ഭീമ കൊറേഗാവ് കേസ്; ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

By on

ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എംടി ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഭീമാ കൊറേഗാവ് എള്‍ഗാര്‍ പരിഷദ് കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണ് ഹനി ബാബുവിന്റേത്. ജൂലൈ 12ന് എന്‍ഐഎ ഹനി ബാബുവിന് മുംബൈയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നു. ജൂലൈ 23 മുതല്‍ ബോംബെയില്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹനി ബാബു ഹാജരായിരുന്നു. പൂനെ ശനിവാര്‍വാഡയില്‍ കബീര്‍ കലാമഞ്ച് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച എള്‍ഗാര്‍ പരിഷദില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും ഇത് അതിക്രമങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ വിവിധ ജാതികള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കി എന്നും കുറ്റമാരോപിച്ചാണ് പ്രൊഫസര്‍ ഹനി ബാബുവിനെ അറസ്റ്റ് ചെയ്തത് എന്ന് എന്‍ഐഎ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

യുഎപിഎ നിയമപ്രകാരം നിരോധിച്ച സംഘടനയായ സിപിഐ(മാവോയിസ്റ്റ്)ന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് എള്‍ഗാര്‍ പരിഷദ് സംഘാടകരുമായും ഹനി ബാബുവുമായും ബന്ധമുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തുടരന്വേഷണത്തില്‍ ഹനി ബാബു നക്‌സല്‍ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നു എന്ന് വ്യക്തമായതായും അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് കുറ്റാരോപിതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച സഹ ഗൂഢാലോചകനാണെന്നും എന്‍ഐഎ അവകാശപ്പെടുന്നു. ഹനി ബാബുവിനെ നാളെ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

“അറസ്റ്റ് ജാതി വ്യവസ്ഥയുടെ സജീവ വിമര്‍ശകനായതുകൊണ്ട്”

കേസില്‍ സാക്ഷി എന്ന നിലയിലുള്ള ചോദ്യം ചെയ്യലിനാണ് കുറ്റാരോപിതന്‍ എന്ന നിലയിലല്ല സമന്‍സ് ലഭിച്ചതോടെ ഹനി ബാബു മുംബൈയിലേക്ക് പോയത്. കംപ്യൂട്ടറിലെ ഒരു പ്രത്യേക ഫോള്‍ഡറിനെ കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നതായി ഹനി ബാബുവിന്റെ ഭാര്യ ജെന്നി റൊവീന ദ ക്വിന്റിനോട് പറഞ്ഞു. “ആ ഫോള്‍ഡറിലുള്ള ഏതെങ്കിലും വിവരങ്ങളുമായി യോജിക്കുവാന്‍ കഴിയുന്നില്ലെന്നു ഹനി ബാബു പറഞ്ഞു. ഒരാള്‍ക്കെതിരെ കുറ്റമാരോപിക്കാനുള്ള തെളിവുകള്‍ എങ്ങനെയാണ് അയാളുടെ ഫോള്‍ഡറില്‍ തന്നെ വരുന്നത്? സമാനമായ പാറ്റേണ്‍ മറ്റ് ആക്റ്റിവിസ്റ്റുകളുടെ കേസിലും കാണാം. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. അന്വേഷണം തെറ്റായ രീതിയിലാണ് നടക്കുന്നതെന്ന് കോടതികള്‍ക്ക് അറിയാം, പക്ഷേ അവരും ഈ കാര്യത്തില്‍ നടപടിയെടുക്കുന്നില്ല. മാവോയിസ്റ്റുകളുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. അവര്‍ ഹനി ബാബുവിന് പിന്നാലെ വരുന്നത് ജാതി വ്യവസ്ഥയുടെ സജീവ വിമര്‍ശകനായതുകൊണ്ടാണ്,” ജെന്നി റൊവീന പറഞ്ഞു.

