കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ യുഎസ് സെനേറ്റ് സമിതി; ‘മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കണം, ആശയവിനിമയ മാർ​ഗങ്ങൾ പുന:സ്ഥാപിക്കണം’

By on

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ആദ്യത്തെ അമേരിക്കൻ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന നീക്കമാണ് യുഎസ് സെനറ്റിന്‍റെ വിദേശകാര്യ സമിതി നടത്തിയത്. ഫോറിൻ അപ്രോപ്രിയേഷൻ നിയമം 2020 നു വേണ്ടിയുള്ള റിപ്പോർട്ടിലാണ് അമേരിക്കൻ സാമാജികർ‌ കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തിരുത്തി മാനവികതാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശുപാർശ ചെയ്യുന്നത്.
ദില്ലി സന്ദർശിക്കുകയും ഇന്ത്യയുമായി ഇന്ത്യ-അമേരിക്ക ദ്വികക്ഷി ബന്ധം, വ്യാപാര ബന്ധങ്ങൾ, പ്രതിരോധ കച്ചവടം തുടങ്ങിയ കാര്യങ്ങൾ പ്രധാനപ്പെട്ട ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തിയ അമേരിക്കൻ കോൺ​ഗ്രസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന സെനേറ്റർ ക്രിസ് വാൻ ഹോളനാണ് നിർ‌ദ്ദേശങ്ങൾ അവതരിപ്പിച്ചത്. മുതിർന്ന സെനറ്റം​ഗവും പ്രസിഡന്‍റ് ഡോണൾഡ് റ്റ്രംപുമായി അടുത്ത ബന്ധവുമുള്ള റിപ്പബ്ലിക്കൻ നേതാവ് ലിൻഡ്സേ ​ഗ്രേയമാണ് റിപ്പോർട്ട് സെനറ്റിന് സമർപ്പിച്ചത്. കശ്മീരിലെ എല്ലാ മാനവികതാ പ്രതിസന്ധികളും പരിഹരിക്കാൻ തയ്യാറാവണമെന്ന് റിപ്പോർട്ട് ഇന്ത്യയോട് ആവശ്യപ്പെടുന്നു. റ്റെലികമ്യൂണിക്കേഷൻ ഇന്റർനെറ്റ് സൗകര്യങ്ങൾ പൂർ‌ണ്ണമായി പുനസ്ഥാപിക്കുക. കർഫ്യൂവും അശയവിനിമയ നിരോധനവും പിൻവലിക്കുക, ആർട്ടിക്കിൾ 370 പിൻവലിച്ചതിന് പിന്നാലെ ഇന്ത്യ തടവിലാക്കിയ മുഴുവൻ പേരെയും മോചിപ്പിക്കുക എന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
‘ഹൗഡി മോദി’ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ ഉള്ളപ്പോൾ തന്നെയാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് ക്രിസ് വാൻ ഹോളർക്ക് കശ്മീർ സന്ദർശിക്കാനുള്ള അനുമതി ഇന്ത്യ നിഷേധിച്ചിരുന്നു. ”എന്താണ് സംഭവിക്കുന്നത് എന്ന് നേരിൽ അറിയാനായി കശ്മീർ സന്ദർശിക്കാൻ ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ത്യ എനിക്ക് അനുമതി തന്നില്ല. ഒരാഴ്ച മുൻപ് തന്നെ അനുമതി തേടിയിരുന്നതാണ്”. ഹോളൻ പറയുന്നു. മെരിലാൻഡിൽ നിന്നുമുള്ള ഡെമോക്രാറ്റ് സെനേറ്ററാണ് ഹോളൻ.


Read More Related Articles