സ്ത്രീകൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം പൂട്ടുമെന്ന് തന്ത്രി കണ്ഠര് രാജീവര്
ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം റദ്ദാക്കിയ പശ്ചാത്തലത്തിൽ ശബരിമല സന്ദർശനം നടത്തുന്ന സ്ത്രീകൾ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജയ്ക്കായി നട തുറക്കാനായി എത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്ഷേത്രം പൂട്ടി താക്കോൽ പന്തളം രാജകുടുംബത്തിന് കൈമാറുമെന്ന് വെളിപ്പെടുത്തിയത്.
നിലവിൽ ശബരിമല ക്ഷേത്രത്തിന്റെ അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്ന് ഇരിക്കെയാണ് സർക്കാർ ശമ്പളം കൈപ്പറ്റുന്ന തന്ത്രി കണ്ഠര് രാജീവര് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്നാണ് തന്ത്രി പറഞ്ഞത്. ഇത് ശബരിമലയുടെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെ കൂടതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ അമ്പലം അടച്ചിടുമെന്ന തന്റെ പ്രസ്താവനകളെ തള്ളി കണ്ഠര് രാജീവര് തന്നേ രംഗത്ത് വന്നു ‘‘അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാൽ അമ്പലം അടച്ചിടാൻ പറ്റത്തില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കു ലംഘനമാണ്. മാസത്തിൽ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നൽകുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാൽ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല.’’ – തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി.