കേന്ദ്ര സർക്കാരിനെ വിമർശിച്ച അമോൽ പാലേക്കറിന്‍റെ പ്രസംഗം തടഞ്ഞ് വേദിയിൽ അപമാനിച്ച് സാംസ്കാരിക വകുപ്പ്
കേന്ദ്രസർക്കാർ നയത്തെ വിമർശിച്ചതിന് നടനും സംവിധായകനുമായ അമോൽ പാലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി സാംസ്കാരിക മന്ത്രാലയം. തടസ്സപ്പെടുത്തിയ ആർട്ട് ക്യൂറേറ്ററോട് ഞാൻ സംസാരിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത് എന്ന് അമോൽ പാലേക്കർ പ്രതിഷേധമറിയിച്ചു.
നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്സിൽ നടത്തേണ്ട ചിത്രപ്രദർശനങ്ങളുടെ ഉള്ളടക്കം തീരുമാനിക്കാനുള്ള അധികാരം സാംസ്കാരിക മന്ത്രാലയത്തിന് മാത്രമായി ചുരുക്കുന്ന നയമാറ്റത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സംഘാടകരിൽ ഒരാൾ വേദിയിലിരുന്ന് അമോൽ പാലേക്കറിനെ പല തവണ തടസ്സപ്പെടുത്തിയത്.
പ്രഭാകർ ബർവേ എന്ന കലാകാരനെ കുറിച്ചുള്ള ഇൻസെെഡ് ദ എംപ്റ്റി ബോക്സ് എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു കേന്ദ്ര സർക്കാരിനെ പറ്റിയുള്ള പരാമർശം നടത്തിയപ്പോൾ തടസ്സപ്പെടുത്തിയത്. മുംബെെയിലും ബംഗളൂരുവിലും ഉള്ള നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്സിൽ ഇതുവരെ പ്രദർശനം നടത്താനുള്ള ഉള്ളടക്കം തീരുമാനിക്കാനുള്ള അധികാരം പ്രാദേശിക ആർട്ടിസ്റ്റുകളുടെ നിർദ്ദേശക സമിതികളും ചേർന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്ന സമിതിയാണിത്.
“വ്യത്യസ്ത ചിത്രസംസ്കാരങ്ങളുടെ കലാവിഷ്കാരത്തിനും കലാസ്വാദനത്തിനും വേദിയായ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്സിന് മേലുള്ള ഈ നിയന്ത്രണം ഒരാൾ ഈയിടെ പറഞ്ഞത് പോലെ, മാനവികതയ്ക്ക് നേരെയുള്ള യുദ്ധത്തിലെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ്. ഞാൻ വളരെയേറെ അസ്വസ്ഥനാണ്. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ അപ്പോൾ തന്നെ അറിയുന്നവർ അതിനെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ പ്രതിഷേധിക്കുകയോ അതേപ്പറ്റി പറയുകയോ ചെയ്യുന്നില്ല എന്നത് അതിലും സങ്കടകരം.” എന്നാണ് പാലേക്കര്‍ പറഞ്ഞത്.
ഒരു തവണ ആർട്ടിസ്റ്റും മുംബെെെയിലെ നിർദ്ദേശക സമിതിയുടെ മുൻ ചെയർമാനുമായ സുഹാസ് ബാഹുൽകർ പ്രസംഗം പ്രഭാകർ ബർവേയിലേക്ക് ചുരുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് വേദിയിലിരുന്ന ആർട്ട് എക്സിബിഷൻ ക്യൂറേറ്റർ ജെസാൽ താക്കറും പാലേക്കറിന് താക്കീത് നൽകി. മറാത്തി സാഹിത്യോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ട നയൻതാര സഹ്ഗാളിനെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് ഓർമ വരുന്നു എന്ന് പാലേക്കർ പറഞ്ഞു. പാലേക്കറിന് പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇതേപ്പറ്റി ചോദിച്ചപ്പോൾ പ്രഭാകർ ബാർവെയെക്കുറിച്ച് അമോൽ പാലേക്കറിനുള്ള സുന്ദരമായ ഓർമകൾ പങ്കുവെക്കാനാണ് ഞാൻ ആവശ്യപ്പെട്ടതെന്നാണ് ജെസാൽ താക്കർ എന്ന ക്യൂറേറ്റർ ദേശീയമാധ്യമങ്ങൾക്ക് മറുപടി നൽകിയത്.
കേന്ദ്ര സർക്കാരെടുത്ത ഏകപക്ഷീയമായ തീരുമാനത്തോട് പ്രതികരിക്കണോ വേണ്ടയോ എന്ന് കുറേ സംശയിച്ചുവെന്നും അതേപ്പറ്റി നിശ്ശബ്ദനാകാൻ തോന്നിയില്ലെന്നും അമോൽ പാലേക്കർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അവിടെ എത്തിയിരുന്ന പലർക്കും ഇതേപ്പറ്റി അറിയാമായിരുന്നു എന്നും പലരിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നിരുന്നു എന്നാൽ ആരും ഉറക്കെ പറയാൻ തയ്യാറായിരുന്നില്ലെന്നും അമോൽ പാലേക്കർ പറയുന്നു.