“ഈ രാജ്യം അന്വേഷണാത്മക മാധ്യമപ്രവർത്തനം അർഹിക്കുന്നില്ല, അർഹിക്കുന്നത് ഇപ്പോൾ ഭരിക്കുന്ന മതഭ്രാന്തരെത്തന്നെ”; റാണ അയ്യൂബ്
മാലേഗാവ് സ്ഫോടനക്കേസിൽ പ്രധാന പ്രതിയായ സാധ്വി പ്രഗ്യ സിങ് ഥാക്കൂർ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ പ്രഗ്യക്കെതിരെ പുറത്തുകൊണ്ടുവന്ന പ്രധാന റിപ്പോർട്ടുകൾ ഓർമ്മിപ്പിച്ച് അന്വേഷണാത്മക മാധ്യമപ്രവർത്തക റാണ അയ്യൂബ്.
2008 മുതൽ 2011 വരെ മാലേഗാവ് സ്ഫോടനം മുതൽ മെക്ക മസ്ജിദ് സ്ഫോടനക്കേസ് വരെയുള്ള കേസുകളിൽ തെഹൽക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ, സാധ്വി പ്രഗ്യ സിങ് ഥാക്കൂറിന്റെ ഭീകരപ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുകൾ എന്നിവയും റാണ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പ്രഗ്യ സിങ് ഥാക്കൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കാണേണ്ടിവരുന്നു എന്നും പ്രഗ്യ സിങ് ഥാക്കൂറിന്റെ സ്ഥാനാർത്ഥിത്വത്തോട് റാണ പ്രതികരിക്കുന്നു.
രാജ്യത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മുസ്ലിങ്ങളുടെ കൊലപാതക കേസുകളെപ്പറ്റി താൻ തെഹൽക്കയിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് അമിത് ഷായെ ജയിലിലാക്കിയത്. സത്യം ഈ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ നടത്തിയ സമരങ്ങളെ ഒന്നുമല്ലാതാക്കിക്കൊണ്ട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷനായി, ഗുജറാത്ത് മോഡല്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കിക്കൊണ്ട് അമിത് ഷാ വളർന്നത് കാണേണ്ടിവരുന്നു. അതിനാല്‍ ഈ രാജ്യം അന്വേഷണാത്മക മാധ്യമപ്രവർത്തനം അർഹിക്കുന്നില്ലെന്നും അർഹിക്കുന്നത് രാജ്യം ഭരിക്കുന്ന മതഭ്രാന്തരെ തന്നെയാണ് എന്നും റാണ പ്രതിഷേധമറിയിക്കുന്നു.
റാണയുടെ ഫെയ്സ്ബുക് കുറിപ്പ്
“നൂറുകണക്കിന് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ചില ഭീകരവാദ കേസുകളിൽ വലതുപക്ഷ ഭീകരവാദികളുടെ പങ്കിനെക്കുറിച്ച് 2008 മുതൽ 2011 വരെ തെഹൽക്കയിൽ ഞങ്ങൾ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. മാലേഗാവ് മുതൽ സംഝോത, അജ്മീർ, മെക്ക മസ്ജിദ് കേസുകൾ വരെ. പ്രഗ്യ ഥാക്കൂറിനെയും കേണൽ പുരോഹിതിനെയും കുറിച്ചുള്ള കൊടും വെളിപ്പെടുത്തലുകൾ ഞങ്ങളുടെ കവർ സ്റ്റോറികളിൽ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രങ്ങൾ സാധ്വി പ്രഗ്യയെ വലതുപക്ഷ ഭീകരവാദത്തിന്റെ മുഖമായി വെളിപ്പെടുത്തുന്ന സ്ഫോടനാത്മകമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടി ആ സ്ത്രീയെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് കാണേണ്ടിവരുന്നു.
നിങ്ങളുടെ വെളിപ്പെടുത്തൽ മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസുകളിൽ അമിത് ഷായെ ജയിലാക്കുന്നു, നിങ്ങൾക്ക് അയാൾ ഈ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായി വളർന്ന് ഗുജറാത്ത് മോഡൽ ദേശീയ തലത്തിൽ പ്രയോഗിക്കുന്നത് കണ്ടുകൊണ്ട് ജീവിക്കേണ്ടിവരുന്നു. എന്നിട്ട് അത്ഭുതപ്പെടുന്നു ഈ സത്യങ്ങളെല്ലാം ഈ രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കാൻ നിങ്ങൾക്ക് കടന്നുപോകേണ്ടിവന്ന സമരങ്ങൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന്! ഈ രാജ്യം അന്വേഷണാത്മക മാധ്യമപ്രവർത്തനം അർഹിക്കുന്നില്ല, ഈ രാജ്യം അർഹിക്കുന്നത് ഇപ്പോൾ ഭരിക്കുന്ന മതഭ്രാന്തരെത്തന്നെ.”