ഓരോ തെരഞ്ഞെടുപ്പ് കാലത്തും സംവരണ നയം അട്ടിമറിക്കപ്പെടുന്നു; ജസ്റ്റിസ് കെമാല്‍ പാഷ

By on

ഓരോ തെരഞ്ഞെടുപ്പ് കാലത്തും സംവരണ നയം അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഫോറം ഫോർ ഡെമോക്രസി എറണാകുളത്ത് നടത്തിയ ‘ഭരണഘടനാ പ്രശ്നങ്ങളും കാലിക സംഭവങ്ങളും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ. അഡ്വ. കെഎസ് മധുസൂദനൻ, കെ വേണു, സിഎസ് മുരളി ശങ്കർ എന്നിവർ പങ്കെടുത്തു.
ജസ്റ്റിസ് കെമാൽ പാഷയുടെ ഉദ്ഘാടന പ്രസം​ഗം പൂര്‍ണരൂപം

“നിലനിൽപിന്റെ പ്രശ്നമായി മാറിയിരിക്കുന്നു ഇത്, നമ്മുടെ ഭരണഘടന അട്ടിമറിക്കപ്പെടുമോ എന്ന ഭയമുണ്ട് ജനങ്ങളുടെ മനസ്സിൽ. അത് ഇവിടുത്തെ ന്യൂനപക്ഷങ്ങളെയും അവർണരെയും സംബന്ധിച്ചിടത്തോളം വലിയ ഭീതിയാണത്. ഈ നാട് മുഴുവൻ സഞ്ചരിക്കുമ്പോൾ എനിക്ക് മനസ്സിലാകും ഓരോ സ്ഥലത്തും കാണുന്നത് ആ ഭീതിയാണ്. നമ്മുടേത് പോലെ ബൃഹത്തായ ഭരണഘടന ലോകത്ത് വേറെയില്ല. ലോകം മുഴുവൻ അടക്കി ഭരിച്ച ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടനയില്ല. അമേരിക്കൻ ഭരണഘടനയിൽ വെറും ആറ് ആർട്ടിക്കിൾ മാത്രമേ ഉള്ളൂ. നമ്മുടെ ഭരണഘടനയിൽ 395 വകുപ്പുകൾ വരാൻ കാരണം നമ്മുടെ സ്വഭാവ സവിശേഷതകൾ തന്നെയാണ് എന്ന് കരുതാം. നമ്മുടെ സംസ്കാരങ്ങളുടെ വ്യത്യാസമാണ്, സംസ്കാരത്തിലുണ്ടായിരുന്ന മൂല്യച്യുതിയാണ്. ആർട്ടിക്കിൾ 17, തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള വകുപ്പ്, ലോകത്ത് ഒരു ഭരണഘടനയിലും അങ്ങനെയൊരു വകുപ്പില്ല, ലോകരാഷ്ട്രങ്ങളുടെ മുന്നിൽ നമുക്ക് അപമാനമുണ്ടാക്കുന്ന വകുപ്പാണ് ആർട്ടിക്കിൾ 17 എന്ന് പറയാം, പക്ഷേ ഡോ. അംബേദ്കർ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ ഭരണഘടനയുടെ ഡ്രാഫ്റ്റ് അവതരിപ്പിച്ചപ്പോൾ ഏറ്റവും കയ്യടി നേടിയത് ഈ വകുപ്പാണ്, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതാക്കാനുള്ള വകുപ്പ്. ഇവിടെ ഒരു ജനത ചവിട്ടേറ്റ് കിടക്കുകയായിരുന്നു വർഷങ്ങൾ. അവരെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയായിരുന്നു അവർണരെ. ആരാണ് ഈ സവർണർ? ആരാണ് അവർണർ?

