ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനെ കല്ലെറിഞ്ഞ് കൊന്നു
ഉത്തർപ്രദേശിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കല്ലേറ് കൊണ്ട് കൊല്ലപ്പെട്ടു. ഗാസിപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിൽ സുരക്ഷാ ചുമതല വഹിച്ച് മടങ്ങുന്നതിനിടെ സുരേഷ് വത്സ് (48) എന്ന പൊലീസ് കോൺസ്റ്റബിൾ ആണ് കല്ലേറ് കൊണ്ട് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് യോഗി ആദിത്യനാഥ് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
നൊനാര സ്റ്റേഷൻ പരിധിയിൽവെച്ച് സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഹെെവേ ഉപരോധിക്കുകയായിരുന്ന നിഷാദ് സമുദായക്കാരാണ് പൊലീസ് കോൺസ്റ്റബിളിന് നേരെ കല്ലെറിഞ്ഞത്. രാഷ്ട്രീയ നിഷാദ് പാർട്ടിയുടെ പ്രവർത്തകരായ പ്രതിഷേധക്കാരെ പ്രധാനമന്ത്രിയുടെ യോഗം നടന്ന വേദിയിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു. ഇതേ തുടർന്ന് യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന പൊലീസ് വാഹനങ്ങളും ഇവർ തടയുകയും കല്ലെറിയുകയും ചെയ്യുകയായിരുന്നു എന്ന് ഗാസിപൂർ എസ്പി യശ്വീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
തലയ്ക്ക് പരിക്കേറ്റ സുരേഷ് വത്സിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ മാസം മൂന്നാം തീയ്യതിയാണ് അഖ്ലാഖിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിനെ ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്ടം വെടിവെച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയത്.