വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ഹെൽപ് ലെെനുമായി യുനെെറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ്; അതിവേഗ ഇടപെടൽ ഉറപ്പുനൽകുന്ന ഹെൽപ് ലെെൻ ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും 

By on

രാജ്യത്ത് വർധിച്ചുവരുന്ന സംഘപരിവാർ വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ദേശീയ തലത്തിലുള്ള അതിവേഗ ഹെൽപ് ലെെൻ ഇന്ന് വെെകുന്നേരം മുതൽ പ്രവർത്തനമാരംഭിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘപരിവാർ വിദ്വേഷ രാഷ്ട്രീയത്തിനും വർഗീയവാദത്തിനും കൂട്ടംചേർന്നുളള കൊലപാതകങ്ങൾക്കും വംശഹത്യയ്ക്കുമെതിരെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനെെറ്റഡ് എഗെയ്ൻസ്റ്റ് ഹേയ്റ്റ് എന്ന സംഘടനയാണ് ഹെൽപ് ലെെൻ സംവിധാനമൊരുക്കുന്നത്.

ജൂൺ 17ന് ജാർഖണ്ഡിലെ സരെെകേല-കരസാവൻ ജില്ലയിലെ ധട്കിടി ഗ്രാമത്തിൽ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട ശേഷം ജയ് ശ്രീരാം പറയാൻ‍ ആവശ്യപ്പെട്ട് കൂട്ടം ചേർന്ന് ആക്രമിച്ച തബ്രീസ് അൻസാരി എന്ന യുവാവ് ജൂൺ 22ന് കൊല്ലപ്പെട്ടു. തബ്രീസ് അൻസാരിയുടെ കൊലപാതകത്തെ തുടർന്ന് ഹിന്ദുത്വഭീകരവാദികൾ നടപ്പിലാക്കുന്ന സംഘടിത വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുനെെറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് കൂട്ടായ്മ ഒരു ദേശീയ ഹെൽപ് ലെെൻ സാധ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.

ഇന്ന് വെെകുന്നേരം 3 മണിക്ക് ഡൽഹി പ്രസ് ക്ലബിൽ നടക്കുന്ന പരിപാടിയിൽ ഹെൽപ് ലെെൻ നമ്പർ പ്രഖ്യാപിക്കും. ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ ആക്രമണത്തിന് ഇരയായവർക്കും അത്തരത്തിലുള്ള ആക്രമണത്തിന് സാക്ഷിയായവർക്കും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലെെനിലേക്ക് വിളിക്കാം. അതിവേഗ പ്രതികരണം, കുറ്റകൃത്യം വാർത്താപരമായി രേഖപ്പെടുത്തൽ, നിയമസഹായം, അഭിഭാഷക സഹായം എന്നിവ യുനെെറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റിന്റെ ഹെൽപ് ലെെൻ ഉറപ്പ് നൽകുന്നു. ഹെൽപ് ലെെൻ നമ്പറിൽ സ്വീകരിക്കുന്ന ഓരോ കോളിനും രാജ്യത്തെ അഭിഭാഷകരുടെയും ആക്റ്റിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടൽ യുനെെറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് ഉറപ്പുനൽകുന്നു.

മൗലാനാ മഹ്മൂദ് മദ്നി, ഡോ. കഫീൽ ഖാൻ, മാധ്യമപ്രവർത്തകൻ ഊർമിളേഷ്, പ്രൊഫസർ ഘസാലാ ജമീൽ, പ്രൊഫസർ അപൂർവാനന്ദ്, മാലിക് മൊതസിം ഖാൻ, പ്രൊഫ. രതൻ ലാൽ, പ്രശാന്ത് ഠണ്ഡൻ, അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ഫസെെൽ അയ്യൂബി, അനസ് തൻവീർ, എഹ്തെസാം ഹാഷ്മി, ശ്രീജി ഭാവ്സാർ, രവി നായർ (സൗത്ത് ഏഷ്യ ഹ്യുമൻ റെെറ്റ്സ് ഡോക്യുമെന്റേഷൻ സെന്റർ) എന്നിവർ ഹെൽപ് ലെെൻ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കും.


Read More Related Articles