‘നിന്നെയൊക്കെ നാട്ടുകാർ തെരുവില്‍ തല്ലും’; തന്നെ തടഞ്ഞ ബിജെപിക്കാരോട് ചന്ദ്രബാബു നായിഡു
”നിനക്കൊക്കെ അടി കിട്ടും, അനാവശ്യമായി പ്രശ്നങ്ങൾ വിളിച്ച് വരുത്തരുത്. നീയൊക്കെ തീരും. ആന്ധ്രയോട് ചെയ്ത അനീതിയെ നീയൊക്കെ പിന്തുണയ്ക്കുകയാണോ? തെരുവിലിറങ്ങിയാൽ ജനങ്ങൾ നിങ്ങളെ പാഠം പഠിപ്പിക്കും”. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാക്കുകളാണിത്. തന്നെ തടഞ്ഞ ബിജെപിക്കാരോടും അവരൊടൊപ്പം ഉണ്ടായിരുന്ന ജനപ്രതിനിധികളോടുമാണ് നായിഡു ഇങ്ങനെ പറഞ്ഞത്.
ഈസ്റ്റ് ഗോദാവാരയിലെ കാക്കിനടയിൽ ജൻമഭൂമി മാ വൂരു എന്ന പദ്ധതി ഉദ്ഘാടനം ചെയ്യാൻ ചെയ്യാൻ വെള്ളിയാഴ്ച മുഖ്യമന്ത്രി എത്തിയപ്പോഴാണ് ചില കോർപറേഷൻ അംഗങ്ങളും ബിജെപി നേതാക്കളും അടക്കമുള്ളവർ ചേർന്ന് പ്രതിഷേധിച്ചത്. തന്റെ വാഹന വ്യൂഹം തടഞ്ഞ ബിജെപിക്കാർ സിഎം ഗോ ബാക്ക് മുദ്രാവാക്യങ്ങളും വിളിച്ചപ്പോഴാണ് നായിഡുവിന് ദേഷ്യം വന്നത്.
പ്രധാനമന്ത്രി മോദിയെ വിമർശിച്ചതിനാണ് ബിജെപി സംഘം ചന്ദ്രബാബു നായിഡിവിനെ തടഞ്ഞ് പ്രതിഷേധിച്ചത്. ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാത്തതിന് ചന്ദ്രബാബു നായിഡു സമീപകാലത്ത് മോദിയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത് പതിവാണ്. തന്റെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുന്നതിനായി പ്രധാനമന്ത്രിയുടെ അഹംഭാവത്തെ തൃപ്തിപ്പെടുത്താനായി താൻ അദ്ദേഹത്തിന് മുന്നിൽ താണുവണങ്ങി നിന്നുവെന്ന് ചൊവ്വാഴ്ച ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ആന്ധ്ര വിഭജനത്തിന്റെ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രം പാലിച്ചില്ലെന്ന് ആരോപിച്ച് നായിഡുവിന്റെ തെലുഗുദേശം പാർട്ടി കഴിഞ്ഞ വർഷം മാർച്ചിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ നിന്ന് പിൻമാറിയിരുന്നു.