പ്രധാനമന്ത്രിയ്ക്ക് പ്രതിഷേധ കത്തയച്ചു; ദലിത്-ബഹുജൻ വിദ്യാർത്ഥികളെ വാർധ സർവ്വകലാശാല പുറത്താക്കി

By on

കൂട്ടം ചേർന്നുള്ള കൊലപാതകങ്ങൾ, ബലാത്സം​ഗ കേസ് പ്രതികളെ സംരക്ഷിക്കൽ തുടങ്ങി രാജ്യത്ത് വർദ്ധിച്ചു വരുന്ന പ്രവണതകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയും ധർണ നടത്തുകയും ചെയ്ത ദലിത്-ബഹുജൻ വിഭാ​ഗക്കാരായ 6 വിദ്യാർത്ഥികളെ മഹാരാഷ്ട്രയിലെ മഹാത്മാ​ഗാന്ധി അന്തർരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെട്ടുവെന്നുമാണ് ഒക്റ്റോബർ 9 ന് പുറത്തിറക്കിയ ഉത്തരവിൽ ആക്റ്റിം​ഗ് രജിസ്റ്റ്രാർ രാജേശ്വർ സിം​ഗ് പറയുന്നത്.
സോഷ്യൽ വർക് എംഫിൽ വിദ്യാർത്ഥി ചന്ദൻ സരോജ്, ​​ഗവേഷക വിദ്യാർത്ഥികളായ നീരജ് കുമാർ, പങ്കജ് വേള, വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ രാജേഷ് സാർത്ഥി, രജ്നീഷ് അംബേദ്കർ, വൈഭവ് പിംപാൾക്കർ എന്നിവരെയാണ് പുറത്താക്കിയത്.
ധർണ്ണയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നുവെങ്കിലും നടപടി ദലിത്-ഒബിസി വിഭാ​ഗക്കാരായ വിദ്യാർത്ഥികൾക്കെതിരെ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് പുറത്താക്കപ്പെട്ടവരിലെ ചന്ദൻ സരോജ് പറയുന്നു.
”ഞങ്ങളോടൊപ്പം ഐക്യദാർഡ്യം പ്രകടിപ്പിച്ച് നിരവധി സവർണ വിഭാ​ഗക്കാരും ഉണ്ടായിരുന്നു” സരോജിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. വർ​ഗീയവും ജാതീയവുമായ ആൾക്കൂട്ട ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുന്നതാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഫെയ്സ്ബുക് പേജിലൂടെ അറിയിപ്പും നൽകിയിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. കത്ത് അയക്കാൻ സർവ്വകലാശാല അധികൃതരുടെ അനുമതി വേണമെന്ന് ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെടുകയും തുടർന്ന് ഒക്റ്റോബർ 7 ന് അനുമതി തേടുകയും ചെയ്തതായി പുറത്താക്കപ്പെട്ട ചന്ദൻ സരോജ് പറയുന്നു. തീയ്യതി വച്ചില്ലെന്ന കാരണം കാട്ടി അനുമതി നിഷേധിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അപ്പോൾ ഒന്നും പറഞ്ഞില്ലെന്നും ചന്ദൻ സരോജ് പറ‍ഞ്ഞു.


ഒക്റ്റോബർ 9 നാണ് സർവ്വകലാശാലയിൽ പ്രതിഷേധ ധർണ്ണ വിദ്യാർത്ഥികൾ സംഘടിപ്പിച്ചത്. സർവ്വകലാശാലയിലെ ​ഗാന്ധി പ്രതിമ നിലകൊള്ളുന്ന ​ഗാന്ധി ഹില്ലിലായിരുന്നു പ്രതിഷേധ കൂട്ടായ്മ. ബിഎസ്പി സ്ഥാപക നേതാവ് കൻഷിറാമിന്‍റെ ചരമദിനം കൂടിയാണ് ഒക്റ്റോബർ 9. നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ധർണ നടക്കുമ്പോൾ ആക്റ്റിം​ഗ് രജിസ്റ്റ്രാർ, ആക്റ്റിം​ഗ് വിസി കെ കെ സിം​ഗ് അടക്കമുള്ളവർ രാത്രി 9 മണിയോടെ എത്തി എന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ പറയുന്നു. ഭരണഘടനാ വി​രുദ്ധമായി ഒന്നും തന്നെ തങ്ങൾ ചെയ്യുന്നില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ക്യാംപസിൽ ബാധകമല്ല എന്നും തങ്ങൾ വാദിച്ചെങ്കിലും അത് അവർ കേൾക്കാൻ തയ്യാറായില്ല എന്നും അവർ പറഞ്ഞു. ”നിരവധി സവർണ വിഭാ​ഗക്കാരായ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തിട്ടും, രാത്രി ഏറെ വൈകി മൂന്ന് ദലിത് വിദ്യാർത്ഥികൾക്കും മൂന്ന് ഒബിസി വിദ്യാർത്ഥികൾക്കും മാത്രം എതിരായി അവർ നോട്ടീസ് ഇറക്കി. ഞങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് പോവുകയും ഒക്റ്റോബർ 10 ന് കത്ത് അയക്കുകയും ചെയ്തു” സരോജ് പറഞ്ഞു.


Read More Related Articles