വിദ്വേഷത്തെ വോട്ട് ചെയ്തകറ്റൂ; സംഘപരിവാറിനെതിരെ പാ രഞ്ജിത് ടീമിന്റെ ഷോർട്ട് ഫിലിമുകൾ ശ്രദ്ധേയമാകുന്നു
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിദ്വേഷ രാഷ്ട്രീയത്തെ വോട്ട് ചെയ്തകറ്റാൻ ആഹ്വാനം ചെയ്യുന്ന പാ രഞ്ജിത് ടീമിന്റെ ഷോർട്ട് ഫിലിമുകൾ ശ്രദ്ധേയമാകുന്നു. ‘ലവേഴ്സ് ഇൻ ദ ആഫ്റ്റർനൂൺ’, ‘ഷെയർ ഓട്ടോ’ എന്നീ സിനിമകളാണ് സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തോട് സംവദിക്കുന്നത്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ഈ ചെറുസിനിമകൾ നിർമ്മിച്ചിരിക്കുന്നത്. ജെന്നി ഡോളി സംവിധാനം ചെയ്ത ഷെയർ ഓട്ടോ നാഗരിക ജീവിതത്തിൽ ചേർന്ന് കിടക്കുന്ന ജാതി വിവേചനത്തെ തുറന്നുകാണിക്കുന്നു.
ഒരു തമിഴ് നഗരത്തിൽ ഷെയർ ഓട്ടോയിൽ കയറുന്ന ഒരു സവർണ സ്ത്രീ ഓട്ടോയിൽ തൊട്ടടുത്തിരിക്കുന്നത് ഒരു ദളിത്/ ബഹുജൻ ശുചീകരണത്തൊഴിലാളി സ്ത്രീ ആയതുകൊണ്ട് ചേർന്നിരിക്കാതെ യാത്ര ചെയ്യുന്നു. ഓട്ടോ ഡ്രെെവർ ഈ സ്ത്രീയോട് ശരിയായി ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഓട്ടോ ഗട്ടറിൽ വീണ് സവർണ സ്ത്രീക്ക് തലയ്ക്ക് പരിക്ക് പറ്റുന്നു, അതോടൊപ്പം അവർക്ക് നേരത്തെ ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ചേർന്നിരിക്കേണ്ടിയും വരുന്നു. കറുത്ത നിറമുള്ള, ശുചീകരണത്തൊഴിലാളിയായ സ്ത്രീ ഇത് കണ്ട് ഹെഡ്ഫോൺ ചെവിയിലേക്ക് വെച്ചുകൊണ്ട് വായപൊത്തി ചിരിക്കുന്നു. Discrimination is injurious to your health, Practice discrimination at your own risk എന്ന് എഴുതിക്കാണിക്കുന്നു.
അസിസ്റ്റന്റ് ഡയരക്ടർ ആയ ഷീബ രാംപാൽ ആണ് ശുചീകരണത്തൊഴിലാളി സ്ത്രീയുടെ വേഷമിട്ടിരിക്കുന്നത്. ജയ സ്വാമിനാഥനാണ് ജാതിവിവേചനം ആചരിക്കുന്ന
സവർണ സ്ത്രീയായി വേഷമിട്ടിരിക്കുന്നത്. നഗരത്തിൽ എല്ലായ്പ്പോഴും നടക്കുന്നതാണ് ഷെയർ ഓട്ടോയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന് സംവിധായിക ജെനി ഡോളി പറയുന്നു. പാ രഞ്ജിത്തിനൊപ്പം കബാലി, കാല എന്നീ സിനിമകളിൽ ജെനി ഡോളി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് മിനിറ്റാണ് ഷെയർ ഓട്ടോയുടെ ദെെർഘ്യം.
സാംസ്കാരിക സംഘടനയായ നീലം തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലപാട് വ്യക്തമാക്കുകയാണ് ഈ ഷോർട്ട് ഫിലിമുകളിലൂടെ എന്ന് ജെനി ഡോളി പറയുന്നു.
രാജേഷ് രാജമണിയുടെ ലവേഴ്സ് ഇൻ ദ ആഫ്റ്റർനൂൺ ബീഫിനെക്കുറിച്ചാണ്. ഒരുമിച്ച് താമസിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും വഴക്കിലാണ് ലവേഴ്സ് ഇൻ ദ ആഫ്റ്റർനൂൺ തുടങ്ങുന്നത്. എന്താണ് അവർ സംസാരിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും “കല്യാണം ഹാഹാ കല്യാണം” എന്ന അമ്പതുകളിലെ സിനിമാഗാനം ടിവിയിൽ പാടുന്നുണ്ട്. ഇതിനിടെ കൂട്ടുകാരി മുറിയിൽ കയറി വാതിലടച്ചിരിക്കുകയും കൂട്ടുകാരൻ സഞ്ചിയെടുത്ത് ബീഫ് സ്റ്റാളിലേക്ക് പോകുകയും ചെയ്യുന്നു. തിരിച്ചുവന്ന് ബീഫ് ഫ്രെെ ഉണ്ടാക്കി കൂട്ടുകാരിയെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു. രണ്ടുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു, വഴക്ക് അവസാനിക്കുകയും ചെയ്യുന്നു.
രാധിക പ്രസിദ്ധ, റജിൻ ജോസ് എന്നിവരാണ് ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. ജാതിവിരുദ്ധ എഴുത്തുകളും സിനിമാ നിരൂപണങ്ങളും കൊണ്ട് ശ്രദ്ധേയനായ രാജേഷ് രാജമണി വളരെ ലളിതമായ ഒരു സന്ദർഭമുപയോഗിച്ച് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം കെെകാര്യം ചെയ്യുന്നുണ്ട്. 1.57 മിനിറ്റാണ് ഈ ഷോർട്ട്ഫിലിമിന്റെ ദെെർഘ്യം.