ഭരണഘടനാ മൂല്യങ്ങളും സുപ്രിം കോടതി വിധിയും വിമർശനാത്മകമായി വ്യാഖ്യാനിക്കാനും അത് നടപ്പിലാക്കാനും മുന്നിട്ടിറങ്ങേണ്ടത് എന്ന് ഭൂരിപക്ഷമെന്ന് അഹങ്കരിക്കുന്നവർ കരുതുന്നത് തന്ത്രിമാരെ പോലുള്ളവരെയാണ്. സുപ്രിം കോടതി വിധിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തന്ത്രിയുടെ അടുത്തേക്ക് പോകുന്ന ഒരു കാഴ്ചപ്പാടിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്.

ഭരണഘടന മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ഒരു ആശയമാണ് തുല്യത, ലിം​ഗനീതി. തുല്യത നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒന്നാണ്. ജവഹർലാൽ നെഹ്റു പറഞ്ഞതുപോലെ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയം അതിന്റെ ആമുഖമാണ്. അതിൽ പറഞ്ഞിരിക്കുന്നത് We the people of India having solemnly declared to constitute India into a sovereign, socialist, secular, democratic republic. നമ്മുടേത് പരമാധികാരമുള്ള രാജ്യമാണ്, നമ്മളൊക്കെ ഈ രാജ്യത്ത് പരമാധികാരികളാണ്. ഇവിടുത്തെ കലക്ടീവ് ഇലക്ടറേറ്റ് ആണ് പരമാധികാരി അല്ലാതെ ഇവിടെ വേറെ പരമാധികാരികളൊന്നും ഇല്ല. ഇവിടെ പരമാധികാരി വോട്ട് ചെയ്യുന്ന നമ്മളാണ്. പട്ടിണിപ്പാവങ്ങളാണ് കലക്ടീവ് ഇലക്ടറേറ്റിൽ കൂടുതലും. അവർ തീരുമാനിക്കും എന്താണ് നടക്കേണ്ടതെന്ന്.

സ്ത്രീ സമത്വം, മതനിരപേക്ഷത, ഇവയിലൂന്നിയാവണം സമൂഹം. പക്ഷേ നമ്മളിന്ന് കാണുന്നതെന്താണ്? ഭൂരിപക്ഷത്തെ നയിക്കുന്നു എന്ന് അവകാശപ്പെടുന്ന ചില സംഘടനകൾ ചെയ്യുന്നതെന്താണ് എന്ന് നമ്മൾ കാണുന്നുണ്ട്. ഈ റിപ്പബ്ലിക് ഡേയ്ക്ക് ശേഷം വളരെയധികം വേദനിപ്പിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പ്രചരിക്കപ്പെട്ടു. മഹാത്മാ​ഗാന്ധിയെ, ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു രണ്ടാമത്. വീണ്ടും കാണിക്കുകയാണ്, കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി. അത് കഴിഞ്ഞ് കത്തിക്കുകയാണ് ​ഗാന്ധിയുടെ രൂപം. നമ്മളെവിടെപ്പോയി നിൽക്കുന്നു? ഈ ജനങ്ങൾ, ഇത് കാണുന്നവർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?ദേശവും രാഷ്ട്രവും ഭരണകൂടവും എന്താണെന്ന് തിരിച്ചറിയാത്ത ഭരണകൂടം. ഭരണകൂടത്തെ സർക്കാരിനെ വിമർശിച്ചാൽ, ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ചാൽ ഏതെങ്കിലും മന്ത്രിമാരെ വിമർശിച്ചാൽ രാഷ്ട്രീയ നേതാക്കളെ വിമർശിച്ചാൽ, ഭരണകൂടത്തിനെതിരായ വിമർശനം പോലും ദേശദ്രോഹമായി കണക്കാക്കപ്പെടുന്ന നാടാണ് നമ്മുടേത്. എത്ര എഴുത്തുകാർ അകത്ത് കിടക്കുന്നു. എഴുതാൻ അവകാശമില്ല അവർക്ക് അവരുടെ ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നില്ല, അവരുടെ മനസ്സിലുള്ളത് പറഞ്ഞാൽ അത് ദേശദ്രോഹം എന്ന് ചിത്രീകരിക്കപ്പെടുകയാണ്.

