ഉബർ, ഓല തൊഴിലാളികൾ സമരത്തിൽ; കുത്തകകളുടെ കൊള്ളയെന്ന് തൊഴിലാളികള്‍
എറണാകുളം: നഗരത്തിലെ നവതൊഴിൽ മേഖലകളിൽ ഒന്നായ ഓൺലൈൻ ടാക്സി സംവിധാനത്തിലെ ഡ്രൈവർമാർ സമര രംഗത്തേക്ക്. ഇന്ന് രാവിലെ പത്തു മണി മുതൽ എറണാകുളം കലക്ടറേറ്റിന് മുന്നിലാണ് അന്താരാഷ്ട്ര ഓൺലൈൻ ടാക്സി കമ്പനികളായ ഊബർ ഓല തുടങ്ങിയ കമ്പനികളിലെ നൂറോളം വരുന്ന ഡ്രൈവർമാർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. കമ്പനികൾ നടത്തുന്നത് കൊടിയ ചൂഷണമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കുറഞ്ഞ നിരക്കിലാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നും എന്നാൽ ട്രിപ്പ്ഫെയറിന്റെ 25 ശതമാനത്തിനു മുകളിൽ തങ്ങളിൽ നിന്ന് കുത്തകകമ്പനികൾ കൊള്ളയടിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു.
വേതന വർദ്ധനവ് നടപ്പിലാക്കണം, സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം, പൂൾ,ഷെയർ ടാക്സി സംവിധാനങ്ങൾ കമ്പനി ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.’തങ്ങളിൽ പലരും മോഹനവാഗ്ദാനങ്ങൾ കേട്ട് ലോണെടുത്ത് വാഹനങ്ങൾ വാങ്ങിയവരാണ്. കമ്പനികളുടെ ഈ പകൽകൊള്ള മൂലം വലിയ കടക്കെണിയിലാണ് ഞങ്ങൾ. നടപടിഉണ്ടായില്ലെങ്കിൽ മരണം വരെ നിരാഹാരം തുടരും’ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടനയായ KSMTU നേതാക്കൾ കീബോർഡ് ജേണലിനോട് പറഞ്ഞു വിവിധ തൊഴിലാളിസംഘടനകൾ പിന്തുണ പ്രഖ്യാപിച്ച സമരം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം നിർവഹിച്ചു.