെക്കുകയും ചെയ്തു.

ഭൂസമരം പ്രഖ്യാപിച്ചതിന് ശേഷം ഇന്റലിജൻ‍സ് ഏജൻസിയും പൊലീസും തന്റെ പിന്നാലെയായി എന്ന് 2018ൽ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഗോമതി പറയുന്നുണ്ട്. അതേ തുടർന്ന് മൂന്നാറിൽ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ നിന്ന് ഒഴിയേണ്ടിവരികയും ചെയ്തു. അതിനുശേഷം പൂമലയിലേക്ക് താമസം മാറുകയും ചെയ്തു. “എല്ലാവരും മൂന്നാറിന്റെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നു. ഇവിടെ എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിന് അറിയാം, പക്ഷേ ആരും അതിനോട് പ്രതികരിക്കുകയില്ല. കോൺഗ്രസോ സിപിഎമ്മോ സിഐടിയുവോ ഈ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കില്ല. ഗോമതി അതേപ്പറ്റി ധെെര്യത്തോടെ സംസാരിക്കും. ഇവിടെ ദരിദ്രർക്ക് ഭൂമിയില്ല. പക്ഷേ ഈ രാഷ്ട്രീയക്കാർക്ക് എവിടെയും ഭൂമി കയ്യേറുകയും സ്വന്തമാക്കുകയും ചെയ്യാം. ജോയ്സ് ജോർജ് എംപിയെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നുണ്ടോ? ഈ രാഷ്ട്രീയക്കാരെല്ലാം കോട്ടേജുകളുടെയും ഏക്കർ കണക്കിന് ഭൂമിയുടെയും ഉടമകളാണ്. അവരെല്ലാം വളർന്നത് ഒരു വീട് പോലും സ്വന്തമായി ഇല്ലാത്ത നമ്മുടെ ചോരയിലാണ്. ഇവിടെ ഞാൻ മാത്രമല്ല ധെെര്യമുള്ള സ്ത്രീയായി ഉള്ളത്, വളരെയധികം സ്ത്രീകളുണ്ട്. തൊഴിലാളികളുടെ വേതനത്തിനായുള്ള സമരം കമ്പനിക്കെതിരെ ആയിരുന്നെങ്കിൽ ഭൂമിക്കായുള്ള സമരം ഗവണ്മെന്റിനോടാണ്. ഞങ്ങളുടെ ഭൂസമരം ടീ പ്ലാന്റേഷൻ തൊഴിലാളികൾക്ക് മാത്രമായുള്ളതല്ല, അത് ഭൂരഹിതരായ ദളിതർക്കും ആദിവാസികൾക്കും വേണ്ടിയുള്ളതാണ്.”ഗോമതി വ്യക്തമാക്കി.

“പെട്ടിമുടിയിൽ കൊല്ലപ്പെട്ടവരുടെ ജീവനു അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുകയാണ് സർക്കാർ. അഞ്ചുലക്ഷം രൂപകൊണ്ട് എന്തെടുക്കാൻ ആണ്? ഇതൊരു അടിച്ചമർത്തൽ ആണ്. ഇത് കാലാകാലമായി നടക്കുന്നതാണ്. അവരുടെ സ്വപ്നങ്ങൾ തകർന്നുപോയില്ലേ? അവരുടെ മക്കളുടെ ജീവിതം, അവരുടെ ജീവിതം എല്ലാം പോയി, ഓഗസ്റ്റിലെ മഴ തുടങ്ങിയിട്ടേ ഉള്ളൂ, മൂന്നാറിൽ ഇനി എന്തൊക്കെ സംഭവിച്ചേക്കാം? വീട് നന്നാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് എത്രയോ പേരാണ് പഞ്ചായത്തിലും ബ്ലോക് പഞ്ചായത്തിലുമായി പരാതി നൽകിയിട്ടുള്ളത്. ഇനി വീടുകൾ പോയാലും അഞ്ചുലക്ഷം രൂപ കൊടുത്ത് അവരുടെ വായടപ്പിക്കും സർക്കാർ. 2018ലെ പ്രളയത്തിന് ശേഷം തോട്ടം തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ നിറയെ വാഹനങ്ങൾ അരിയും സാധനങ്ങളുമായി മൂന്നാറിലേക്ക് എത്തി. എന്റെ ലെെവ് വീഡിയോയ്ക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും സാധനങ്ങൾ വന്നു. വന്നതിൽ പല സാധനങ്ങളും രാഷ്ട്രീയക്കാരുടെ വീട്ടിലാണ് എത്തിയത്. ‌‌” 2019ലെ പ്രളയകാലത്തും ഒറ്റപ്പെട്ടുപോയ എസ്റ്റേറ്റുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു. ‌

“ഒരു കിച്ചണും ഒരു ബെഡ്റൂമും വീടായി ഉള്ളവരോടാണ് അകലം പാലിക്കണമെന്ന് പറയുന്നത്. അഞ്ചുപേരും ആറുപേരും ഒരു ബെഡിലും രണ്ട് കട്ടിലുകൾ‍ കൂട്ടിയിട്ടും ഒക്കെയായി കിടക്കുന്നവരോടാണ് അകലം പാലിക്കാൻ പറയുന്നത്. കോവിഡ് കാലത്തും അവർ തൊഴിൽ ചെയ്തിരുന്നു. മാധ്യമങ്ങൾ ഇതൊരു വലിയ വാർത്തയാക്കുന്നില്ല എന്ന് പെട്ടിമുടിയിൽ പോയപ്പോൾ എനിക്ക് തോന്നി. ഇതൊരു വലിയ പ്രശ്നമാകും, കമ്പനിയല്ലേ, തോട്ടമല്ലേ എന്നൊക്കെ കരുതിയാകും. പൊമ്പിളെെ ഒരുമെെ സമരം റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർമാരൊക്കെ അവിടെ ഉണ്ടായിരുന്നു. ക്യാമറയൊക്കെ വെച്ച് അവർ നിൽക്കുന്നുണ്ടായിരുന്നു, ഒരു ബോഡി എടുത്തുകൊണ്ടുപോകുമ്പോൾ അവർ അതൊന്നും റെക്കോർഡ് ചെയ്തില്ല, ഞാനത് ശ്രദ്ധിച്ചു.” ഗോമതി പറയുന്നു.


Read More Related Articles