പത്തുമാസങ്ങള്‍ക്ക് മുമ്പ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനെ പൊലീസ് നോയ്ഡയിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കൊണ്ടുപോയ ലാപ്‌ടോപില്‍ മാവോയിസ്റ്റുകളുമായി ആശയവിനിമയം നടത്തിയെന്നതിനുള്ള തെളിവുകള്‍ ഒരു ഹിഡന്‍ ഫോള്‍ഡറില്‍ സ്ഥാപിച്ച് എന്‍ഐഎ വാദം തെളിയിച്ച ശേഷമാണ് അറസ്റ്റ് എന്ന് ഹനി ബാബുവിന്റെ കുടുംബം പറയുന്നു.

“ഞാന്‍ ചെയ്തിരുന്ന വര്‍ക്കിന് ഇതുമായി വ്യക്തമായ ബന്ധമുണ്ട്, കാരണം അവര്‍ വെറുതേ ആളുകളെ ലക്ഷ്യമിടാറില്ല. വിവേചനം, സാമൂഹ്യനീതി, സംവരണം എന്നീ മേഖലകളിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പക്ഷേ അത് മാത്രം ഭരണകൂട ഏജന്‍സികളുടെ ശ്രദ്ധയോ ആക്രമണമോ ക്ഷണിച്ചുവരുത്തുകയില്ല. അതുകൊണ്ട് വ്യക്തമായ സന്ദേശം അവര്‍ ഇതിലൂടെ പുറത്തുവിടുന്നുണ്ട്, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ അതീവ ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്ന്. ഭീമ കൊറേഗാവ് എള്‍ഗാര്‍ പരിഷദ് യോഗം നടക്കുമ്പോള്‍ ഞാനീ ചിത്രത്തിലേയില്ല. അതിന്റെ തയ്യാറെടുപ്പിലോ അതിന് ശേഷമോ അതുമായി ബന്ധപ്പെട്ടിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലരുമായി എനിക്കുള്ള ബന്ധം ഡിഫന്‍സ് കമ്മിറ്റിയിലെ പ്രവര്‍ത്തനത്തിന്റെ പേരിലുള്ളതാണ്. സുരേന്ദ്ര ഗാഡ്‌ലിങിനെയും റോണ വില്‍സണെയും അറിയുമോ എന്ന് അവര്‍ ചോദിച്ചു. അറിയും എന്ന് ഞാന്‍ പറഞ്ഞു. അവരെ അറിയും എന്നത് തന്നെ ധാരാളമായിരുന്നു. ഞങ്ങളുടെ കയ്യില്‍ ചില രേഖകളുണ്ട്. നിങ്ങളുടെ ഡോക്യുമെന്റുകളുടെ റെക്കോര്‍ഡ് അതുമായി ചേരുന്നുണ്ടെങ്കില്‍ നിങ്ങളെ ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യേണ്ടിവരും,” അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹനി ബാബു കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ലാപ്‌ടോപും രേഖകളും രണ്ട് മാസത്തിന് ശേഷം തിരിച്ചുനല്‍കുമെന്ന് അവര്‍ പറഞ്ഞിരുന്നതായും അങ്ങനെയെങ്കില്‍ അതില്‍ അവര്‍ക്ക് ആവശ്യമായ തെളിവുകള്‍ സ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ഭയമുണ്ടെന്നും ഹനി ബാബു പറഞ്ഞിരുന്നു.