നമ്മുടെ ഭരണാധികാരികളെ വിമർശിക്കാൻ നമ്മൾ പരമാധികാരികൾക്ക് അവകാശമില്ലേ? ഇന്ന് എന്ത് എഴുതണം, എന്ത് കഴിക്കണം,എന്ത് പറയണം, എന്ത് പ്രവർത്തിക്കണം ഇതെല്ലാം തീരുമാനിക്കപ്പെട്ടിരിക്കുകയാണ്. ജീവിക്കാനുള്ള അവകാശം, അതിൽ പെടുന്നതല്ലേ ഇതെല്ലാം? ഞാനെന്ത് ചിന്തിക്കണം എന്നതിലേക്ക് കടക്കുകയാണ് ഇപ്പോൾ. എന്റെ ചിന്തയിൽ എന്ത് സ്വപ്നം കാണണം ഞാൻ, ഒരു നല്ല ഭാരതം സ്വപ്നം കാണാൻ അവകാശമില്ലേ ഒരു പൗരന്? അതിലേക്ക് വരെ കടന്നുകയറ്റമാണ്, എവിടെയാണ് ജീവിക്കാനുള്ള അവകാശം? നമ്മുടെ ഭരണഘടന പറയുന്ന ജീവിക്കാനുള്ള അവകാശമൊന്നും നമുക്കാർക്കും ഇല്ല ഇവിടെ. മതങ്ങളുടെ കാര്യത്തിൽ സുപ്രിം കോടതി എന്തിന് ഇടപെടുന്നു എന്ന കാഴ്ചപ്പാടാണ് പലർക്കും. ആർട്ടിക്കിൾ 25, ഏത് മതവും പിന്തുടരാനുള്ള അവകാശം, മൗലിക അവകാശങ്ങളിൽ പെടുന്നതാണ് അത് ഫണ്ടമെന്റൽ റെെറ്റ്സ്, പാർട്ട് 3യിൽ തുടരുന്നത്രയും കാലം ഇവിടത്തെ ഭരണഘടനാകോടതികൾക്ക് മാത്രമേ അവകാശമുള്ളൂ പറയാൻ, വേറെ ആർക്കും അവകാശമില്ല പറയാൻ, മൗലികാവകാശങ്ങളെ ഹനിക്കുന്ന ഒരു കാര്യമാണെങ്കിൽ ഭരണഘടനാ കോടതികൾക്ക് പറയാം.

തുല്യത ഭരണഘടനയുടെ അടിത്തറയിൽ ഉള്ളതാണ്. തുല്യത നമ്മുടെ ഏറ്റവും വലിയ സ്വത്താണ്. അത് അടിസ്ഥാന തത്വം അല്ല എന്ന് പറഞ്ഞത് ജസ്റ്റിസ് മാത്യു ആണ്, ഞാനതിനോട് വിയോജിക്കുന്നു. കാരണം തുല്യത നമ്മുടെ മുഖമുദ്ര തന്നെയാണ്. ആർട്ടിക്കിൾ 14, നിയമത്തിന് മുന്നിൽ തുല്യത, തുല്യ നിയമ സംരക്ഷണം എന്നത് ഏറ്റവും വലുതല്ലേ നമുക്ക്? ആണ്. തുല്യത അടിസ്ഥാന തത്വമായി തുടരുന്നത്രയും കാലം ഹെെക്കോടതിക്കും സുപ്രിം കോടതിക്കും അധികാരമില്ലേ അത് പറയാൻ? അവർക്കേ അധികാരമുള്ളൂ അവരത് പറയും അതല്ലാതെ ഇവിടത്തെ മന്ത്രിയോ തന്ത്രിയോ മുക്രിയോ പൂജാരിയോ അച്ചനോ ഒന്നുമല്ല തീരുമാനിക്കേണ്ടത്. തീരുമാനിക്കുന്നത് കോടതി തന്നെയാണ്. ആ വിഷയം കോടതി തീരുമാനിച്ചാൽ ഞങ്ങളതിനെ അനുസരിക്കില്ല എന്ന് പറഞ്ഞാൽ‌ അതെന്ത് കാഴ്ചപ്പാടാണ്?

