ഇന്ത്യയിലെ മുഴുവൻ കുടിയേറ്റക്കാരെയും പുറത്തേക്കെറിയുമെന്ന് അമിത് ഷാ; ‘ഓരോരുത്തരേയും തെരഞ്ഞുപിടിച്ച് പുറത്താക്കും’

By on

ഇന്ത്യയിലെ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും രാജ്യത്തിന് പുറത്തെറിയുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പ്രസം​ഗം. അസമിൽ നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് കോൺ​ഗ്രസ് പിന്തുണ നൽകുകയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്റെ രൂക്ഷമായ വാക്കുകൾ. മോദിയുടെ കീഴിലുള്ള സർക്കാർ ഓരോ കുടിയേറ്റക്കാരേയും കണ്ടെത്തി രാജ്യത്തിന് പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. ‘രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വോട്ട് ചെയ്യുക. അവരെ പുറത്തേക്കെറിയുമെന്ന് ഞങ്ങൾ വാക്കു തരുന്നു. കശ്‌മീർ മുതൽ കന്യാകുമാരി വരെ, കൊൽക്കത്ത മുതൽ കച്ച് വരെ ഓരോ കുടിയേറ്റക്കാരെയും തെരഞ്ഞുപിടിച്ച് രാജ്യത്തിന് പുറത്തേക്കെറിയും’ രാജസ്ഥാനിലെ ​നാ​ഗൗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു. ഡിസംബർ 7 നാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
അസമിലെ പൗരത്വ പട്ടികയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരത്വം നഷ്ടമായവരെ ഉദ്ദേശിച്ചായിരുന്നു അമിത് ഷായുടെ പ്രസം​ഗം. 40 ലക്ഷത്തിലധികം ആളുകൾക്കാണ് പൗരത്വ പട്ടികയോടെ അസമിൽ ഇന്ത്യൻ പൗരത്വം നഷ്ടമായത്. ഇവർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമുയർത്തി തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുക എന്നതാണ് അമിത് ഷായുടെ ലക്ഷ്യം.

എൻ ആർ സി അസമിൽ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയപ്പോൾ അവർ എന്തു കുടിക്കും കഴിക്കും എങ്ങോട്ടു പോകും എന്നൊക്കെ പറഞ്ഞ് രാഹുൽ ​ഗാന്ധിയും സംഘവും പാൽലമെന്റിൽ ബഹളമുണ്ടാക്കിയന്നും എന്നാൽ ഇവർ ബോംബു വെയ്ക്കുമ്പോൾ‌ ഇരയാകുന്നവരുടെ കുടുംബത്തിന്റെ മനുഷ്യാവകാശം ആരാണ് സംരക്ഷിക്കുകയെന്നും രാഹുൽ ​ഗാന്ധിയും കുടംബവും രാജ്യത്തിനായി എന്തു ചെയ്തുവെന്നും അമിത് ഷാ റാലിയിൽ ചോദിച്ചു.


Read More Related Articles