സർക്കാർ ആർഎസ്എസിന് ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By on

ശബരിമലയെ കലാപ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ സന്നാഹങ്ങളും ഒരുക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഒത്താശ ചെയ്യേണ്ടിയും വന്നതായി ചെന്നിത്തല ആരോപിച്ചു.

ആര്‍.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. ആര്‍.എസ്.എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി ആചാരലംഘനം നടത്തുക പോലും ചെയ്തു. പതിനെട്ടാം പടിയിലേക്ക് ഓടിക്കയറി എന്ന് മാത്രമല്ല തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ കണ്ടത്’. പരിപാവനമായ പതിനെട്ടാം പടിയെ ആര്‍.എസ്.എസുകാര്‍ അപമാനിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

അന്‍പത് വയസ് കഴിഞ്ഞ ഭക്തകളെ പോലും തടയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞ് മറ്റ് ഭക്തരെയും ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകരെ പല തവണയാണ് ആക്രമിച്ചത്. അവരെ വളഞ്ഞ് വച്ച് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ. സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുകയും കൂട്ടം കൂടാനും തമ്പടിക്കാനും അനുവദിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. സര്‍ക്കാര്‍ അവരെ തടഞ്ഞില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ അവിടെ ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ആസൂത്രിതമായ അക്രമമാണ് ശബരിമലയില്‍ ബി.ജെ.പി, ആര്‍.എസ്.എസ്,സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഇതൊന്നും തടയാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാവിനെ അനുവദിക്കുകയും ചെയ്തു. ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസം കാത്തു രക്ഷിക്കുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതാണ്. എന്നിട്ടും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മുതലെടുപ്പ് തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് സി.പി.എം ബി.ജെ.പി കള്ളക്കളി പുറത്തു കൊണ്ടു വരുന്നു. രണ്ടു കക്ഷികളും ചേര്‍ന്ന് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം വഷളാക്കുന്നതിന് ആര്‍.എസ്.എസിനും ബി.ജെ.പിക്കും സര്‍ക്കാറും സി.പി.എമ്മും അവസരം ഒരുക്കി നല്‍കുകയായിരുന്നു. സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ശബരിമലയുടെ പവിത്രതയെ തകര്‍ക്കുകയാണ്. ആചാരങ്ങള്‍ സംരക്ഷിക്കാനെന്ന് പറഞ്ഞ് വന്ന് അവ ലംഘിക്കുന്നു. ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


Read More Related Articles