ഘർവാപസി കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന ഹെെക്കോടതി വിധിയെപ്പറ്റി അറിവില്ലെന്ന് തൃപ്പൂണിത്തുറ എസ്ഐ
തൃപ്പൂണിത്തുറ ചൂരക്കാട്ടെ ഘർവാപ്പസി കേന്ദ്രത്തിൽ നിന്നും സഹായമഭ്യർത്ഥിച്ച് പെൺകുട്ടി ഇറങ്ങിയോടിയ സംഭവത്തിൽ കേസെടുക്കാത്തത് പരാതിയില്ലാത്തത് കൊണ്ടാണെന്ന് തൃപ്പുണിത്തുറ എസ്ഐ ബിജു. യുവതിയുടെ വിശദാംശങ്ങൾ കയ്യിലില്ലെന്നും എസ്ഐ ബിജു പറഞ്ഞു. കേന്ദ്രം നടത്തിപ്പുകാരനായ മനോജ് ഗുരുജിക്കെതിരെ പരാതികള്‍ നിലനില്‍ക്കെ, ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന ഹെെക്കോടതി വിധിയും നിലവിലുള്ള സാഹചര്യത്തില്‍ അതേപ്പറ്റി തനിക്ക് അറിവില്ലെന്നും എസ്ഐ ബിജു കീബോർഡ് ജേണലിനോട് പറഞ്ഞു.
ചൂരക്കാട്ട് മനോജ് ഗുരുജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാധനാ ശക്തികേന്ദ്രം എന്ന ഘർവാപസി കേന്ദ്രത്തിൽ നിന്നുമാണ് പാലക്കാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരി രക്ഷപ്പെട്ടത്. സനാതന ധർമങ്ങൾ പഠിപ്പിക്കാൻ വേണ്ടിയാണ് രക്ഷിതാക്കൾ പെൺകുട്ടിയെ സാധനാ ശക്തികേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്, പിറ്റേ ദിവസം തന്നെ അവിടെ നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിക്ക് പരാതിയില്ലെന്നും എസ്ഐ ബിജു കീബോർഡ് ജേണലിനോട് പറഞ്ഞു.
മനോജ് ഗുരുജിക്കെതിരെയും ഘർവാപസി പീഡന കേന്ദ്രത്തിനും എതിരായ പരാതികളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹെെക്കോടതി വിധി നിലനിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഈ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് അക്കാര്യത്തെപ്പറ്റി തനിക്കറിയില്ല എന്നായിരുന്നു എസ്ഐ ബിജുവിന്റെ മറുപടി.
“ആ പെൺകുട്ടിയുടെ വിശദാംശങ്ങൾ ഞങ്ങളുടെ കയ്യിലില്ല, അവരുടെ രക്ഷിതാക്കൾ അവിടെ കൊണ്ടുപോയി ആക്കിയതാണ് സനാതന ധർമങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി. പെൺകുട്ടിയുടെ സഹോദരിയും ഉണ്ടായിരുന്നു. ആ കുട്ടിക്ക് അതിൽ താൽപര്യമില്ലാത്തതുകൊണ്ട് ആ പെൺകുട്ടി രാവിലെ പോകുന്നു, സഹോദരിയും ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചപ്പോൾ പൊലീസ് ചെന്നിരുന്നു, മറ്റ് പരാതിയോ വിഷയങ്ങളോ അവിടെ ഉണ്ടായിട്ടില്ല. അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടായതായി അവർ പറഞ്ഞിട്ടില്ല, നാട്ടുകാരുടെ മുന്നിൽ വെച്ചൊന്നും അത്തരത്തിൽ പറഞ്ഞിട്ടില്ല. 22 വയസ്സുള്ള പെൺകുട്ടിയാണ്, അവളുടെ ചേച്ചി ഒരു സ്പോർട്സ് ഹോസ്റ്റലിലെ കോച്ചാണ്. തലേദിവസം അച്ഛനുമമ്മയും അവിടെ കൊണ്ടാക്കി, ചേച്ചിയും കൂടെയുണ്ടായിരുന്നു. രാത്രി അവർ തിരിച്ചുപോയി, പിറ്റേന്നാണ് ഈ കുട്ടി അവിടെ താൽപര്യമില്ലാത്തതുകൊണ്ട് ഇറങ്ങി പോകുന്നത്. ഒരു രാത്രി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, ആ പ്രാർത്ഥനകളിലും മറ്റും താൽപര്യമില്ലാത്തതുകൊണ്ട് ആ കുട്ടി അവിടെനിന്ന് ഇറങ്ങുകയായിരുന്നു. സ്റ്റേഷനിൽ വന്നിരുന്നു. രക്ഷിതാക്കളെ വിളിച്ചന്വേഷിച്ചപ്പോൾ രക്ഷിതാക്കൾ വേറെ പരാതിയില്ല, ഞങ്ങളാണ് അവിടെ കൊണ്ടുപോയി ആക്കിയത് അവൾക്ക് താൽപര്യമില്ലെങ്കിൽ തിരിച്ച് പോന്നോട്ടെ എന്ന് പറഞ്ഞു. അവർ വീട്ടിലേക്ക് പോയി. ഇങ്ങോട്ടാണ് എന്ന് പറയാതെയാണ് അവരെ കൊണ്ടുവന്നത്. അല്ലാതെ സ്ഥാപനത്തെപ്പറ്റിയോ മറ്റ് ആൾക്കാരെപ്പറ്റിയോ പരാതിയൊന്നുമില്ല.
