
അബ്ദുൽ നാസർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു
അബ്ദുൽ നാസർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. അർബുദവും പക്ഷാഘാതവും ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖം കടുത്തതോടെ മകനെ കാണാൻ അസ്മാ ബീവി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഒക്ടോബർ 30ന് മഅ്ദനി കേരളത്തിലെത്തിയിരുന്നു.
നാളെ 9 മണിക്ക് ശാസ്താംകോട്ട ജുമാ മസ്ജിദിൽ കബറടക്കും. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ആരോടും സംസാരിക്കരുത് എന്ന എൻഎെഎ കോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് മഅ്ദനി ഉമ്മയെ കാണാനെത്തിയത്.
അബ്ദുൽ നാസർ മഅ്ദനിയുടെ അറസ്റ്റുകളും തടവും ഭരണകൂട അതിക്രമങ്ങളും സൃഷ്ടിച്ച കടുത്ത മാനസികസംഘർഷങ്ങളിലാണ് അസ്മ ബീവി കഴിഞ്ഞിരുന്നത്. പാർട്ടി പ്രവർത്തകരോട് പോലും സംസാരിക്കുന്നത് കോടതി വിലക്കിയ സാഹചര്യത്തിലാണ് മഅ്ദനി കേരളത്തിൽ നിലവിൽ കഴിയുന്നത്.