മൂന്ന് നടിമാർ അമ്മയ്ക്കുള്ളിൽ നിന്ന് സംഘടനക്കെതിരെ പ്രവർത്തിക്കുന്നു; ദിലീപ് രാജി വെച്ചെന്നും മോഹൻലാൽ

By on

മൂന്ന് നടിമാർ അമ്മയ്ക്കുള്ളിൽ നിന്ന് സംഘടനക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. നടിമാർ എന്ന് ഡബ്‌ള്യൂസിസി അംഗങ്ങളെ വീണ്ടും എടുത്ത് സംബോധനചെയ്താണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ തനിക്ക് സങ്കടമൊന്നുമില്ല. നടിമാരെന്ന് വിളിച്ചത് അവരെ ആക്ഷേപിക്കാനായിരുന്നില്ലെന്നും ഇത് നടീനടന്‍മാരുടെ സംഘടനയാണെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം രാജിവെച്ച നടിമാരെ തിരിച്ചെടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തിരിച്ചെടുക്കണമെന്ന് അപേക്ഷ അവർ നൽകണമെന്നും അപ്പോൾ അതാലോചിക്കാമെന്നും പറഞ്ഞ മോഹൻലാൽ അവർ മാപ്പ് പറയണം എന്ന് വ്യക്തിപരമായി തനിക്ക് അഭിപ്രായമില്ലെന്നും പറഞ്ഞു.

അമ്മ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കുന്നതിൽ താൻ അതൃപ്‌തനാണ് എന്നും മോഹൻലാൽ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും മോഹൻലാൽ എന്ന വ്യക്തിയുടെ കുഴപ്പം കൊണ്ടാണെന്നാണ് പറയുന്നത്, അമ്മയുടെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് നടപ്പിലാക്കുന്ന തീരുമാനങ്ങൾ ആ രീതിയിൽ കാണുന്നതിന് പകരം ദേശീയ തലത്തില്‍ വരെ എല്ലാത്തിനും പിന്നില്‍ മോഹന്‍ലാല്‍ ആണ് എന്ന രീതിയില്‍ ആണ് വാര്‍ത്ത വരുന്നുവെന്നും  ചിലര്‍ക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള ദേഷ്യമാണോ ഇത് എന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ രാജി സ്വീകരിച്ചതായി മോഹന്‍ലാല്‍ വ്യക്തമാക്കി. ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി ദിലീപിന്റെ രാജി ആവശ്യപ്പെടണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ നേരിട്ട് ദിലീപിനെ വിളിച്ചു രാജി ആവശ്യപ്പെടുകയാണുണ്ടായതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് വിഷയത്തിൽ തീരുമാനം എടുക്കാൻ കുറച്ചു സമയം താൻ അവരോട് ആവശ്യപെട്ടിരുന്നുവെന്നും അവർ ഉന്നയിച്ച കാര്യങ്ങൾ അവഗണിച്ചിട്ടല്ല വിഷയത്തിൽ കാലതാമസം വന്നതെന്നും പ്രളയം ഉൾപ്പടെയുള്ള കാര്യങ്ങൾ വന്നതിനെത്തുടർന്ന് തീരുമാനം ഉണ്ടാവാൻ താമസിച്ചതാണെന്നും മോഹൻലാൽ പറഞ്ഞു.

താന്‍ ഈയൊരു സ്ഥാനത്തേക്കു വരുന്ന അന്നുമുതല്‍ ഏറ്റവും വലിയ പ്രോബ്ലമായിരുന്നു ദിലീപ് വിഷയം. കഴിഞ്ഞ കമ്മിറ്റിയിലേക്ക് വന്നത് താന്‍ പ്രസിഡന്റായപ്പോള്‍ സ്വാഭാവികമായും എന്നിലേക്കെത്തി. പക്ഷേ ഈ വിഷയത്തില്‍ ഡബ്ല്യു.സി.സി ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അവരോട് കുറച്ചു സമയം തേടുകയാണുണ്ടായത്. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ അവഗണിച്ചിട്ടില്ല.അതിനുശേഷം പ്രളയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് തീരുമാനം വരാന്‍ കുറച്ചു താമസിച്ചു. പിന്നീട് തങ്ങള്‍ ഈ വിഷയത്തില്‍ നിയമോപദേശം തേടുകയും അതനുസരിച്ച് ജനറല്‍ ബോഡി കൂടുകയുമായിരുന്നു. ദിലീപിന്റെ രാജി ആവശ്യപ്പെടാന്‍ ജനറല്‍ ബോഡി തീരുമാനിച്ചതു പ്രകാരം താന്‍ വിളിച്ച് അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയാണുണ്ടായതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ ഔദ്യോഗിക വക്താവിനെ ഉടൻ തീരുമാനിക്കുമെന്നും സിദ്ധീഖും ജഗദീഷും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഇരുവരും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


Read More Related Articles