ചന്ദ്രമുഖി മുവ്വലയെ ഉടൻ കണ്ടെത്തണമെന്ന് സഹപ്രവർത്തകർ ​

By on

ഗോഷ്മഹൽ മണ്ഡലത്തിലെ എംഎൽഎ സ്ഥാനാർത്ഥിയായ ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തക ചന്ദ്രമുഖി മുവ്വലയെ ഉടൻ കണ്ടെത്തണമെന്ന് സഹപ്രവർത്തകർ തെലങ്കാന പൊലീസിനോട് ആവശ്യപ്പെട്ടു.

“ഗോഷ്മഹൽ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചന്ദ്രമുഖി മുവ്വല എന്ന ട്രാൻസ് വുമൺ ആക്ടിവിസ്റ്റ് ഇന്ന്, 27/11/2018 രാവിലെ മുതൽ കാണാതായിരിക്കുകയാണ്. സ്വന്തം വീട്ടിൽ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ ക്യാംപെയ്നിങ്ങിന് ചന്ദ്രമുഖിയോടൊപ്പം പോകാനെത്തിയ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളാണ് ഇക്കാര്യം ആദ്യം അറിയുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ചന്ദ്രമുഖിയുടെ അമ്മയും ആകെ തകർന്നിരിക്കുകയാണ്.

ചന്ദ്രമുഖിയുടെ വീടിനടുത്തുള്ള ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. തെലങ്കാന ഹിജ്ര ഇന്റർസെക്സ് ട്രാൻസ്ജെൻഡർ സമിതിയുടെ പ്രവർത്തകയായ ചന്ദ്രമുഖി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പല റാലികളിലും പൊതുപരിപാടികളിലും ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വാഭിമാനത്തെ കുറിച്ച് ഉയർന്ന വ്യത്യസ്ത ശബ്ദമാണ് ചന്ദ്രമുഖി. തന്റെ നിയമസഭാ പ്രാതിനിധ്യം മൊത്തം ട്രാൻസ് കമ്മ്യൂണിറ്റിയെയും സഹായിക്കും എന്ന നിലപാടിലാണ് ചന്ദ്രമുഖി.


ചന്ദ്രമുഖിയുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ചന്ദ്രമുഖിക്കും മറ്റ് സ്ത്രീ, ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികൾക്ക് വേണ്ടി മതിയായ സുരക്ഷ ഏർപ്പെടുത്താത്തതിൽ ഞങ്ങൾ അപലപിക്കുന്നു. ഈ അലംഭാവം രാഷ്ട്രീയത്തിൽ ചേരുന്നതിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികളെയും സ്ത്രീകളെയും പിന്തിരിപ്പിച്ചേക്കും. കാണാതാകുന്നതിന് ഒരു ദിവസം മുമ്പാണ് ചന്ദ്രമുഖി പ്രചരണം ആരംഭിച്ചത്. ചന്ദ്രമുഖിയെ അതിവേ​ഗം കണ്ടെത്തണമെന്ന് ഞങ്ങൾ തെലങ്കാന പൊലീസിനോട് ആവശ്യപ്പെടുന്നു.”

തെലങ്കാനയിലെ ആദ്യത്തെ ട്രാൻസ് വുമൺ എംഎൽഎ സ്ഥാനാർത്ഥിയാണ് ചന്ദ്രമുഖി.


Read More Related Articles