സമരത്തിന് ഫലം കണ്ട് തുടങ്ങി, കിളിമാനൂർ തോപ്പിൽ കോളനിയിൽ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന ജലവിതരണം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ

By on

By Mrudula Bhavani

കിളിമാനൂർ തോപ്പിൽ ദളിത് കോളനിയിൽ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന കുടിവെള്ള വിതരണം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി. കഴിഞ്ഞ പന്ത്രണ്ട് വർഷമായി തോപ്പിൽ കോളനിക്കടുത്ത് പ്രവർത്തിക്കുന്ന, ഐഎസ്ആർഒ ഉദ്യോ​ഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ക്വാറി അടച്ചുപൂട്ടണമെന്നും കോളനിയിലേക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 711 ദിവസങ്ങളായി സെക്രട്ടേറിയേറ്റില്‍ സമരം ചെയ്യുന്ന ക്വാറി വിരുദ്ധ സമരമുന്നണിയുടെ കണ്‍വീനര്‍ സേതുവിന്റെ നേതൃത്വത്തിൽ നൂറ്റിയമ്പത് കോളനിനിവാസികൾ ഒപ്പിട്ട് നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഫെബ്രുവരി 15നകം കോളനിയിൽ കുടിവെള്ളമെത്തിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയത്.

സമരത്തിന് നേതൃത്വം നൽകിയ സേതുവിനെ പലതവണ അറസ്റ്റ് ചെയ്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ മാനസികനിലയിൽ തകരാറുണ്ടെന്ന് വരുത്തിത്തീർത്ത് സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയത് എന്ന് സേതു പറ‍ഞ്ഞിരുന്നു.

ക്വാറിയിൽ നിന്നും 20മീറ്ററോളം അകലത്തിൽ വീടുകളുണ്ട്. ക്വാറി ഇന്ന് നിൽക്കുന്ന പ്രദേശത്തെല്ലാം വീടുകളുണ്ടായിരുന്നു. അവരിൽ പലരും സ്ഥലം ഉപേക്ഷിച്ച് പോകുകയായിരുന്നു. പല വീടുകളിലേക്കും വലിയ പാറക്കല്ലുകൾ തെറിച്ച് വീഴുകയും കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്. എന്നാൽ ഇതേപ്പറ്റി പരാതിപ്പെട്ടാൽ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയും വ്യാജ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും വധഭീഷണി മുഴക്കുകയും സ്ത്രീകളെയടക്കം ക്വാറി മാഫിയ കയ്യേറ്റം ചെയ്യുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കുഞ്ഞുങ്ങളിൽ പലരും രോ​ഗബാധിതരാണ് എന്നാണ് ഇവിടെ കഴിയുന്നവർ പറയുന്നത്.
മഴക്കാലങ്ങളിൽ മാത്രമാണ് ഇവിടെ വെള്ളം കിട്ടുന്നത്. അല്ലാത്തപ്പോൾ പ്രദേശത്തുള്ള ഒന്നോ രണ്ടോ കിണറുകളിൽ നിന്ന് കിലോമീറ്ററുകളോളം നടന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്. കോളനിയിലേക്ക് കുടിവെള്ളം ഇല്ലെങ്കിലും ക്വാറിയിലേക്കുള്ള റോഡുകൾ ഈയടുത്തായി ടാർ ചെയ്ത് വൃത്തിയാക്കിയിരുന്നു. ജലവിതരണ പദ്ധതിക്കായി സ്ഥാപിച്ച ടാപ്പുകളും പെെപ് ലെെനുകളും ഏറെക്കുറെ തകർന്നിരിക്കുകയാണ്. പദ്ധതിയുടെ തുടക്കത്തിൽ നീരായി ക്ഷേത്രക്കുളത്തിലെ വെള്ളമായിരുന്നു കോളനിയിലേക്ക് വിതരണം ചെയ്തത്. പ്രതിഷേധങ്ങളുണ്ടായപ്പോൾ അത് അവസാനിപ്പിക്കുകയായിരുന്നു.


Read More Related Articles