ആൾക്കൂട്ടം, ആൾക്കൂട്ട ഭീകരത എന്താണ്? കുറേയാളുകൾ കൂടി ഇതിനെ തടസ്സപ്പെടുത്താൻ പോകുമ്പോൾ അത് ആൾക്കൂട്ട ഭീകരതയല്ലേ? ഇവിടെ എന്ത് നടക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും, ഇന്ന് നടക്കുന്നതാണ് ശരി, നാളെയും ഇത് തന്നെ നടക്കണം,മറ്റന്നാളും ഇത് തന്നെ നടക്കണം, കാലങ്ങളോളം ഇത് തന്നെ നടക്കണം എന്ന് പറഞ്ഞാൽ നമ്മുടെ സമൂഹം വളരുമോ? നമ്മുടെ സംസ്കാരം വളരുമോ? രാജ്യം വികസിക്കുമോ? എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ? സ്റ്റാറ്റസ്ക്വോ അല്ലെ ഉണ്ടാകുന്നത്? എന്നത്തേക്കും ഇത് വേണം എന്ന് പറയുന്നതല്ലേ ഭീകരവാദം? അതല്ലേ തീവ്രവാദം? ആ രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ലിം​ഗനീതിയെപ്പറ്റി പുതിയ കാഴ്ചപ്പാടുകൾ വേണം. സവർണ വർ​ഗത്തിന്റെ തീരുമാനം അതിൽ എടുക്കും, അതായിരിക്കണം തീരുമാനം ഇല്ലെങ്കിൽ വേറെയൊന്നും വേണ്ട എന്ന് പറയുന്നത് ആൾക്കൂട്ട കൊല പോലെയുള്ള ആൾക്കൂട്ട ഭീകരതയാണ്. ഓരോ ന്യൂനപക്ഷങ്ങളെ സംഹരിക്കാൻ ആൾക്കൂട്ടങ്ങൾ മുമ്പോട്ടുവരികയാണ്. ഏറ്റവും വലിയ ക്രെെം അല്ലേ നമ്മുടെ രാജ്യത്താകെ നടക്കുന്നത്?
ഇത് നമ്മളിവിടെ വളരെക്കുറച്ചേ കാണുന്നുള്ളൂ എങ്കിലും എന്തുമാത്രമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്? അതങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.
സംവരണ നയത്തിൽ പുതിയ നിയമം കൊണ്ടുവരികയാണ്.
നമ്മുടെ ഭരണഘടനയിലെ സംവരണം, ആർട്ടിക്കിൾ 15, ആർട്ടിക്കിൾ 16 അതിൽ ആർട്ടിക്കിൾ 15(4), ആർട്ടിക്കിൾ 16(4) പ്രധാനമാണ്. ആർട്ടിക്കിൾ 15(4)ൽ പ്രത്യേക സംരക്ഷണം കൊടുക്കേണ്ടത് പിന്നാക്ക സമുദായങ്ങൾക്കാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്ക് എന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരെയാണ് ആർട്ടിക്കിൾ 15(4) പരിഗണിക്കുന്നത്. ഡോ. അംബേദ്കർ ആദ്യത്തെ നിയമമന്ത്രി ആയിരിക്കെ സംവരണ നയം അവതരിപ്പിച്ചപ്പോൾ അദ്ദേഹം പ്രസം​ഗത്തിൽ സൂചിപ്പിച്ച ശ്രദ്ധേയമായൊരു കാര്യമുണ്ട്, ആളുകൾ മറന്നുപോയിട്ടുണ്ട് അത്. ഒമ്പതം​ഗ ഭരണഘടനാ ബെഞ്ച് ഇന്ദിരാ സാഹ്നി കേസിൽ അത് ചർച്ച ചെയ്തിട്ടുണ്ട്.1992ൽ. ജസ്റ്റിസ് കൊച്ചുതൊമ്മൻ ഉൾപ്പെടെയുള്ള ബെഞ്ചാണ്.

