മണിപ്പൂരിന്റെ ഉരുക്ക് മുഷ്ടി; പൊലീസിന്റെ മുഖത്തേക്ക് കൈ ചുരുട്ടി നിൽക്കുന്ന സ്ത്രീയുടെ ചിത്രം ശ്രദ്ധേയമാകുന്നു
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന, നിലവിൽ ഇന്ത്യയിലുള്ള മുസ്ലിം അഭയാർത്ഥികളുടെ പൗരത്വം എടുത്തുകളഞ്ഞ നിയമത്തിനെതിരെ ദില്ലിയിൽ മണിപ്പൂര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിന്റെ വിവിഐപി സോണില്‍ നടത്തിയ പ്രതിഷേധത്തിൽ നിന്നാണ് ഈ ചിത്രം.
മയാങ്ലാങ്ബം ഓങ്ബി ആര്‍കെ രാധേസന എന്ന സ്ത്രീയാണ് സായുധ സേനാംഗങ്ങളുടെ മുഖത്തിനു നേരെ മുഷ്ടി ചുരുട്ടി നിൽക്കുന്നത്. മാധ്യമ പ്രവർത്തകൻ മെയ്ബാം നൂര്‍ മുഹമ്മദ് ആണ് ചിത്രം പകർത്തിയത്.
ഈ ചിത്രം തരംഗമായതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ മയാങ്ലാങ്ബം ഓങ്ബി ആര്‍കെ രാധേസന സംസാരിക്കുന്ന, ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വിഡിയോയും പുറത്തുവിട്ടു.
രാധേസനയുടെ വാക്കുകളിലേക്ക്.
”നിരാശയിലായതുകൊണ്ടാണ് നമ്മളിത് ചെയ്യുന്നത്. സത്യം പറഞ്ഞാൽ അത്രയേറെ പ്രകോപിപ്പിക്കുന്ന ഒരു ബിൽ നിയമമാകരുത് എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ ബിൽ പിൻവലിക്കണം, അതാണ് ഞങ്ങളുടെ ആവശ്യം. അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. സ്ത്രീകളായ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമ്പോൾ, പ്രതിഷേധിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ പുരുഷന്മാർ എന്തിനാണ് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്? ഇതാണോ നിയമം?
സ്ത്രീകളെ വനിതാ പൊലീസ് ഇല്ലാതെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നത്? ഞങ്ങളെ അറസ്റ്റ് ചെയ്യണമെങ്കിൽ അത് വനിതാ പൊലീസ് ചെയ്യട്ടെ. ഞങ്ങൾ ഇന്ത്യൻ ഭരണത്തിന് കീഴിലായതുകൊണ്ടല്ലേ ഞങ്ങളെ ഈ രീതിയിൽ അപമാനിക്കുന്നത്? ഈ പീഡനം അർത്ഥമാക്കുന്നത് ഞങ്ങൾ ആക്രമിക്കപ്പെടുന്നത് ഞങ്ങൾ അവരുടെ ഭരണത്തിന് കീഴിലാണ് എന്നതുകൊണ്ടല്ലേ?
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് എന്താണ് ചെയ്യുന്നത്? ഇപ്പോൾ എല്ലാ മണിപ്പൂരികളും ബിരേനൊപ്പം പോയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും വിടുതൽ നേടേണ്ട സമയമായിരിക്കുകയാണ്.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി നിശ്ശബ്ദനായിരിക്കുന്നത്? ഇന്ത്യൻ പാർലമെന്റിൽ ബിരേൻ നിശ്ശബ്ദനാകാൻ എന്താണ് കാരണം? വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മണിപ്പൂരിലെ ജനങ്ങളും ഈ ബില്ലിനെ എതിർക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ മൂകനായി ഇരിക്കുന്നത്? വനിതാ പൊലീസ് വന്ന് അറസ്റ്റ് ചെയ്തോട്ടെ. പക്ഷേ ഈ പുരുഷന്മാർ എന്തിനാണ് എന്നെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത്? ഇത്രയും പ്രായമായ ഒരു സ്ത്രീയെ?
മണിപ്പൂരിനോട് തീരെ ബഹുമാനമില്ലാത്തതിന്റെ അടയാളമല്ലേ ഇത്? നമ്മുടെ നാട് നിങ്ങൾക്ക് കീഴിലായതുകൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്? ഞാൻ ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് വളരെ സ്വാഭാവികമാണ്. ഇന്ന് ഞാൻ വളരെ അസ്വസ്ഥയാണ്.
അവരെന്നെ തള്ളുകയും കുത്തുകയും എന്റെ കുഞ്ഞുങ്ങളെ ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. എന്തിനാണ് അവരിത് ചെയ്യുന്നത്? നമ്മൾ എന്തിനാണ് സമരം ചെയ്യുന്നത് എന്ന് മനസ്സിലാക്കി, ഗൗരവത്തോടെ തിരിച്ചറിഞ്ഞ് നമ്മളെ സമാധാനിപ്പിക്കുകയല്ലേ അവർ ചെയ്യേണ്ടത്?”