ഫ്രറ്റേണിറ്റി യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതിന് പത്താംക്ലാസ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; പരിക്കേറ്റ ഫഹദ് ആശുപത്രിയിൽ
തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതിന് പത്താംക്ലാസ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം. പാലോട് ഭരതന്നൂർ സ്കൂളിലെ ഫഹദ് എന്ന വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസിൽ നിന്ന് വലിച്ചിറക്കി അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും മുന്നിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. നന്ദിയോട് ജംഗ്ഷനിൽ വച്ച് 15 ലധികം പേർ ചേർന്നാണ് ആക്രമിച്ചത്. സ്കൂൾ എസ് എഫ് ഐ യുടെ പരിപാടികൾക്ക് ഫഹദ് പോകാറില്ല എന്നതിനാൽ മുൻപ് തന്നെ എസ് എഫ് ഐക്കാർ ഫഹദിനെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. പരിക്കേറ്റ ഫഹദിനെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.