ഡോ.അംബേദ്കറുടെ ഭാഷയിൽ സാമൂഹ്യമായ പിന്നോക്കാവസ്ഥ, സാമൂഹ്യമായ അധപതനം എന്ന് തന്നെ പറയാം, അതുപോലെ തന്നെയാണല്ലോ ആളുകളെ കണക്കാക്കിയിരുന്നത്, സാമൂഹ്യമായ അധപതനമാണ് സാമ്പത്തികമായ അധപതനത്തിലേക്ക് നയിച്ചത്, വിദ്യാഭ്യാസമില്ലായ്മയിലേക്ക് നയിച്ചത്. ബാക്വേർഡ് ക്ലാസസ് ഉണ്ടാകുന്നതിന്റെ കാരണമാണ് അദ്ദേഹം പറഞ്ഞത്, അതിന് കാരണം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നിൽ, സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ ആകാൻ കാരണം സാമൂഹ്യമായ അധപതനമാണ് ഇത് രണ്ടിലേക്കും നയിച്ചത്. ബാക്വേർഡ് ക്ലാസസ് എന്ന് പറഞ്‍ഞാൽ പിന്നോക്ക ജാതികളുടെ കൂട്ടമാണ്. പിന്നോക്ക വിഭാ​ഗങ്ങൾ എന്നത് ഉൾക്കൊള്ളുന്നത് പിന്നോക്ക ജാതികളാണ്. അത് മറന്നുകൊണ്ട് ഭരണഘടനയുടെ അന്തസത്ത തന്നെ അട്ടിമറിക്കപ്പെടുകയാണ്. സംവരണം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. അതാണ് ഭരണഘടനയുടെ നയം. നരസിംഹ റാവു ​ഗവണ്മെന്റ് ഒരിക്കൽ ഇത് കൊണ്ടുവന്നല്ലോ, അതിലാണ് 1992ൽ ഇന്ദിര സാഹ്നി കേസിൽ വിധി വന്നത്, അതെടുത്ത് ദൂരെ കളഞ്ഞതല്ലേ! കാരണം ഇത് നമ്മുടെ ഭരണഘടനയിൽ വിഭാ​വനം ചെയ്യുന്നതല്ല. ഭരണഘടന ഒരിക്കലും സാമ്പത്തിക സംവരണത്തെ വിഭാവനം ചെയ്യുന്നില്ല. 50%ൽ കൂടുതൽ സംവരണം പാടില്ല. പക്ഷേ സാമ്പത്തിക സംവരണം സുപ്രിം കോടതി വിധിയെ അട്ടിമറിക്കുകയല്ലേ? അട്ടമറിക്കാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ട് അതല്ലെങ്കിൽ ന്യായമായ എന്തെങ്കിലും കാരണങ്ങളോ സം​ഗതികളോ ഉണ്ടെങ്കിൽ നമുക്കിത് പറയാം, നേരെമറിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാ​ഗങ്ങളെ മതവിഭാ​ഗങ്ങളെ ജാതിവിഭാ​ഗങ്ങളെ മുമ്പോട്ട് കൊണ്ടുവരാൻ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മഹത്തായ ഉദ്ദേശ്യത്തോടുകൂടി ഏർപ്പെടുത്തിയ സംവരണ നയം അട്ടിമറിക്കലിലൂടെ ഭരണഘടനയെ അട്ടിമറിക്കുകയാണ്. പിന്നോക്ക വിഭാ​ഗങ്ങൾക്കും ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കുമുള്ള ഭീതി ന്യായമല്ലേ?

