‘അവർ ഞങ്ങളുടെ നട്ടെല്ലിലാണ് പിടിച്ചിരിക്കുന്നത്’: കഫീൽ ഖാന്റെ സഹോദരി സീനത് ഖാൻ
രണ്ട് സഹോദരങ്ങളും ജയിലിലായതോടെ തങ്ങൾക്ക് ആരുമില്ലാതായെന്ന് ഉത്തർപ്രദേശ് ബിജെപി സർക്കാർ രണ്ടാമതും ജയിലിൽ അടച്ച ഡോക്ടർ കഫീൽ ഖാന്റെ സഹോദരി സീനത് ഖാൻ. കഫീൽ ഖാനെയും സഹോദരൻ ആദിലിനെയും ജയിലിൽ അടച്ചതോടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സഹോദരൻ കാഷിഫ് മാത്രമാണ് ആശ്രയം. കാഷിഫ് ആവട്ടെ കൊലപാതക ശ്രമത്തിന്‍റെ പരിക്കിൽ നിന്നും മോചിതനായിട്ടില്ല. എന്നാൽ വെടിയുണ്ടയേറ്റ കാഷിഫിനും വിശ്രമിക്കാൻ കഴിയാത്ത സാഹചര്യമാണ് കഫീൽ ഖാനും അദീൽ ഖാനും ജയിലിൽ ആയതോടെ ഉണ്ടായിരിക്കുന്നത് എന്നും സീനത് ഖാൻ പറയുന്നു.
”എന്‍റെ ഉമ്മ വലിയ ഞെട്ടലിലാണ്. ആദ്യം കഫീലിനെ അവർ ജയിലിലടച്ചു, പിന്നെ കാഷിഫിനെ കൊലപ്പെടുത്താൻ നോക്കി. ഈയടുത്തായി കാഷിഫിന് ഹൃദയാഘാതം ഉണ്ടായി. മൂന്നുമാസം വിശ്രമമാവശ്യമാണെന്നു ഡോക്ടർ പറഞ്ഞു. രണ്ടു മുതിർന്ന സഹോദരന്മാരും ജയിലിലാണ്. അത് കാരണം കാഷിഫിനു വിശ്രമിക്കാൻ കഴിയുന്നില്ല. അദീൽ ഭായ് പിതാവിനെപ്പോലെയാണ്. ഡോ.കഫീൽ ജയിലിലായിരുന്നപ്പോൾ അദീൽ ഭായ് ആണ് നിയമപരമായ കാര്യങ്ങൾ ഒക്കെ ചെയ്തത്. മാധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്നതും അദീൽ ഭായ് തന്നെ. അവർ നമ്മുടെ നട്ടെല്ലിലാണ് പിടിച്ചിരിക്കുന്നത്. ഞങ്ങൾ നിസ്സഹായരാണ്. അവസാനമില്ലാത്ത പീഡനങ്ങളാണ് ഞങ്ങൾ നേരിടുന്നത്. ഡോ.കഫീൽ എവിടെയാണെന്ന് ആരും അന്വേഷിക്കുന്നില്ല, ഫെയ്‌സ്ബുക്കിൽ ഓരോ പോസ്റ്റും ലൈക്ക് ചെയ്യാൻ അത്രയേറെ ആൾക്കാർ ഉണ്ടായിരുന്നു. പെട്ടെന്ന് അവരൊക്കെ അപ്രത്യക്ഷരായി. ഡോ.കഫീൽ ഈ രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത് പക്ഷെ ഡോക്ടറെ പിന്തുണക്കാൻ ആരുമില്ല”
കഴിഞ്ഞമാസം 22 ന് ഉത്തർപ്രദേശിലെ ബഹറായിച്ചിൽ ശിശുമരണം നടന്ന സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുൻപാണ് കഫീൽ ഖാനെ രണ്ടാമത് അറസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ വീട് റെയ്ഡ് ചെയ്യുകയും സഹോദരൻ അദീൽ ഖാനെയും അറസ്റ്റ് ചെയ്തു. വർഷങ്ങളഅ പഴക്കമുള്ള കേസിലാണ് അദീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഇതേ കേസിന്റെ എഫ് ഐ ആർ തിരുത്തി കഫീൽ ഖാനെ പിന്നീട് പ്രതിയാക്കുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ച കഫീൽ ഖാനെ കസ്റ്റഡിയിൽ നിന്ന് വിടാതെ പുതിയ വകുപ്പ് ചേർക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഗൊരഖ്പുരിൽ ബിആർഡി മെഡിക്കൽ കോളജിൽ കുട്ടികൾ കൂട്ടമായി പ്രാണവായു കിട്ടാതെ മരിച്ചപ്പോൾ സ്വന്തം പണം മുടക്കി ഓക്സിജൻ എത്തിച്ചതിനാണ് കഫീൽ ഖാനെ ആദ്യം ജയിലിൽ അടച്ചത്.