‘തെറിവിളികൾ’ ജനങ്ങളുടെ പ്രതികരണമായി കാണണമെന്ന് ഡബ്ല്യുസിസിയോട് സിദ്ദിഖ്

By on

താര സംഘടനായ ‘അമ്മ’യ്ക്കെതിരെ വനിതാ താരങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ ‘അമ്മ’ സെക്രട്ടറിയായ നടൻ സിദ്ദിഖ്. സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. ഞാന്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എന്നെ എല്ലാവരും ചേര്‍ന്ന് കൂക്കിവിളിക്കുന്നുണ്ടെങ്കില്‍ അത് എന്റെ തെറ്റാണ്. ഞങ്ങള്‍ ചെയ്യുന്ന തൊഴില്‍ കലയാണ്. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ല.’ എന്നും സിദ്ദിഖ് പറഞ്ഞു.വാർത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമർശനങ്ങളിൽ പലതും ബാലിശമാണെന്ന് സിദ്ധിഖ് ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് ‘അമ്മ’ പ്രസിഡന്‍റ് മോഹൻലാലിന് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ധിഖ് പറഞ്ഞു.

ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. ‘അമ്മ’ ജനറൽ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്‍റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നൽകി.

അമ്മയിൽനിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെയും പ്രസിഡന്‍റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്നും സിദ്ധിഖ് പറയുന്നു.

‘മീ ടൂ’ ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ധിഖ് ആരോപിച്ചു.


Read More Related Articles