ഒരിക്കലും ഭൂരിപക്ഷത്തിന് ഇല്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷത്തിന് കിട്ടണമെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഈ ഭൂരിപക്ഷത്തോടൊപ്പം നീങ്ങാൻ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഉള്ള അവകാശങ്ങൾ അവർക്ക് കിട്ടട്ടെ, അത്രയും മതി അത് പരിരക്ഷിക്കപ്പെടണം. അത് പരിരക്ഷിക്കുന്നതിന് പകരം ഒരു ഇലക്ഷൻ സ്റ്റണ്ട് അല്ലേ ഇത്? ഓരോ ഇലക്ഷൻ വരുമ്പോഴും സംവരണ നയത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാക്കിക്കൊണ്ടിരിക്കും, ഇതാണ് കാഴ്ചപ്പാട്. ഇതുപോലുള്ള ഓരോ അട്ടിമറികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന പൂർണമായും അട്ടിമറിക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല, ആർട്ടിക്കിൾ 32 നമ്മുടെ ഭരണഘടനയിൽ ഉള്ളിടത്തോളം കാലം ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായിട്ടുള്ള എന്ത് നയം വന്നാലും അത് വിലയുള്ളതല്ല. അത് അസാധുവാണ്. അതുകൊണ്ട് അട്ടിമറിക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല, കോടതി അതേപോലെ നിലയുറപ്പിച്ചാൽ. ഏതൊരു ഭരണഘടനാ ഭേദ​ഗതിയും ആർട്ടിക്കിൾ 32 അനുസരിച്ച് അസാധുവാണെങ്കിൽ അത് അസാധുവാണെന്ന് പറയാൻ ഇന്ത്യയിൽ നിലനിൽക്കുന്നിടത്തോളം കാലം ഭരണഘടന അട്ടിമറിക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അട്ടിമറിക്കപ്പെട്ടാൽ കോടതികൾ അതിൽ ഇടപെടും, ഇടപെടണം അതാണ് വേണ്ടത്. ഭരണഘടനയെയും ഫെഡറൽ സിസ്റ്റത്തെയും അട്ടിമറിക്കുന്ന എന്തൊക്കെയാണ് നമ്മൾ കാണുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏറ്റവും വിലയേറിയതാണ് ഫെഡറൽ സംവിധാനം. ഫെഡറൽ സിസ്റ്റത്തെ അട്ടിമറിക്കുന്ന ഭരണം വന്നാൽ വലിയ ബുദ്ധിമുട്ടാണ്, ഡൽഹിയിൽ കാണുന്നില്ലേ? ഡൽഹിയിലെ മുഖ്യമന്ത്രിയുടെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയല്ലേ? എന്നിട്ട് ഭരിക്കാൻ പറയുകയല്ലേ? ഇലക്ഷൻ അടുക്കുമ്പോൾ ചെയ്യുന്ന ഇത്തരം സർക്കസുകളൊക്കെ സഹിക്കേണ്ടത് നമ്മളല്ലേ? ഇത്തരം കാര്യങ്ങളെപ്പറ്റി ജനങ്ങൾക്ക് അവബോധം വേണം.

ഇന്ത്യയിൽ ശതകോടീശ്വരന്മാരിൽ ഒരാൾ ഉടൻ പാപ്പരായി പ്രഖ്യാപിക്കപ്പെടും. ഇതേപ്പറ്റി ചോദിച്ചപ്പോൾ ആ പാർട്ടിയുടെ നേതാവ് പറഞ്ഞത് അവൻ പാപ്പരാകണം എന്നാണ്. ഇതാണ് അവരുടെ വിവരം. പക്ഷേ ഈ ജനങ്ങളുടെ പണമാണ് അയാൾ കൊണ്ടുപോയിരിക്കുന്നത്. ആർക്കാണ് നഷ്ടം വരുന്നത് പാപ്പരായാൽ?ഇന്ത്യയിലെ ജനങ്ങളാണ് പാപ്പരാകുന്നത്, ഇത് ചിന്തിക്കാൻ ആർക്കും സമയമില്ല. ഒരു ഇന്റലക്ച്വൽ വർക്കിന് ആരും പോകുന്നില്ല, അത് ചെയ്യാറുള്ളവർ വീട്ടുതടങ്കലിൽ കഴിയുന്നു. എന്തുപറഞ്ഞാലും അത് ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുകയാണെങ്കിൽ അത് നിർഭാ​ഗ്യവശാൽ ഭരണഘടനയിലെ ഒരു വകുപ്പ് ഉപയോ​ഗിച്ചുകൊണ്ടാണ്. ഇത്തരം അട്ടിമറികളെക്കുറിച്ച് പഠിക്കുക.”


Read More Related Articles