അക്കാദമിക് എഴുത്തുകളും ഡ്രാഫ്റ്റുകളും നശിപ്പിച്ചു

ലാപ്‌ടോപ് പിടിച്ചെടുത്തത് തന്റെ ജോലിയെ സാരമായി ബാധിച്ചിരുന്നു എന്ന് ജൂലൈ 14ന് ഇന്ത്യന്‍ എക്‌സ്പ്രസ് എഡക്‌സ് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഹനി ബാബു പറയുന്നു, “ഏകദേശം എന്റെ എല്ലാ അക്കാദമിക് എഴുത്തുകളും അവര്‍ പിടിച്ചെടുത്തിരുന്നു. എന്റെ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും അവര്‍ എന്നെ പുറത്താക്കിയതോടെ എനിക്ക് എന്റെ എല്ലാ ഡാറ്റയും വര്‍ക്കുകളും നഷ്ടമായി. എന്റെ കയ്യില്‍ ഒന്നും ബാക്കിയില്ലാതായി. അതെല്ലാം തിരിച്ചുകിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പകരം അവര്‍ വീണ്ടും എനിക്ക് സമന്‍സ് നല്‍കിയിരിക്കുകയാണ്. വര്‍ക്ക് ഷീറ്റുകളും മറ്റ് മെറ്റീരിയലുകളും കോഴ്‌സ് റൈറ്റ് അപ്പുകളും റെഫറന്‍സ് ലിസ്റ്റുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടത് അധ്യാപനത്തെ തന്നെ ബാധിച്ചു.

അതില്‍ ചിലതെല്ലാം എന്റെ പഴയ വിദ്യാര്‍ത്ഥികള്‍ അയച്ചുതന്നു. പ്രസിദ്ധീകരിച്ച ലേഖനങ്ങളും അതുപോലെ എന്റെ കയ്യിലുണ്ട് പക്ഷേ എനിക്ക് നിരവധി ഡ്രാഫ്റ്റുകള്‍ നഷ്ടമായി. തിരക്കുള്ള സമയങ്ങളില്‍ എഴുതിവെച്ച് പിന്നീട് പൂര്‍ത്തിയാക്കാമെന്ന ധാരണയില്‍ ഞാന്‍ ഡ്രാഫ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു അവ എനിക്ക് വലിയ നഷ്ടമാണ്. സ്റ്റാഫ് റൂമില്‍ മറ്റെല്ലാവരും അവരുടെ വര്‍ക്കിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ എല്ലാം നഷ്ടപ്പെട്ട് ഇരിക്കുമായിരുന്നു. എല്ലാം പതുക്കെ തിരിച്ചുപിടിക്കുകയായിരുന്ന സമയത്താണ് അവര്‍ വീണ്ടും വന്നത്.
പലരും ഇത്തരത്തില്‍ പിടിച്ചെടുക്കപ്പെട്ട ഡിവൈസുകള്‍ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൂനെ കോടതിയെ സമീപിച്ചു, അവര്‍ക്ക് തിരിച്ചുകിട്ടിയ പെന്‍ഡ്രൈവുകളോ ഹാര്‍ഡ് ഡ്രൈവുകളോ തുറക്കാന്‍ പറ്റാത്ത എന്‍ക്രിപ്റ്റ് ചെയ്ത നിലയിലായിരുന്നു.” മഹാരാഷ്ട്രയില്‍ അല്ലാത്തതിനാല്‍ അതിനായുള്ള ശ്രമവും നിര്‍ത്തിയിരുന്നു എന്നും ഹനി ബാബു പറയുന്നു.

കോവിഡ് കാലത്ത് കണ്ടെയ്ന്‍മെന്റ് സോണുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ഒരു വ്യക്തിയോട് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയത് അവരുടെ ക്രൂരതയാണ് എന്നും ഹനി ബാബു പറഞ്ഞിരുന്നു.

2019 സെപ്തംബറില്‍ പൂനെ പൊലീസ് നടത്തിയ ഹനിയുടെയും ജെന്നിയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബ ഡിഫന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുസ്തകങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ നയങ്ങളും സംവരണ സംരക്ഷണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ജിഎന്‍ സായിബാബയും ഹനി ബാബുവും സഹപ്രവര്‍ത്തകരായിരുന്നു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഫോര്‍ ദ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

ഏപ്രിലില്‍ ദളിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെയെയും കശ്മീര്‍ പ്രശ്‌നത്തെ കുറിച്ച് വര്‍ഷങ്ങളായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഏറ്റവും പ്രായമേറിയ കുറ്റാരോപിതനായ തെലങ്കാന സ്വദേശി കവി വരവര റാവു കോവിഡ് ബാധിതനായിരുന്നു.


Read More Related Articles