രക്ഷിതാക്കൾ പറയുന്നത് ഈ കുട്ടി അവർ പറയുന്നതനുസരിച്ച് ജീവിക്കുന്നില്ല അവരുടെ ഇഷ്ടത്തിന് ആരെയോ കല്യാണം കഴിക്കാൻ പോകുന്നു എന്നൊക്കെയാണ് അവർ പറയുന്നത്. ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്. ഞങ്ങളുടെ കയ്യിൽ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നുമില്ല. സഹോദരിയും ഈ ക്യാമ്പിലുണ്ടായിരുന്നു, അവർക്ക് ഇതിനോട് താൽപര്യമുണ്ട്. അവർ യൂട്യൂബിലൊക്കെ വീഡിയോകൾ കണ്ടു, അവിടെയൊരു ക്യാമ്പ് നടക്കുകയായിരുന്നു, അതിൽ മറ്റ് പല സ്ഥലങ്ങളിൽ നിന്നുള്ളവരും ഉണ്ട് അവർക്കാർക്കും പരാതിയൊന്നുമില്ല അവരെല്ലാം സ്വമേധയാ വന്നവരാണ്. ഇതൊന്നും അത്ര വിഷയമുള്ള കാര്യമൊന്നുമല്ല പിന്നീട് ചാനലിലൊക്കെ വന്നതുകൊണ്ടായിരിക്കാം ഇത്ര ചർച്ച ചെയ്യപ്പെടുന്നത്. ആറുമാസം മുമ്പ് സെപ്തംബറിലാണ് സാധനാ ശക്തി കേന്ദ്രം ഇവിടെ പ്രവർത്തനമാരംഭിച്ചത്. മനോജ് ഗുരുജിക്കെതിരെ മുമ്പ് പരാതി ഉള്ളത് ഹിൽപാലസ് പൊലീസ് സ്റ്റേഷനിലാണ്. ഈ സ്ഥാപനത്തിനെതിരെ ഇതുവരെ പരാതിയൊന്നും ഉയർന്നിട്ടില്ല. പരാതി ശ്രദ്ധയിൽ പെട്ടാലേ നടപടി എടുക്കാൻ കഴിയൂ.” എസ് ഐ ബിജു പറഞ്ഞു.
2017ലാണ് കേരളത്തിൽ ഘർവാപസി കേന്ദ്രം പ്രവർത്തിക്കുന്നതിന് വ്യക്തമായ തെളിവുകൾ ലഭിക്കുന്നത്. കേന്ദ്രത്തിൽ നിന്നും പീഡനം സഹിക്കാൻ കഴിയാതെ രക്ഷപ്പെട്ട സ്ത്രീകൾ പുറത്തെത്തി ഇക്കാര്യങ്ങൾ ലോകത്തോട് പറയുകയായിരുന്നു. 2017 സെപ്തംബറിലാണ് ഘർവാപസി കേന്ദ്രത്തിനെതിരെ ആദ്യ പരാതി ഫയൽ ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്രത്തെ അതിജീവിച്ചവര്‍ പരാതി നല്‍കി.
ഹാദിയ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ ഘർവാപസി ചെയ്യാൻ അന്ന് ശിവശക്തി യോഗാ കേന്ദ്രം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഘർവാപസി കേന്ദ്രത്തിൽ നിന്നും പ്രവർത്തകർ ഹാദിയയെ സന്ദർശിച്ചിരുന്നു.