ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറി ആർഎസ്എസ് നേതാവ് വത്സൻ തില്ലെങ്കരി; പുറം തിരിഞ്ഞു നിന്നും ആചാര ലംഘനം
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ആർഎസ്എസിന്റെ നേതാവ് വത്സൻ തില്ലങ്കരി പതിനെട്ടാം പടിയിൽ ആചാരം ലംഘിച്ചു. ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറാൻ പാടില്ലെന്ന കാലങ്ങളായുള്ള ആചാരമാണ് വത്സൻ തില്ലങ്കരി ലംഘിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും പതിനെട്ടാം പടി കയറണമെങ്കിൽ ഇരുമുടികെട്ട് നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിനെയെല്ലാം ധിക്കരിച്ചു കൊണ്ടാണ് വത്സൻ തില്ലങ്കരി പതിനെട്ടാം പടി കയറിയത്. കൂടാതെ പടി കയറിയാൽ തിരിഞ്ഞു നോക്കരുത് എന്നുള്ള ആചാരവും വത്സൻ തില്ലങ്കരി തെറ്റിച്ചു. മുകളിൽ കയറി തിരിഞ്ഞു നിന്ന് സംസാരിച്ചാണ് വത്സൻ തില്ലങ്കരി ആചാരം ലംഘിച്ചത്.
വത്സൻ തില്ലങ്കരി ആചാര ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കാലങ്ങളായി നടന്നു വരുന്ന ആചാരമാണ് ഇതെന്നും ഇരുമുടികെട്ടില്ലാതെ ആരും തന്നെ പതിനെട്ടാം പടി കയറാറില്ലെന്നും ഇതിൽ കൂടുതൽ നടപടികൾ പരിശോധിച്ച് കൈക്കൊള്ളുമെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം ആചാരലംഘനം ഉണ്ടായിട്ടും തന്ത്രി ഇത് വരെ നട അടച്ചിട്ടില്ലെന്നതും ശ്രദ്ധേയമായി. നേരത്തെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച് ആചാര ലംഘനം നടന്നാൽ നട അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു.